Header Ads Widget

കേരളത്തിലെ താളവാദ്യങ്ങള്‍‍‍ - 1

സംഗീതോപകരണങ്ങളില്‍ തുകല്‍ നിര്‍മ്മിതങ്ങളായ വാദ്യങ്ങളാണ്‌ തുകല്‍വാദ്യങ്ങള്‍ അഥവാ അവനദ്ധ വാദ്യങ്ങള്‍. ഇംഗ്ലീഷില്‍ ഇവയെ പെര്‍ക്കഷന്‍ ഇന്‍സ്‌ട്രു മെന്റ്‌സ് എന്നു പറയുന്നു. കേരളത്തിന്റെ തനതായ ഇടയ്‌ക്കയുള്‍പ്പെടെ പ്രധാനപ്പെട്ട ചില താളവാദ്യങ്ങളെ പരിചയപ്പെടാം.
ചെണ്ട
പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്‌ക്കു താഴെ എന്നൊരു ചൊല്ലുണ്ട്‌. കഥകളിയുടെ വാദ്യ ചതുഷ്‌ടയത്തില്‍ ഒന്നു ചെണ്ടയാണ്‌. കഥകളി, മേളം, തായമ്പക, കേളി, കുഴല്‍പ്പറ്റ്‌ തുടങ്ങിയ കലാരൂപങ്ങളിലെല്ലാം ചെണ്ട പ്രധാന ഘടകമാണ്‌. 15 മുതല്‍ 17വരെ വിരല്‍ നീളമുള്ളതും 9, 9 വിരല്‍ വ്യാസമുള്ളതുമായ പ്ലാവിന്‍ കുറ്റിയാണ്‌ ചെണ്ടയ്‌ക്ക് ഉപയോഗിക്കുന്നത്‌. ഇടന്തല എന്നും വലന്തല എന്നും പേരുള്ള മുളവളയത്തില്‍ തോല്‍ വലിച്ചു പൊതിഞ്ഞ്‌ ശരിപ്പെടുത്തിയ രണ്ട്‌ വട്ടങ്ങള്‍ ഈ കുറ്റിയുടെ ഇരുഭാഗത്തും ഘടിപ്പിച്ചു ചെണ്ടക്കയറുകൊണ്ടു വലിച്ചുമുറുക്കിയാണ്‌ ചെണ്ടയ്‌ക്കു ശബ്‌ദമുണ്ടാക്കുന്നത്‌. ശ്രുതി ശരി പ്പെടുത്തുവാന്‍ കുത്തുവാര്‍ എന്ന പതി നൊന്നു തോല്‍ വളയങ്ങള്‍ ഈ കയറില്‍ ഘടിപ്പിച്ചിരിക്കും. ചെണ്ട എന്ന വാദ്യവിശേഷത്തില്‍ ദേവാംശവും അസുരാംശവും അടങ്ങിയിട്ടുണ്ടെന്നാണ്‌ സങ്കല്‌പം. ചെണ്ടയുടെ വലന്തല ദേവവാദ്യവും ഇടന്തല അസുരവാദ്യവുമാണെന്ന്‌ പറയുന്നു. കഥകളിയില്‍ ദേവന്‍മാര്‍ പ്രത്യക്ഷപ്പെടുമ്പോഴും ക്ഷേത്രങ്ങളിലെ പൂജാദി അടിയന്തിരങ്ങള്‍ക്കും ഇങ്ങനെ വലന്തല കൊട്ടുന്നത്‌ ഈ സങ്കല്‌പത്തിലാണ്‌. വലത്തെ കൈയില്‍ കോലും (ചെണ്ടക്കമ്പ്‌) ഇടംകൈയും ഉപയോഗിക്കും. രണ്ട്‌ കൈയിലും കോലുകള്‍ എടുത്തു ചെണ്ട വായിക്കാറുണ്ട്‌. തായമ്പക, മേളപ്പദം, പഞ്ചാരിമേളം തുടങ്ങിയവയില്‍ വലംകൈയില്‍ കോലും ഇടംകൈയുമായിട്ടാണ്‌ പ്രയോഗിക്കുന്നത്‌. തായമ്പക, മേളം തുടങ്ങിയ വാദ്യ കലാരൂപങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ചെണ്ടയ്‌ക്കും കഥകളിക്ക്‌ ഉപയോഗിക്കുന്ന ചെണ്ടയ്‌ക്കും തമ്മില്‍ വലിപ്പത്തിനു വ്യത്യാസം കണ്ടുവരുന്നു. വീക്കന്‍ ചെണ്ട അച്ചന്‍ ചെണ്ട എന്നും ഇതിനു പേരുണ്ട്‌. ദക്ഷിണ കേരളത്തിലാണ്‌ അധികം പ്രചാരം. ക്ഷേത്രാടിയന്തിരങ്ങള്‍ക്കാണ്‌ ഉപയോഗിച്ചുകാണുന്നത്‌. ചെണ്ടയോളം നീളമില്ലെങ്കിലും വലിപ്പം കൂടും. ചെണ്ടയേക്കാള്‍ മുഴങ്ങുന്ന ശബ്‌ദമാണ്‌. ഇതിന്റെ ഒരു ഭാഗത്ത്‌ കോലുകൊണ്ടാണ്‌ താളംപിടിക്കുക.
ശുദ്ധമദ്ദളം
പല മേളപ്രയോഗങ്ങളിലും ചെണ്ടപോലെ ഈണം പകരുന്ന വാദ്യവിശേഷമാണ്‌ മദ്ദളം. സംഗീതാത്മകത്വം ഇതിന്റെ സവിശേഷതയാണ്‌. കേളി, പഞ്ചവാദ്യം, മദ്ദളകേളി, കഥകളി, കൃഷ്‌ണനാട്ടം തുടങ്ങിയ പല കലാരൂപങ്ങള്‍ക്കും മദ്ദളം അത്യന്താപേക്ഷിതമാണ്‌. മദ്ദളത്തിനു രണ്ടുപുറമുണ്ട്‌. ഇടന്തലയും വലന്തലയും. വലന്തലയ്‌ക്കല്‍ ചോറിട്ടിട്ടുണ്ടാകും. കരിയും ഉണക്കച്ചോറും കൂടി തേച്ചുപിടിപ്പിക്കലാണ്‌ ചോറിടല്‍. മദ്ദളത്തിന്റെ ശ്രുതി ശരിപ്പെടുത്താന്‍ ഇത്‌ അത്യന്താപേക്ഷിതമാണ്‌. വലന്തലയ്‌ക്കല്‍ കാളത്തോലും ഇടന്തലയ്‌ക്കല്‍ പോത്തിന്‍തോലും ഉപയോഗിക്കുന്നു. ഒരു വലിയ മൃദംഗത്തിന്റെ രൂപമാണ്‌ മദ്ദളത്തിന്‌. നടുഭാഗം നല്ലവണ്ണം പുറത്തേക്കുന്തിനില്‌ക്കുമെന്ന ഒരു പ്രത്യേകതയുണ്ട്‌. ഈ ഭാഗത്തിന്‌ ഉളിയപ്പുറം എന്നുപറയും. പരന്ന തോല്‍വാറുകള്‍ ഉപയോഗിച്ചാണ്‌ മദ്ദളം വലിച്ചുമുറുക്കുന്നത്‌. പ്ലാവിന്‍കുറ്റിക്കാണ്‌ പ്രചാരം. അരയിലിട്ട്‌ കച്ചയെ, കച്ചയിലുള്ള കൊളുത്തുകൊണ്ടു പാകപ്പെടുത്തി രണ്ടുകൈയും ഉപയോഗിച്ചാണ്‌ മദ്ദളം വായിക്കുന്നത്‌. ഇടന്തലയ്‌ക്കല്‍ വലതുകൈയും വലന്തലയ്‌ക്കല്‍ ഇടതുകൈയുമെന്ന വിരോധാഭാസത്തിലാണ്‌ പ്രയോഗം. ഈ വൈരുദ്ധ്യം മദ്ദളത്തിന്റെ മേളപ്രയോഗത്തിലും കാണാം. ഇടന്തല കൊട്ടുന്നത്‌ വിരലുകളില്‍ ചുറ്റുകള്‍ ഇട്ടുകൊണ്ടാണ്‌. തൊപ്പിമദ്ദളം ശുദ്ധമദ്ദളത്തിന്റെ രൂപവും സമ്പ്രദായവും ഒക്കെത്തന്നെയാണിതിനും. ഇടന്തലയുടെയും വലന്തലയുടെയും ശബ്‌ദം ഏകദേശം ഒരുപോലിരിക്കും. കൃഷ്‌ണനാട്ടത്തിലേ ഇന്നിതിനു പ്രചാരമുള്ളൂ. പറ ഏകദേശം വീക്കന്‍ ചെണ്ടയുടെ രൂപമാണ്‌. കുറച്ചുകൂടി വലിപ്പം കൂടും. ചുമലില്‍ക്കൂടി വിലങ്ങനെ കച്ചയിട്ട്‌ ഇരുപുറവും കോലുപയോഗിച്ചാണ്‌ കൊട്ടുക. 
തിമില
പഞ്ചവാദ്യത്തിലെ പ്രധാനഘടകമാണ്‌ തിമില. മധ്യഭാഗത്തുവണ്ണം കുറഞ്ഞ്‌ നീളത്തിലാണ്‌ തിമിലയുടെ കുറ്റി. പ്ലാവിന്‍കുറ്റിക്കാണ്‌ പ്രചാരം. കാളത്തോലുകൊണ്ടുണ്ടാക്കിയ വട്ടങ്ങള്‍ വാറിട്ടുമുറുക്കിയാണ്‌ ഇതിനും നാദമുണ്ടാക്കുന്നത്‌. തിമിലയുടെ ഒരുഭാഗത്ത്‌ രണ്ട്‌ കൈയും ഉപയോഗിച്ചാണ്‌ കൊട്ടുക. തോം, ത എന്നു രണ്ടു ശബ്‌ദങ്ങളേ ഇതില്‍ പുറപ്പെടുവിക്കാനാവൂ. ദ്രുതഗതിയിലുള്ള വാദനംകൊണ്ടാണ്‌ മറ്റെല്ലാ മനോധര്‍മ്മങ്ങളും ഇതില്‍ പ്രകടമാക്കുന്നത്‌.
ഇടയ്‌ക്ക
പഞ്ചവാദ്യം, അഷ്‌ടപദി, കൊട്ടിപ്പാടിസേവ എന്നീ ക്ഷേത്രാടിയന്തിരങ്ങളിലെല്ലാം ഇടയ്‌ക്ക പ്രധാനമാണ്‌. ഉടുക്കിന്റെ കുറ്റിയേക്കാള്‍ അല്‌പം കൂടി വലിപ്പമുള്ളതാണ്‌ ഇതിന്റെ കുറ്റി. കുറ്റിക്ക്‌ ഇരുഭാഗത്തും നടുക്കായി ഈരയോ, കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാള്‍ വലിപ്പം കൂടിയതാകും ഇതിന്‍െ വട്ടങ്ങള്‍. നൂല്‍ ചരടിട്ടാണ്‌ മുറുക്കുക. ശബ്‌ദനിയന്ത്രണത്തിനുവേണ്ടി ആകെ 64 പൊടിപ്പുകളുള്ള 4 ഉരുള്‍മരക്കഷണങ്ങള്‍ ഇതിനുപയോഗിക്കാറുണ്ട്‌. കുറ്റിയുടെ മധ്യത്തിലിട്ടിട്ടുള്ള ചരട്‌ കൂട്ടിപ്പിടിപ്പിച്ച്‌ കൈയമര്‍ത്തി ചെറിയ വളഞ്ഞകോല്‍ ഉപയോഗിച്ചാണ്‌ ഇതിന്‍മേല്‍ വായിക്കുന്നതും ശബ്‌ദം നിയന്ത്രിക്കുന്നതും. ഒരു മേളവാദ്യമെന്ന നിലയ്‌ക്കും സംഗീത വാദ്യമെന്ന നിലയ്‌ക്കും ഇടയ്‌ക്കയ്‌ക്കുള്ള സ്‌ഥാനം അദ്വിതീയമാണ്‌.

Post a Comment

0 Comments