Header Ads Widget

പാമ്പ് പരുന്ത്

Short-toed Eagle
ശാസ്ത്രീയനാമം : Cir­cae­tus gal­li­cus
കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരിനം പരുന്താണ് പാമ്പ് പരുന്ത്. ഈ പരുന്ത് ഏറെക്കുറെ ചക്കിപ്പരുന്തിനോട് സാമ്യമുള്ള പക്ഷിയാണ്. ഇതിന്റെ ദേഹമാകെ തവിട്ട് നിറവും വിളറിയ തവിട്ട് നിറവും കൂടെ ചേര്‍ന്നതാണ്. അടിഭാഗത്ത് മങ്ങിയ വെള്ള നിറത്തില്‍ ധാരാളം വരകളും കുറുകെ മങ്ങിയ തവിട്ട് നിറത്തിലുള്ള ചെറിയ ചെറിയ പട്ടകളും കാണപ്പെടുന്നു. ഗുദ ഭാഗത്തും വാലിന്റെ അടിഭാഗത്തും വിളറിയ വെള്ള നിറമായിരിക്കും. കൊക്കിന്റെ അടിഭാഗത്ത് നേരിയ കറുത്ത വരകളും ഇത് കഴുത്തിലേക്ക് വരുമ്പോള്‍ നീളം കൂടിയ വരകളാവുകയും നെഞ്ചിലോട്ട് വ്യാപിച്ച് കൂടുതല്‍ വ്യക്തവുമാകുന്നു. വയറിലേക്ക് വരുമ്പോള്‍ വരകള്‍ മാറി പട്ടകളാകുന്നു. അല്‍പം താഴേക്ക് വളഞ്ഞ് കൂര്‍ത്ത മേല്‍കൊക്കും തീക്ഷ്ണമായ മഞ്ഞ കണ്ണുകളും ഇവയുടെ പ്രത്യേകതകളാണ്.

നേരിയ മഞ്ഞനിറത്തിലുള്ള കാലുകളില്‍ കൂര്‍ത്ത് നീണ്ട് കറുത്ത നഖവും കാണപ്പെടുന്നു. പറക്കുന്ന വേളയില്‍ ചിറകിന്റെ അടിഭാഗത്ത് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കറുത്ത അവ്യക്തമായ പട്ടകള്‍ കാണാം. ഇവയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ആഹാരം പേരുപോലെതന്നെ പാമ്പുകളാണ്. സാമാന്യം വലിയ പാമ്പുകളെപ്പോലും നിഷ്പ്രയാസം ഇവ റാഞ്ചിയെടുത്ത് ഭക്ഷണമാക്കും. പാമ്പുകള്‍ക്ക് പുറമെ പല്ലി, ഓന്ത്, പ്രാണികള്‍ തുടങ്ങി ചെറിയ സസ്തനികളെയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. വളരെ ശാന്തസ്വഭാവക്കാരാണ് പാമ്പ് പരുന്തുകള്‍. അനുയോജ്യമായ സ്ഥലത്ത് ചുള്ളിക്കമ്പുകളും പാഴ്‌വസ്തുക്കളും നാരുകളും നിരത്തി ഒരു തട്ടുപോലെയാക്കി വ്യക്തമായ ഒരാകൃതിയില്ലാതെയാകും കൂടൊരുക്കുന്നത്. സാധാരണ വിളറിയ ദീര്‍ഘവൃത്താകൃതിയിലുളള ഒരു മുട്ടയാണ് ഉണ്ടാകുന്നത്. കൃഷ്ണപ്പരുന്തിനോട് സാമ്യമുള്ള ഒരു ശബ്ദം ഇവ ഇടയ്ക്കിടെ പുറപ്പെടുവിക്കാറുണ്ട്.

Post a Comment

0 Comments