അടിയല്ല, അച്ചടി!

Share it:
മനുഷ്യപുരോഗതിയില്‍ വമ്പന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് അച്ചടി. അച്ചടിയുടെ ചരിത്രത്തിലെ രസകരമായ ചില വിവരങ്ങള്‍ ഇതാ:


ഒരു ദിവസം ക്ലാസില്‍ പുസ്തകമില്ലാതെ ചെന്നാലോ? വഴക്ക് കിട്ടുമെന്ന് ഉറപ്പാണ് അല്ലേ? പക്ഷേ, പണ്ടായിരുന്നെങ്കില്‍ പുസ്തകമില്ലാതെ കൂളായി പഠിക്കാന്‍ പോകാമായിരുന്നു. കാരണം, അക്കാലത്ത് പുസ്തകങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല! ആകെയുണ്ടായിരുന്നത് താളിയോലയില്‍ എഴുതിയ ഗ്രന്ഥങ്ങളായിരുന്നു. അവയാകട്ടെ എണ്ണത്തില്‍ വളരെ കുറവും! പക്ഷേ, പണ്ടത്തെ ആളുകള്‍ ഉള്ള ഗ്രന്ഥങ്ങള്‍ വെച്ച് 'ശടേ'ന്ന് കാര്യങ്ങളെല്ലാം മനഃപാഠമാക്കുമായിരുന്നു. രാമായണം മഹാഭാരതം തുടങ്ങിയ വലിയ ഗ്രന്ഥങ്ങള്‍പോലും മുഴുവന്‍ മനഃപാഠമാക്കിയവരുണ്ടായിരുന്നു പണ്ട്!

എന്നാല്‍ അച്ചടിയുടെ വരവോടെ വിജ്ഞാനത്തിനും വിനോദത്തിനുമൊക്കെ ലോകമെമ്പാടുമുള്ള ആളുകള്‍ പുസ്തകങ്ങളെ ആശ്രയിച്ചു തുടങ്ങി. അച്ചടിയുടെ കണ്ടുപിടിത്തം ലോകത്ത് എല്ലാ മേഖലകളിലും വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. ഒരേ കാര്യംതന്നെ ഒന്നിലധികം തവണ രേഖപ്പെടുത്തുന്നതിനുള്ള എളുപ്പ വഴിയായിരുന്നു അച്ചടി. ചൈനക്കാരാണ് ഇതിനുള്ള സൂത്രവിദ്യ ആദ്യമായി വികസിപ്പിച്ചത്. ഇതിനായി അവര്‍ രേഖപ്പെടുത്തേണ്ട വിവരങ്ങള്‍ ഒരു മരത്തടിയില്‍ കൊത്തിയുണ്ടാക്കി. എന്നിട്ട് അതില്‍ മഷി പുരട്ടി തുകലിലും കടലാസിലുമൊക്കെ പതിപ്പിച്ചു. ഇപ്പോള്‍ നമ്മള്‍ 'സീല്‍' അടിക്കുന്നതുപോലെയുള്ള ഒരു വിദ്യയായിരുന്നു ഇത്. പക്ഷേ, ഈ സൂത്രം ഉപയോഗിച്ച് ഗ്രന്ഥങ്ങളും മറ്റും തയ്യാറാക്കാന്‍ കഴിയുമായിരുന്നില്ല. തന്നെയുമല്ല, ഓരോ വിവരം രേഖപ്പെടുത്തുന്നതിനും പ്രത്യേകം പ്രത്യേകം അച്ചുകള്‍ കൊത്തിയുണ്ടാക്കുകയും വേണമായിരുന്നു.

അങ്ങനെയിരിക്കെയാണ് ജര്‍മന്‍കാരനായ യോഹന്‍ ഗുട്ടന്‍ ബര്‍ഗ് അച്ചടി രംഗത്ത് പുതിയൊരു സൂത്രം അവതരിപ്പിച്ചത്. ഇളക്കി മാറ്റാന്‍ കഴിയുന്ന അച്ചുകളായിരുന്നു ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിയുടെ 'ഗുട്ടന്‍സ്'. ഗുട്ടന്‍ബര്‍ഗ് ഓരോ അക്ഷരവും പ്രത്യേകമായി ഉണ്ടാക്കിയെടുത്തു. ഈ അക്ഷരങ്ങള്‍ ആവശ്യംപോലെ ചേര്‍ത്തുവെച്ച് അച്ചടിക്കുന്നതിനായി തടികൊണ്ട് ഒരു അച്ചടിയന്ത്രവും ഉണ്ടാക്കി. അതോടെ ഒരേ അച്ചുകള്‍ ഉപയോഗിച്ച് ഒത്തിരിക്കാര്യങ്ങള്‍ അച്ചടിക്കാമെന്നായി. ഈ കണ്ടുപിടിത്തത്തോടെ അച്ചടി ഒരു സൂപ്പര്‍ സ്റ്റാറായി. യോഹന്‍ ഗുട്ടന്‍ ബര്‍ഗ് 'അച്ചടിയുടെ പിതാവ്' എന്ന് അറിയപ്പെടുകയും ചെയ്തു.

1456-ല്‍ ഗുട്ടന്‍ബര്‍ഗ് പുതിയ അച്ചടിയന്ത്രത്തില്‍ ഒരു പുസ്തകം അച്ചടിച്ചു. രണ്ടോ മൂന്നോ പേജുള്ള ചെറിയ പുസ്തകമൊന്നുമായിരുന്നില്ല അത്. 1282 പേജുകളുള്ള വമ്പനൊരു പുസ്തകം! ഏതായിരുന്നു ആ പുസ്തകമെന്നോ? പുണ്യഗ്രന്ഥമായ ബൈബിള്‍തന്നെ!
എന്നാല്‍ ഗുട്ടന്‍ബര്‍ഗിനു മുന്‍പുതന്നെ ചിലര്‍ ഒറ്റയൊറ്റ അച്ചുകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ പകുതിയില്‍ പി ഷെങ് എന്ന ചൈനക്കാരന്‍ കളിമണ്ണില്‍ ഉണ്ടാക്കിയ അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് അതില്‍ മഷി പുരട്ടി 'അച്ചടിച്ചു'വത്രെ! ഗുട്ടന്‍ബര്‍ഗിനു മുന്‍പുതന്നെ ഹോളണ്ടുകാരനായ ലോറന്‍സ് ജാന്‍സൂണ്‍ കോസ്റ്റര്‍ ഒറ്റയൊറ്റ അച്ചുകള്‍ ഉപയോഗിച്ചുള്ള അച്ചടിവിദ്യ കണ്ടെത്തിയിരുന്നു എന്നും ഒരു വാദമുണ്ട്.

ഗുട്ടന്‍ബര്‍ഗിന്റേതുപോലെ യഥാര്‍ഥ അച്ചടിയല്ലെങ്കിലും മുദ്രണം ചെയ്യപ്പെട്ട മറ്റു ചില രേഖകളും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ജപ്പാനിലെ ചക്രവര്‍ത്തിയായിരുന്ന ഷോട്ടോകു എ.ഡി. 770-ല്‍ പുറപ്പെടുവിച്ച കല്പനയില്‍ ഒരു ബുദ്ധമന്ത്രം മുദ്രണം ചെയ്തിട്ടുണ്ട്. കണ്ടുകിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള മുദ്രിതരേഖ ഇതാണ്. മുദ്രിതഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളതായി കണക്കാക്കുന്നത് 'വജ്രസൂത്രം' എന്ന കൃതിയാണ്. ആറു താളുകളിലായി മുദ്രണം ചെയ്തിരിക്കുന്ന ഈ കൃതിയില്‍ ഒരു ചിത്രവുമുണ്ട്. 1900-ല്‍ തുര്‍ക്‌മെനിസ്താനിലെ ഒരു ഗുഹയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഈ പുസ്തകം ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ, ഇവയൊന്നും ഇളക്കിമാറ്റാവുന്ന അച്ചുകള്‍ ഉപയോഗിച്ച് അച്ചടിച്ചവയല്ലാത്തതിനാല്‍ ആദ്യമായി അച്ചടിച്ച ഗ്രന്ഥം എന്ന ബഹുമതി ഗുട്ടന്‍ബര്‍ഗിന്റെ ബൈബിളിനു തന്നെയാണ്.

ഇനി നമ്മുടെ ഭാഷയുടെ കാര്യം. മലയാളം ആദ്യമായി അച്ചടിച്ചത് കേരളത്തിലല്ല, ഇന്ത്യയിലുമല്ല. അങ്ങ് ദൂരെ നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമിലാണ്. പണ്ട് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് വാന്‍ റീഡ് എന്ന സായിപ്പ് രസികനൊരു പുസ്തകം തയ്യാറാക്കി. കേരളത്തിലെ ചെടികളെയും മരങ്ങളെയുംകുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളായിരുന്നു ആ പുസ്തകത്തിലുണ്ടായിരുന്നത്. ലത്തീന്‍ ഭാഷയിലുള്ള ഹോര്‍ത്തുസ് മലബാറിക്കസ് എന്ന ആ പുസ്തകത്തില്‍ ചെടികളുടെ പേരുകള്‍ മലയാള ലിപിയിലും ചേര്‍ത്തിരുന്നു. 1678-ല്‍ ആംസ്റ്റര്‍ഡാമില്‍ അച്ചടിച്ച ഈ പുസ്തകത്തിലാണ് ആദ്യമായി മലയാള ലിപി പ്രത്യക്ഷപ്പെട്ടത്. ക്ലമന്റ് പിയാനിയസ് എന്ന വൈദികനെഴുതിയ 'സംക്ഷേപവേദാര്‍ഥം' ആണ് ആദ്യത്തെ തനി മലയാള പുസ്തകം! 1772-ല്‍ റോമിലായിരുന്നു സംക്ഷേപവേദാര്‍ഥത്തിന്റെ അച്ചടി.

കേരളത്തിന്റെ മണ്ണില്‍ അച്ചടിക്ക് തുടക്കം കുറിച്ചത് ഒരു സായിപ്പാണ്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ബെഞ്ചമിന്‍ ബെയ്‌ലി. ഈ സായിപ്പിന്റെ ആസ്ഥാനം കോട്ടയത്തായിരുന്നു. ആദ്യം അദ്ദേഹം മലയാള ഭാഷ പഠിച്ചു. പിന്നീട് ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. പക്ഷേ, ഇത് അച്ചടിക്കാന്‍ പ്രസ്സോ മലയാള ലിപിയുടെ അച്ചുകളോ ഉണ്ടായിരുന്നില്ല. ബെയ്‌ലി കല്‍ക്കത്തയില്‍ നിന്ന് മലയാളം അച്ചുകള്‍ ഉണ്ടാക്കിച്ചു. പക്ഷേ, ചതുരാകൃതിയിലുള്ള ആ വലിയ അച്ചുകള്‍ ബെയ്‌ലിക്ക് ഇഷ്ടപ്പെട്ടില്ല. ബെയ്‌ലി പല പുസ്തകങ്ങളും വായിച്ച് അച്ചുകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് പഠിച്ചു. എന്നിട്ട് ലോഹപ്പണിക്കാരുടെ സഹായത്തോടെ മലയാളം അച്ചുകള്‍ ഉണ്ടാക്കി. നമ്മള്‍ ഇന്നു കാണുന്നതുപോലെയുള്ള ഉരുണ്ട മനോഹരമായ അക്ഷരങ്ങളായിരുന്നു അത്. വൈകാതെ ഒരു അച്ചടിയന്ത്രവും അദ്ദേഹം ഉണ്ടാക്കി.

1821-ല്‍ ബെയ്‌ലിസായിപ്പ് കേരളത്തില്‍ അച്ചടി ആരംഭിക്കുകയും ചെയ്തു. 1822- ല്‍ അച്ചടിച്ച 'മദ്യനിരോധിനി' എന്ന ലഘുലേഖയാണ് ഇവിടെ അച്ചടിച്ചവയില്‍ ഏറ്റവും പഴയതായി കണ്ടുകിട്ടിയിട്ടുള്ളത്. 1829-ല്‍ ബൈബിള്‍ പുതിയ നിയമത്തിലെ ഭാഗങ്ങളുടെ 5000 കോപ്പികളാണ് ബെയ്‌ലി അച്ചടിച്ചത്. വൈകാതെ സമ്പൂര്‍ണ ബൈബിളും പുറത്തിറക്കി. മലയാളത്തിലെ വടിവൊത്ത അക്ഷരങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ബഹുമാനത്തോടെ ബെയിലി സായിപ്പിനെ ഓര്‍ക്കണം. നമ്മുടെ നാട്ടിലെത്തി മലയാള ഭാഷ പഠിച്ച് അതിന് അക്ഷരങ്ങള്‍ വാര്‍ത്ത്, അച്ചടി തുടങ്ങിയ ആ പ്രതിഭയെ 'മലയാള അച്ചടിയുടെ പിതാവ്' എന്നു വിശേഷിപ്പിക്കുന്നത് എത്ര ഉചിതമാണ്, അല്ലേ?
Share it:

അച്ചടി

Post A Comment:

1 comments:

  1. വിജ്ഞാനപ്രദമായ കുറിപ്പ്....ആശംസകൾ....

    ReplyDelete