Header Ads Widget

സുകുമാര്‍ സെന്നിനെ ആരോര്‍ക്കുന്നു?

സുകുമാര്‍ സെന്നിനെ ആരോര്‍ക്കുന്നു?

രാജേന്ദ്രന്‍ 
ഇന്ത്യന്‍ ജനാധിപത്യത്തെ ലോകത്തിന്റെ എട്ടാമത്തെ അത്ഭുതമാക്കി വളര്‍ത്തുന്നതിന് അടിത്തറയിട്ട സുകുമാര്‍ സെന്‍ എന്ന ആദ്യ ഇലക്ഷന്‍ കമ്മീഷണര്‍ ഇന്നും അജ്ഞാതനാണ്. 
അന്നും അദ്ദേഹത്തിന്റെ പേര് പത്രങ്ങളില്‍ ഉണ്ടാകാറില്ലായിരുന്നു. ടി.വി.ക്യാമറക്കാരുടെ വെള്ളിവെളിച്ചവും അന്നില്ല




ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പിനെ ലോകം ഇന്നും അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. അപ്പോള്‍ അറുപതോളം വര്‍ഷം മുമ്പ് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്നപ്പോഴത്തെ അവസ്ഥ എന്തായിരിക്കും? അക്ഷരാഭ്യാസമില്ലാത്തവര്‍ ഉള്‍പ്പെടെയുള്ള പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കി ലോക്‌സഭയിലേക്കും ഇരുപത്താറ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്ന പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രഖ്യാപനം, ഒരിക്കലും നടക്കാത്ത മറ്റൊരു നെഹ്‌റുവിയന്‍ സ്വപ്നമായാണ് മിക്കവര്‍ക്കും തോന്നിയത്. 

ഉയര്‍ന്നുവന്നത് എണ്ണിയാല്‍തീരാത്ത വിഷമമേറിയ ചോദ്യങ്ങളാണ്. മുമ്പാരും ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍. എല്ലാറ്റിനും ഉത്തരം കണ്ടെത്താന്‍ പ്രധാനമന്ത്രി നിയോഗിച്ചത് ഒരു ഐ.സി.എസ്. ഉദ്യോഗസ്ഥനെ- സുകുമാര്‍ സെന്‍. പില്‍ക്കാലത്തെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍മാരില്‍ ചിലര്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാന്‍മാത്രം പ്രശസ്തരായെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തെ ലോകത്തിന്റെ എട്ടാമത്തെ അത്ഭുതമാക്കി വളര്‍ത്തുന്നതിന് അടിത്തറയിട്ട സുകുമാര്‍ സെന്‍ എന്ന ആദ്യ ഇലക്ഷന്‍ കമ്മീഷണര്‍ ഇന്നും അജ്ഞാതനാണ്. അന്നും അദ്ദേഹത്തിന്റെ പേര് പത്രങ്ങളില്‍ ഉണ്ടാകാറില്ലായിരുന്നു. ടി.വി.ക്യാമറക്കാരുടെ വെള്ളിവെളിച്ചവും അന്നില്ല.

1950 ജനവരിയില്‍ രാജ്യത്തിന്റെ ഭരണഘടന നിലവില്‍വന്നു. പ.ബംഗാളില്‍ ചീഫ് സെക്രട്ടറിയായിരുന്ന സുകുമാര്‍ സെന്‍ മാര്‍ച്ചിലാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണറായി നിയമിതനാകുന്നത്. ഏപ്രിലില്‍ പാര്‍ലമെന്റ് ജനപ്രാതിനിധ്യനിയമം പാസ്സാക്കി. 21 വയസ്സുള്ള എല്ലാവര്‍ക്കും വോട്ട്. മൊത്തം 17.6 കോടി വോട്ടര്‍മാര്‍. ഉടനെ ആദ്യപൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോഴാണ് അതിന്റെ അതിഭീമന്‍ ബാധ്യതയെക്കുറിച്ച് സകലരും ഓര്‍ത്തത്. ലോകത്തൊരു രാജ്യവും അതിന് മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത വെല്ലുവിളി. നിശ്ശബ്ദനായി സുകുമാര്‍ സെന്‍ പണിതുടങ്ങി.

1899 ല്‍ ബംഗാളില്‍ ജനിച്ച് കല്‍ക്കത്ത പ്രസിഡന്‍സി കോേളജിലും യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലും പഠിച്ച് 1921 ല്‍ ഐ.സി.എസ്. നേടിയ സെന്നിന് ഗണിതശാസ്ത്രത്തിലായിരുന്നു കണ്ണും മനസ്സും. 1958 വരെ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി തുടര്‍ന്നതുകൊണ്ട് ഒന്നും രണ്ടും പൊതുതിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കാനായി. അതുകൊണ്ടുതന്നെ നമ്മുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ തറക്കല്ലുകള്‍ സ്ഥാപിക്കുക മാത്രമല്ല മേല്‍ക്കൂര വരെ പണിതത് സെന്‍ ആയിരുന്നു. സെന്‍ ഓര്‍മക്കുറിപ്പുകള്‍ ഒന്നും എഴുതിയില്ല. അദ്ദേഹത്തെക്കുറിച്ച് കാര്യമായ രേഖകള്‍ പോലും ലഭ്യമല്ലെന്ന് ചരിത്രകാരനായ രാമചന്ദ്രഗുഹ എഴുതുകയുണ്ടായി. പ്രശസ്ത ബാരിസ്റ്ററും കേന്ദ്രനിയമമന്ത്രിയുമായിരുന്ന എ.കെ. സെന്നിന്റെ സഹോദരന്‍ എന്നതായിരുന്നു അക്കാലത്ത് സുകുമാര്‍ സെന്നിന്റെ പ്രശസ്തി.

മനുഷ്യചരിത്രത്തിലെ ഏറ്റവുംവലിയ ജനാധിപത്യപരീക്ഷണം ആണിതെന്ന് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് സുകുമാര്‍ സെന്‍ നിരീക്ഷിക്കുകയുണ്ടായി.ഒരുപാട് ആളുകള്‍ തികഞ്ഞ വിഡ്ഢിത്തമാണിതെന്ന് പരിഹസിച്ചു. ചരിത്രത്തിലെ വലിയ ചൂതുകളിയാണെന്ന് പ്രശസ്ത പത്രാധിപര്‍ സി.ആര്‍.ശ്രീനിവാസന്‍ വിമര്‍ശിച്ചു. തന്റെ അബദ്ധം നെഹ്‌റുവിന് തന്റെ ജീവിതകാലത്തുതന്നെ ബോധ്യപ്പെടുമെന്ന് ആര്‍. എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍ എഴുതിയതായി ചരിത്രകാരന്‍ രാമചന്ദ്രഗുഹ ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനങ്ങളെയും പരിഹാസത്തെയും നെഹ്‌റു ഒട്ടും വകവെച്ചില്ല. 

85 ശതമാനം വരുന്ന നിരക്ഷരര്‍ എങ്ങനെ സ്ഥാനാര്‍ഥികളെയും പാര്‍ട്ടിയെയും തിരിച്ചറിയും? സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കുക എന്ന ആശയം ആ പ്രതിസന്ധിയില്‍നിന്നാണ് ഉയര്‍ന്നുവന്നത്. ഓരോ പാര്‍ട്ടിക്കും വ്യത്യസ്തചിഹ്നങ്ങള്‍ അനുവദിക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്‍േറത് നുകംവെച്ച കാളകളായിരുന്നു. കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റ്പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായി. രണ്ടുകാളയും കലപ്പയുമായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. കലപ്പ സോഷ്യലിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. ഒടുവില്‍ ചര്‍ച്ചയ്ക്ക് ശേഷം അവര്‍ കലപ്പ ഉപേക്ഷിച്ച് വൃക്ഷം സ്വീകരിച്ചു. സി.പി.ഐ. ചിഹ്നം അന്നും ഇന്നും അരിവാളോടുകൂടിയ ധാന്യക്കതിര്‍ .

ഒരാള്‍ ഒന്നിലേറെത്തവണ വോട്ട് ചെയ്യുന്നത് തടയാന്‍ എന്തുവഴി? വോട്ട് ചെയ്യുന്ന എല്ലാവരുടെയും വിരലില്‍ അടയാളം കുത്തുക, അതിന് മായാത്ത മഷി ഉണ്ടാക്കുക. അത്തരമൊരു ആശയം അക്കാലം വരെ ഒരു രാജ്യത്തും നടപ്പാക്കിയിരുന്നില്ല. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ആ വെല്ലുവിളി വിജയകരമായി നേരിട്ടു. ഒരുപാട് ആഫ്‌റോ-ഏഷ്യന്‍ നാടുകളിലേക്ക് ആ കണ്ടുപിടിത്തം പില്‍ക്കാലത്ത് പടര്‍ന്നിട്ടുണ്ട്.

മൊത്തം 4500 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. അതിനായി 2,24,000 ബൂത്തുകള്‍... 20 ലക്ഷം സ്റ്റീല്‍ ബാലറ്റ് പെട്ടികള്‍... ബാലറ്റ് പേപ്പര്‍ അച്ചടിക്കാന്‍ മൂന്നേമുക്കാല്‍ ലക്ഷം റീം പേപ്പര്‍... മൊട്ടുസൂചി വരെ എല്ലാറ്റിന്റെയും കണക്കുകള്‍ ഗണിതശാസ്ത്രജ്ഞന്റെ കൃത്യതയോടെ സുകുമാര്‍ സെന്നും സഹപ്രവര്‍ത്തകരും തയ്യാറാക്കിയതുകൊണ്ട് പില്‍ക്കാലതിരഞ്ഞെടുപ്പുകളില്‍ എല്ലാം എളുപ്പമായി. ആദ്യതിരഞ്ഞെടുപ്പില്‍ ഓരോരോ സ്ഥാനാര്‍ഥിക്കും വെവ്വേറെ ബാലറ്റുപെട്ടിയാണ് ഉണ്ടായിരുന്നത്. പിന്നീടാണ് ബാലറ്റ്‌പേപ്പറില്‍ സീല്‍കുത്തി ഒരേ പെട്ടിയില്‍ നിക്ഷേപിക്കുന്ന സമ്പ്രദായം വന്നത്. ബാലറ്റ് ബോക്‌സ് ഇന്ന് തീര്‍ത്തും അപ്രത്യക്ഷമായിട്ടുണ്ട്. 

അന്ന് അഭിമുഖീകരിച്ച പല പ്രശ്‌നങ്ങളും ഇന്ന് കേട്ടാല്‍ തമാശയായിത്തോന്നും. വോട്ടേഴ്‌സ് ലിസ്റ്റില്‍ ഭാര്യമാര്‍ അവരുടെ പേര് ചേര്‍ക്കാന്‍ വിസമ്മതിച്ചത് അത്തരത്തില്‍ പെട്ട ഒരു പ്രശ്‌നമായിരുന്നു. പേര് കൊടുക്കരുത്, ഇന്നയാളുടെ ഭാര്യ എന്നേ ചേര്‍ക്കാവൂ എന്ന് 28 ലക്ഷം സ്ത്രീകള്‍ വാശിപിടിച്ചു. അവരുടെ പേരുകള്‍ മുഴുവന്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് മാറ്റാന്‍ ഇലക്ഷന്‍ കമ്മീഷണര്‍ സുകുമാര്‍ സെന്നിന് ഉത്തരവ് നല്‍കേണ്ടിവന്നു. 

സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി പണമെത്ര എന്നതുസംബന്ധിച്ച് അന്നേ ഉണ്ട് വ്യവസ്ഥ. പതിനഞ്ചായിരം രൂപയാണ് ലോക് സഭാസീറ്റിലെ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്നത്. വോട്ടര്‍മാര്‍ രണ്ടുലക്ഷത്തിലേറെയുണ്ടെങ്കില്‍ 25000 രൂപയും നാലുലക്ഷത്തിലേറെയുണ്ടെങ്കില്‍ 35000 രൂപയും ചെലവാക്കാം. പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ നീക്കിവെച്ചത് പത്ത് കോടിരൂപയാണ് (2009 ലെ തിരഞ്ഞെടുപ്പിന് നീക്കിവെച്ചത് പതിനായിരം കോടിയും!)

ആദ്യ ലോക് സഭാതിരഞ്ഞെടുപ്പുകാലത്ത് ലോക് സഭ എന്ന പദപ്രയോഗംതന്നെ മലയാളത്തില്‍ ഉണ്ടായിരുന്നില്ല. അര്‍ഥം ഒന്നുതന്നെയാണെങ്കിലും അന്ന് പത്രങ്ങള്‍ ഉപയോഗിച്ചിരുന്നത് ജനസഭ എന്നായിരുന്നു. പിന്നീടെപ്പോഴോ ആണ് മലയാളം കളഞ്ഞ് ഹിന്ദിയാക്കിയത്.
1951 ല്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് അതികായന്മാരുടെ ഏറ്റുമുട്ടലായിരുന്നു. കോണ്‍ഗ്രസ് പക്ഷത്ത് അത് പണ്ഡിറ്റ് നെഹ്‌റുവിന്റെ ഒറ്റയാന്‍ നേതൃത്വം. ഒമ്പതാഴ്ച കൊണ്ട് നെഹ്‌റു 25000 മൈല്‍ സഞ്ചരിച്ചു. അതില്‍ 18000 മൈല്‍ വിമാനത്തിലും ബാക്കി കരയിലും. നെഹ്‌റുവോളം തലയെടുപ്പുള്ള ആചാര്യ ജെ.ബി. കൃപലാനി കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയെയും ജയപ്രകാശ് നാരായണന്‍, അശോക് മേത്ത എന്നിവര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും നയിച്ചു. അടുത്തിടെ മാത്രം രൂപംകൊണ്ട ഭാരതീയ ജനസംഘത്തെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിറങ്ങിവന്ന ശ്യാം പ്രസാദ് മുഖര്‍ജി നയിച്ചു.

നാലോ അഞ്ചോ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തി ഒറ്റ ദിവസം വോട്ടെണ്ണി വൈകുന്നേരത്തിന് മുമ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കുന്ന ഇന്നത്തെ രീതിയുമായി താരതമ്യപ്പെടുത്താനാകാത്തവിധം സങ്കീര്‍ണമായിരുന്നു അന്നത്തെ വോട്ടെടുപ്പും വോട്ടെണ്ണലും. ഒരു വശത്ത് ഫലപ്രഖ്യാപനം നടക്കുമ്പോള്‍ മറ്റൊരിടത്ത് വോട്ടെടുപ്പ് നടക്കുന്നുണ്ടായിരുന്നു. മൂന്നുമാസത്തോളമെടുത്തു വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ലോക്‌സഭയിലെ അവസാനകക്ഷിനില അറിയാന്‍. കേരളത്തിലെ ഒരു മണ്ഡലം ആദ്യ തിരഞ്ഞെടുപ്പില്‍ ഒരു കാര്യത്തില്‍ സ്ഥാനം നേടി. ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് കോട്ടയം മണ്ഡലത്തിലായിരുന്നു. 80.9 ശതമാനം. അന്ന് കേരളം ഉണ്ടായിരുന്നില്ല എന്നുമാത്രം! 
പ്രതിപക്ഷത്ത് പ്രഗത്ഭര്‍ ഏറെ ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് വന്‍ജയമാണ് നേടിയത്. 489 സീറ്റില്‍ കോണ്‍ഗ്രസ് 328 നേടി. രണ്ടാം സ്ഥാനം സ്വതന്ത്രന്മാര്‍ക്കായിരുന്നു - 34 സീറ്റ്. സോഷ്യലിസ്റ്റ് പാര്‍ട്ടി പന്ത്രണ്ടും കൃപലാനിയുടെ പാര്‍ട്ടി പത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി 27 ഉം ജനസംഘം മൂന്നും സീറ്റുമാണ് നേടിയത്. 

ഇത്തവണ ആദ്യമായി വോട്ട് ചെയ്യുന്ന പുതിയ വോട്ടര്‍മാര്‍ ഓര്‍ക്കാനിടയില്ലാത്ത ഒരു കാര്യമുണ്ട്. വോട്ടിങ് പ്രായം 21 ല്‍ നിന്ന് 18 ആയി കുറച്ചിട്ട് 21 വര്‍ഷം പിന്നിട്ടിരിക്കുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി 1988 ലാണ് ആ നടപടി സ്വീകരിച്ചത്.


കടപ്പാട്:മാത്രുഭൂമി ജനവിധി 2009

Post a Comment

0 Comments