Header Ads Widget

സംസ്‌ഥാന പക്ഷികള്‍‍‍‍

ഇന്ത്യയിലെ ഓരോ സംസ്‌ഥാനവും തങ്ങളുടേതായി ആദരിക്കുന്ന ചില പക്ഷികളെ പരിചയപ്പെടൂ.

അരുണാചല്‍ പ്രദേശ്‌

മലമുഴക്കി വേഴാമ്പല്‍ (Great Indian Hornbill)

കുടുംബം: (Bucerotidae) (ബസിറോറ്റിഡെ)

ശാസ്‌ത്രനാമം: (Buceros bicorris homrai)

കേരളത്തിന്റെയും സംസ്‌ഥാന പക്ഷി മലമുഴക്കിവേഴാമ്പലാണ്‌. കട്ടോടം ചാത്തന്‍, മരവിത്തലച്ചി എന്നീ പേരുകളിലും ചിലസ്‌ഥലങ്ങളില്‍ ഇതറിയപ്പെടുന്നു. വേഴാമ്പലുകളില്‍ ഏറ്റവും വലുത്‌ മലമുഴക്കി വേഴാമ്പലാണ്‌. മഞ്ഞനിറത്തിലുള്ള കൊക്കും മകുടവും വെളുത്ത നിറത്തിലുള്ള കഴുത്തും വാലും ഇതിന്റെ പ്രത്യേകതകളാണ്‌. വാലിനു കുറുകെ വീതിയുള്ള കറുത്ത പട്ടയും ചിറകിന്റെ അരികിലുള്ള മഞ്ഞനിറവും ഈ പക്ഷിയെ ആകര്‍ഷകമാക്കുന്നു. ആണ്‍പക്ഷിയുടെ കണ്ണ്‌ ചെമന്നതും പെണ്‍പക്ഷിയുടേത്‌ വെളുത്തതുമാണ്‌. ഉച്ചത്തിലുള്ള കരച്ചിലും പറക്കുമ്പോഴുണ്ടാകുന്ന പേടിപ്പെടുത്തുന്ന മുഴങ്ങുന്ന ശബ്‌ദവുമാണ്‌ മലമുഴക്കി എന്ന പേരിനു കാരണം. കൊക്കിന്റെ അറ്റം മുതല്‍ വാലറ്റംവരെ 130 സെന്റീമീറ്ററോളം നീളം ഉണ്ട്‌. മുട്ടയിടാറായ പെണ്‍പക്ഷി വന്‍മരത്തിന്റെ പോട്‌ കണ്ടുപിടിച്ച്‌ അതിനകത്ത്‌ കയറിക്കൂടി തന്റെ കാഷ്‌ഠം കൊണ്ട്‌ പോട്‌ അടയ്‌ക്കുന്നു. കൊക്കുമാത്രം പുറത്ത്‌ കടക്കാവുന്നവിധത്തില്‍ ഒരു ദ്വാരം ഇതിനുണ്ടായിരിക്കും. 31 ദിവസത്തോളം ഈ പോടിനുള്ളില്‍ നിന്ന്‌ പുറത്തിറങ്ങാതെ അടയിരിക്കുന്ന തള്ളപക്ഷിക്ക്‌ ഭക്ഷണമെത്തിച്ചുകൊടുക്കുന്നത്‌ ആണ്‍പക്ഷിയാണ്‌. മറ്റൊരു പക്ഷിക്കുമില്ലാത്ത പ്രജനനസമ്പ്രദായമാണ്‌ ഇത്‌. ജലാംശം കൂടുതലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുന്നതുകൊണ്ട്‌ ഇവ അപൂര്‍വമായേ വെള്ളം കുടിക്കാറുള്ളൂ. കൂടുണ്ടാക്കാന്‍ പറ്റുന്ന വന്‍മരങ്ങള്‍ ഇല്ലാാവുന്നത്‌ ഇവയുടെ വംശനാശ ഭീഷണി വര്‍ദ്ധിപ്പിക്കുന്നു.

അസം

വെള്ളച്ചിറകന്‍ കാട്ടുതാറാവ്‌ (Wh-ite-winged Duck)

ശാസ്‌ത്രനാമം: കൈറിന സ്‌ക്യുട്ടുലേറ്റ (cairina suctulata)

അസമീസ്‌ ഭാഷയില്‍ ഡിയോഹാന്‍സ്‌ എന്ന പേരില്‍ അറിയപ്പെടുന്നു. അധികം ഒഴുക്കില്ലാത്ത ജലാശയങ്ങളില്‍ വസിക്കുന്ന നീര്‍പക്ഷിയാണ്‌ വെള്ളച്ചിറകന്‍ കാട്ടുതാറാവ്‌. ഒരു സാധാരണ താറാവിനോളം വലിപ്പമുള്ള ഇവ നിത്യഹരിത വനങ്ങളിലെ ജലാശയത്തോടടുത്തുള്ള പ്രദേശങ്ങളില്‍ മണ്‍സൂണ്‍ കാലത്ത്‌ കൂട്ടുകൂടുന്നു. അസം, അരുണാചല്‍ പ്രദേശ്‌, മണിപ്പൂര്‍, ബംഗ്ലാദേശ്‌, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ ധാരാളമായി കണ്ടിരുന്ന ഇവയുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുവരികയാണ്‌. കറുത്ത ചെറിയ പുള്ളികളുള്ള തലയും ചിറകിലെ തോളറ്റം മുതലുള്ള വെളുത്ത പാടും ഓറഞ്ചുകലര്‍ന്ന മഞ്ഞനിറമുള്ള കാലും ഇവയുടെ പ്രത്യേകതയാണ്‌. രാത്രിയില്‍ ഇരതേടാനിഷ്‌ടപ്പെടുന്ന ഇവ പൊതുവെ സസ്യാഹാരിയാണ്‌. അസമിലെ ദേശീയോദ്യാനങ്ങളില്‍ ഇവയെ സംരക്ഷിച്ചുവരുന്നു.

ആന്‌ധ്രപ്രദേശ്‌

പനങ്കാക്ക (Indian Roller)

ശാസ്‌ത്രനാമം: (Coracias benghalensis)

ആന്‌ധ്രാപ്രദേശിനെ കൂടാതെ ബീഹാര്‍, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളും സംസ്‌ഥാന പക്ഷിയായി സ്വീകരിച്ചിരിക്കുന്നത്‌ പനങ്കാക്കയെ തന്നെയാണ്‌. ഏകദേശം ഒരു മാടപ്രാവിനോളം വലിപ്പമുള്ള പനങ്കാക്കയുടെ ദേഹം തടിച്ചതും വാല്‍ കുറിയതുമാണ്‌. ഇരിക്കുന്ന പക്ഷിയുടെ തല, കഴുത്ത്‌, പുറം എന്നിവ തവിട്ടുനിറവും ചിറകുകളും അടിഭാഗവും ഇളം നീലയുമാണെന്ന്‌ തോന്നും. പക്ഷേ പറക്കുമ്പോള്‍ ചിറകുകളില്‍ തിളക്കുമുള്ള കടുംനീലയും കറുപ്പും ഇളം നീലയും കലര്‍ന്ന അസാധാരണമായ ഭംഗിയുള്ള നിറമാണ്‌. ക്രോ- ക്രോ - കെ. - കെ എന്ന പരുപരുത്ത ശബ്‌ദമുള്ള ഈ പക്ഷിയുടെ പ്രധാനാഹാരം പല്ലികള്‍, കീടങ്ങള്‍ മുതലായവയാണ്‌.

ഉത്തരാഞ്ചല്‍


ഹിമാലയന്‍ മൊണാല്‍ (him-alayan monal)

ശാസ്‌ത്രനാമം: ഫാസിയാനസ്‌ കോല്‍കിക്കസ്‌ (Phasianus colchicus)

കുടുംബം: ഫാസിയനിഡെ (Phasianidae)

കോഴിവര്‍ഗത്തില്‍പ്പെട്ട ഒരു പക്ഷിയാണ്‌ ഹിമാലയന്‍ മൊണാല്‍. മറ്റു രാജ്യങ്ങളില്‍ ഫെസന്റ്‌ (Pheasant) എന്നും ഇത്‌ അറിയപ്പെടുന്നു. വിവിധ വര്‍ണത്തൂവലുകൊണ്ടു പൊതിഞ്ഞ ശരീരമുള്ള ആണ്‍പക്ഷികളെ കാണാന്‍ നല്ല ഭംഗിയാണ്‌. പെണ്‍പക്ഷിക്കു മങ്ങിയ നിറമോ തവിട്ടുകലര്‍ന്ന കറുപ്പുനിറമോ ആയിരിക്കും. പച്ചനിറത്തില്‍ തലയിലുള്ള പൂവ്‌ ആണ്‍പക്ഷിയുടെ സവിശേഷതയാണ്‌. ഇതിന്റെ കഴുത്തിന്റെ മുന്‍വശം ഒഴികെയുള്ള വശങ്ങളില്‍ ചുവപ്പുകലര്‍ന്ന ചെമ്പുനിറമായിരിക്കും. പെണ്‍പക്ഷിയുടെ കഴുത്തിനു മുന്‍വശത്തും വാലിന്റെ അറ്റത്തും വെളുത്തനിറമുണ്ടായിരിക്കും. ഹിമാലയ പര്‍വതനിരകളിലെ പുല്‍മേടുകളിലാണ്‌ ഇവയെ സാധാരണയായി കണ്ടുവരുന്നത്‌. വിത്തുകളും പഴങ്ങളും ഇലകളും ചെറുകീടങ്ങളുമൊക്കെയാണ്‌ പ്രധാന ആഹാരം. രുചിയുള്ള മാംസമായതിനാല്‍ ധാരാളം വേട്ടയാടപ്പെടുന്നത്‌ ഇവയുടെ വംശനാശത്തിന്‌ കാരണമാകുന്നു.

ഉത്തര്‍പ്രദേശ്‌

സാരസക്കൊക്ക്‌ (Sarus Crane)

ശാസ്‌ത്രനാമം: (Gras antigone) (ഗ്രസ്‌ ആന്‍റിഗോണ്‍)

കുടുംബം: ഗ്രൂയിഡ (Gruidae)

ഒന്നേമുക്കാല്‍ മീറ്ററോളം ഉയരവും നിവര്‍ത്തിപ്പിടിച്ചാല്‍ ചിറകുകളുടെ അറ്റം തമ്മില്‍ മൂന്നു മീറ്ററോളം അകലവുമുള്ള ഒരിനം വലിയ കൊറ്റിയാണിത്‌. ആകെ ചാരനിറമാണെങ്കിലും കഴുത്തിന്‌ ചുറ്റും ഒരുപട്ടപോലെ കൊക്കിന്റെ തുടക്കംവരെ ചുവപ്പുനിറമാണ്‌. കൊക്കിനാകട്ടെ കറുപ്പുകലര്‍ന്ന തവിട്ടുനിറമാണ്‌. ഉയരമുള്ള കാലുകളും വിരലുകളും ചുവപ്പുനിറമാണ്‌. ഭാരതത്തില്‍ തെക്ക്‌ മൈസൂര്‍വരെ മാത്രമേ ഇവയെ കണ്ടുവരുന്നുള്ളൂ. അതിനു തെക്കോട്ടവ വരാറില്ല. ജൂലൈ മുതല്‍ ഡിസംബര്‍ വരെയാണ്‌ ഇവയുടെ പ്രജനനകാലം. ഇണചേരല്‍ കാലത്ത്‌ ജോഡിയായി ചിറകുവിരിച്ച്‌ നൃത്തം ചെയ്യുന്ന സാരസകൊക്കുകളുടെ കാഴ്‌ച നയാനാനന്ദകരമാണ്‌. ചുള്ളികളും ചപ്പും ചവറും കൂട്ടിവെച്ചുണ്ടാക്കുന്ന കൂട്ടില്‍ ഒന്നോ രണ്ടോ മുട്ടകളേ ഉണ്ടാവൂ. പിഞ്ചിലകളും ധാന്യങ്ങളും ചെറുപ്രാണികളും പാമ്പുകളുമൊക്കെ ഇവയുടെ ആഹാരമാണ്‌. ആക്രമിക്കാന്‍ വരുന്ന വന്യമൃഗങ്ങളെ സധൈര്യം നേരിട്ട്‌ ഓടിക്കാനുള്ള ഇവയുടെ കഴിവ്‌ ഒന്നു വേറെതന്നെയാണ്‌.

ഒറീസ

മയില്‍ (Common Pea Fowl)

ശാസ്‌ത്രനാമം: പാവോ ക്രിസ്‌റ്റേറ്റസ്‌ (Pavo Cristatus)

കുടുംബം: ഫാസിയാനിഡെ

ഭാരതത്തിന്റെ ദേശീയ പക്ഷിയായ മയില്‍ ഒറീസയുടെ സംസ്‌ഥാന പക്ഷി കൂടിയാണ്‌. സമതല പ്രദേശങ്ങളിലെ ഉയര്‍ന്ന മരങ്ങളും പൊന്തക്കാടുകളും ഇടതിങ്ങി വളര്‍ന്നുനില്‍ക്കുന്ന വനങ്ങളിലാണ്‌ ഇവയെ സാധാരണയായി കണ്ടുവരുന്നത്‌. ആണ്‍മയിലിന്റെ പീലി യഥാര്‍ത്ഥമായ വാലല്ല. ആണ്‍ മയിലിന്റെ യഥാര്‍ത്ഥ വാല്‌ പിടയുടേതുപോലെ തന്നെയാണ്‌. വാലിന്റെ മുകള്‍ വശത്തുനിന്നാണ്‌ പീലികള്‍ മുളയ്‌ക്കുന്നത്‌. വാലിലെ തൂവലുകള്‍ ദേഹത്തോട്‌ ചേരുന്നഭാഗത്തെ മൂടിവെക്കുന്ന തൂവലുകള്‍ എല്ലാ പക്ഷികള്‍ക്കുമുണ്ട്‌. ഇത്‌ അസാധാരണമാംവണ്ണം വളര്‍ന്നാണ്‌ പീലിയുണ്ടാകുന്നത്‌. ധാന്യങ്ങള്‍, കിഴങ്ങ്‌, വേര്‌, കീടങ്ങള്‍, പാമ്പ്‌ തുടങ്ങി എന്തും ഇവ ഭക്ഷണമാക്കുന്നു. നിലത്ത്‌ പരന്ന കുഴിമാന്തി അതില്‍ കമ്പുകളും ഇലകളും നിരത്തിയാണ്‌ കൂടുണ്ടാക്കുന്നത്‌. മങ്ങിയവെളുപ്പുള്ള അഞ്ചുവരെ മുട്ടകള്‍ ഇവ ഇടാറുണ്ട്‌. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത്‌ നിയമം മൂലം നിരോധിച്ചിട്ടുണ്ട്‌.

ഗുജറാത്ത്‌

നീര്‍നാര (Flamingo)

ശാസ്‌ത്രനാമം: ഫീനികോപ്‌റ്റെറസ്‌ റൂബര്‍

(Phoenicopterus ruber)

കുടുംബം: ഫീനികോപ്‌റ്റെറിഡെ

(Phonenicopteridae)

ഫിനികോപ്‌റ്റെറിഡെ കുടുംബത്തില്‍ ഇന്നും ഇന്ത്യയില്‍ കാണപ്പെടുന്ന ഒരേയൊരു പക്ഷിയാണ്‌ നീര്‍നാര അഥവാ ഗ്രേറ്റര്‍ ഫ്‌ളമിംഗോ. വീട്ടുതാറാവിനോളം വലിപ്പമുള്ള ശരീരവും ഇളം ചുവപ്പുനിറത്തില്‍ തൂവലില്ലാത്ത നീണ്ട കാലുകളും നീണ്ടുവളഞ്ഞ കഴുത്തും ഇവയുടെ പ്രത്യേകതയാണ്‌. ശരീരത്തിനാകട്ടെ വിളറിയ ചുവപ്പുകലര്‍ന്ന വെള്ളനിറമാണ്‌. വെള്ളത്തിലിറങ്ങി നീണ്ട കഴുത്തുകീഴോട്ടുനീട്ടി, തലമുഴുവനായും വെള്ളത്തിലാഴ്‌ത്തിക്കൊണ്ടാണ്‌ ഇവ ആഹാരം തേടുന്നത്‌. ചെറിയ ജലജീവികള്‍, വാല്‍മാക്രി, കീടങ്ങള്‍ എന്നിവയെല്ലാം ഭക്ഷണമാക്കുന്നു. ഇന്ത്യയില്‍ നീര്‍നാരകള്‍ പ്രജനനം നടത്തുന്നത്‌ പ്രധാനമായും ഗുജറാത്തിലെ റാന്‍ ഓഫ്‌ കച്ചിലാണ്‌. ഒക്‌ടോബര്‍ - മാര്‍ച്ച്‌ മാസങ്ങളിലായി ഇവിടെ പത്തുലക്ഷത്തോളം നീര്‍നാരകള്‍ എത്തുന്നു എന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ചളി കുന്നുകൂട്ടിയുണ്ടാക്കുന്ന കൂട്ടിലാണ്‌ ഇവ മുട്ടയിടുന്നത്‌. കഴുത്ത്‌ ഉയര്‍ത്തിവെച്ച നിര്‍നാരയ്‌ക്ക് ശരാശരി ഒന്നരമീറ്ററോളം പൊക്കമുണ്ട്‌.

Post a Comment

0 Comments