Header Ads Widget

സംസ്‌ഥാന പക്ഷികള്‍‍‍‍ 2

ഗോവ

കറുത്ത ശിഖയന്‍ ബുള്‍ബുള്‍

(blak- crested Bulbul)

ശാസ്‌ത്രനാമം: (Phcnonotus melanicterus)

പിഗ്‌നോനോട്ടസ്‌ മെലാനിക്‌റ്റൈറസ്‌

കുടുംബം: (Pychotidae)

എണ്ണക്കറുപ്പാര്‍ന്ന ഉരുണ്ട തലയുടെ സ്‌ഥാനത്ത്‌ മൂര്‍ദ്ധാവിലെ മുടി നീണ്ട്‌ കൂര്‍ത്ത്‌ ഉയര്‍ന്ന്‌ ഒരു കിരീടംപോലെ മനോഹരം, തിളങ്ങുന്ന കൊച്ചുകണ്ണുകള്‍, ഒലിവ്‌ മഞ്ഞ നിറമുള്ള ചിറകും വാലും, തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള വയര്‍ഭാഗം. ഈ പക്ഷിയുടെ ഒറ്റനോട്ടത്തിലുള്ള പ്രത്യേകള്‍ ഇവയെല്ലാമാണ്‌. പശ്‌ചിമഘട്ടം, ഹിമാലയന്‍ പ്രാന്തപ്രദേശങ്ങള്‍, ഒറീസ, മധ്യപ്രദേശ്‌, അരുണാചല്‍ പ്രദേശ്‌, ഗോവ എന്നിവിടങ്ങളിലെല്ലാം ഇവയെ കാണപ്പെടുന്നു.

ഛത്തീസ്‌ഗഢ്‌


കാട്ടുമൈന (Hill Myna)

ശാസ്‌ത്രനാമം : (Gracula religiosa Indica)

കുടുബം: (Sturnidae)

മാടത്ത (നാട്ടുമൈന) യോടു സാദൃശ്യമുണ്ടെങ്കിലും ഈ പക്ഷിക്ക്‌ അതിനേക്കാള്‍ വലുപ്പമുണ്ട്‌. നാട്ടുമൈനയേക്കാള്‍ നാലഞ്ചു മടങ്ങ്‌ ഉച്ചത്തിലാണ്‌ ഇവയുടെ ശബ്‌ദവും. ഓറഞ്ചു കലര്‍ന്ന മഞ്ഞനിറത്തിലുള്ള വലിയ കൊക്ക്‌, നീലയും പച്ചയും ഊതയും കലര്‍ന്ന കറുപ്പുനിറമാര്‍ന്ന ശരീരം, കണ്ണിനുതാഴെയും പിടലിയിലും മഞ്ഞനിറമുള്ള തെളിഞ്ഞുകാണുന്ന ചര്‍മ്മം. ചിറകിലുള്ള വെള്ളപ്പൊട്ട്‌, മഞ്ഞക്കാലുകള്‍ എന്നിവയാണ്‌ കാട്ടുമൈനയുടെ പ്രത്യേകതകള്‍. ചെറുപ്രാണികള്‍, പഴങ്ങള്‍, പൂന്തേന്‍ എന്നിവയാണ്‌ ആഹാരം, വലിയ മരങ്ങളുടെ തടികളില്‍ മരംകൊത്തി മുതലായ പക്ഷികളുണ്ടാക്കിയ പൊത്തുകളിലാണ്‌ ഇവ മുട്ടയിടുന്നത്‌. ജനുവരി മുതല്‍ ജൂണ്‍വരെയാണ്‌ പ്രജനനകാലം. ഓരോ തവണയും രണ്ടോ, മൂന്നോ മുട്ടകളിടും. മനുഷ്യ ശബ്‌ദം അനുകരിക്കാന്‍ മിടുക്കരായതുകൊണ്ട്‌ കാട്ടുമൈനയെ ആളുകള്‍ ഇണക്കി വളര്‍ത്താറുണ്ട്‌. മേഘാലയയുടെയും സംസ്‌ഥാന പക്ഷി കാട്ടുമൈനയാണ്‌.

ജമ്മുകാശ്‌മീര്‍

കറുത്ത കഴുത്തന്‍ കൊറ്റി

(Black necked Crane)

ടിബറ്റന്‍ കൊക്ക്‌ എന്നും ഇതറിയപ്പെടുന്നു

ശാസ്‌ത്രനാമം: (Grus nigricollis)

കുടുംബം: (Gruidae)

ഇടത്തരം വലിപ്പമുള്ള ഒരു പക്ഷിയാണ്‌. 139 സെ.മീറ്റര്‍ നീളവും 5.5 കിലോഗ്രാം ഭാരവുമുണ്ട്‌. വെളുപ്പുകലര്‍ന്ന ചാരനിറമാണ്‌ ഉടലിന്‌. കഴുത്തും തലയും ഇരുണ്ട കറുപ്പും. ചുവപ്പുനിറമുള്ള കിരീടംപോലുള്ള ഭാഗം തലയുടെ ഉച്ചിയില്‍ കാണാം. കറുത്തകാലുകള്‍ കണ്ണിനു മുകളിലെ വെളുത്ത അടയാളം എന്നിവയാണ്‌ മറ്റു പ്രത്യേകതകള്‍. പാകിസ്‌ഥാന്‍, ചൈന, ഭൂട്ടാന്‍, വിയറ്റ്‌നാം ഇന്ത്യയില്‍ ഹിമാലയത്തിന്റെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ഇതിനെ കൂടുതലായി കാണപ്പെടുന്നത്‌. ഇവയുടെ ആവാസകേന്ദ്രങ്ങള്‍ വിനോദസഞ്ചാരത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രയോജനപ്പെടുന്നത്‌ വംശനാശഭീഷണിക്ക്‌ കാരണമാകുന്നു. IUCN റെഡ്‌ഡാറ്റാ ബുക്കില്‍ ഉള്‍പ്പെടുത്തിയ ടിബറ്റന്‍ കൊക്കിന്റെ എണ്ണം 5600 നും 6000 നും ഇടയിലാണ്‌.

ജാര്‍ഖണ്ഡ്

കുയില്‍ (Koel)

ശാസ്‌ത്രനാമം: യുഡിനാമിസ്‌ സ്‌കോലോപേഷ്യ

(Eudynamis scolopacea)

കുടുംബം: കുക്കുലിഡെ (Cucolidae)

മറ്റു പക്ഷികളുടെ കൂട്ടില്‍ മുട്ടയിടുകയും അടയിരുന്ന്‌ മുട്ടവിരിയിച്ച്‌ കുഞ്ഞുങ്ങളെ വളര്‍ത്തേണ്ട ചുമതല മറ്റു പക്ഷികളുടെമേല്‍ വച്ചുകൊടുക്കുകയും ചെയ്യുന്ന വിരുതനാണ്‌ കുയില്‍. ഏതാണ്ട്‌ ഒരു കാക്കയുടെ വലിപ്പമുണ്ടെങ്കിലും അല്‌പംകൂടി മെലിഞ്ഞതും വാലിന്‌ നീളക്കൂടുതലുള്ളതുമാണ്‌. കണ്ണുകള്‍ക്ക്‌ രക്‌തവര്‍ണ്ണവും. പെണ്‍കുയിലിന്‌ തവിട്ടുനിറമാണ്‌. ഇടയ്‌ക്കിടയ്‌ക്ക് പുള്ളികുത്തുകളും വെളുത്ത രേഖകളും കാണാം. ഇണചേരല്‍ക്കാലമാകുന്നതോടുകൂടി മനോഹരമായി കൂവുന്ന ആണ്‍കുയിലുകള്‍ ശീതകാലത്ത്‌ നിശബ്‌ദമായിരിക്കും. ആല്‌, അത്തി ഇവയുടെ പഴങ്ങളും മറ്റു പലതരം കായ്‌കളും പുല്‍ച്ചാടികളും ഉള്‍പ്പെടുന്നതാണ്‌ ഇവയുടെ ആഹാരം. കാക്കകള്‍ മുട്ടയിടുന്ന കാലത്തുതന്നെയാണ്‌ കുയിലുകളും മുട്ടയിടുന്നത്‌. ഒരു കുയില്‍ തന്നെ പല കാക്കകളുടെ കൂട്ടിലാണ്‌ മുട്ടകള്‍ നിക്ഷേപിക്കുക.

Post a Comment

0 Comments