ലോക പുസ്തക ദിനം / ലോക പുസ്തക പകർപ്പവകാശ ദിനം (World Books & Copy Right Day)

Share it:
ഏപ്രില്‍ 23 ലോകപുസ്തകദിനം. പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശനിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്‌കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.


എല്ലാ വര്‍ഷവും ഏപ്രില്‍ 23 ലോക പുസ്തക ദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്‌സ്പിയര്‍, മിഗ്വേല്‍ ഡേ സര്‍വെന്‍ടീസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ 1995 ലെ യുനെസ്‌കോ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്‌കോ സമ്മേളനം ആഹ്വാനം ചെയ്തു. ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴുള്ളത്.

ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. നമ്മുടെ വായനശാലകള്‍ പോലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഈ അവസത്തില്‍ എടുത്തു പറയേണ്ടതാണ്.

പുസ്തകങ്ങള്‍ക്ക് മറ്റൊന്നിനുമില്ലാത്ത ചില പ്രത്യേകതകളുണ്ട്. അവ മനുഷ്യരെ ഒരുമിപ്പിക്കുന്നു. ലോകസംസ്‌കാരത്തെ വ്യാപനംചെയ്യുന്നത് അവയിലൂടെയാണ്. മനുഷ്യടെ സ്വപ്നങ്ങളെ ഭാവികാലത്തിനുപകാരപ്പെടാന്‍ പാകത്തില്‍ വിതരണം ചെയ്യുന്നത് വായനയിലൂടെയാണ്. ഗ്രന്ഥങ്ങള്‍ക്കുള്ള ഇത്തരം കഴിവുകള്‍ പുസ്തകദിനത്തില്‍ അംഗീകരിക്കപ്പെടുന്നു.

ജൂണ്‍ 19ന് ആരംഭിക്കുന്ന വായനാവാരത്തിലെ പോലെ ഗ്രന്ഥപാരായണ ശീലമുണ്ടാക്കാനുള്ള പരിപാടികളാണ് പുസ്തകദിനത്തിലുമുള്ളത്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന എഴുത്തുകാരെ ബഹുമാനിക്കുന്നത് ഈ ദിനാചരണത്തിന്റെ ഭാഗമായാണ്.
 

ഏപ്രില്‍ 23 പുസ്തകദിനമായതിനു ചില കാരണങ്ങളുണ്ട്…
സ്‌പെയിന്‍കാര്‍ ഏപ്രില്‍ 23 റോസാപ്പൂദിനമായി ആചരിച്ചിരുന്നു. പുസ്തകങ്ങള്‍ കൈമാറിയാണവര്‍ അന്നത്തെ ദിവസം സ്‌നേഹബഹുമാനങ്ങള്‍ പകുത്തിരുന്നത്. 1616 ഏപ്രില്‍ 23ന് വിഖ്യാത സ്പാനിഷ് എഴുത്തുകാരന്‍ മിഗ്വല്‍ഡി സെര്‍വാന്റസിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം അവര്‍ റോസാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറാന്‍ തുടങ്ങി. പുസ്തകങ്ങള്‍ ശേഖരിക്കുന്നതും കൈമാറുന്നതും ഉയര്‍ന്ന സാംസ്‌കാരികതയുടെയും സഹിഷ്ണുതയുടെയും ലക്ഷണമാണ്.

സ്‌പെയിന്‍കാരുടെ പുസ്തകപ്രേമത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് യുനെസ്‌കോ പുസ്തകദിനാചരണത്തിന് തുടക്കമിട്ടത്. 1616 ഏപ്രില്‍ 23നാണ് ഷേക്‌സ്പിയര്‍ മരിച്ചത്. മറ്റൊരു ഏപ്രില്‍ 23നാണ് അദ്ദേഹം ജനിച്ചതെന്നും കരുതുന്നു. അതും ഈ ദിവസത്തെ പ്രിയപ്പെട്ടതാക്കുന്നു.

വായനയ്ക്കു പുറമേ പുസ്തകങ്ങളുടെ, ലഭ്യത, പുസ്തകപ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍, ലൈബ്രറികള്‍, പുസ്തകക്കടകള്‍ എന്നിവകളോട് കാണിക്കേണ്ട പരിഗണനയുടെ ആവശ്യകതയെക്കുറിച്ചും ലോക പുസ്തകദിനം നമ്മളെ ഓര്‍മിപ്പിക്കുന്നു..

Share it:

Days to Celebrate

Post A Comment:

0 comments: