ഗ്രീക്ക് ജ്യോതിശാസ്‌ത്രജ്‌ഞനായ അരിസ്‌റ്റാര്‍ക്കസ് ആണ് ഭൂമി സൂര്യനെ ചുറ്റുകയാണെന്നുള്ള സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. സൂര്യനെ കേന്ദ്രമാക്കിക്കൊണ്ടുള്ള (ണ്ണനുദ്ധഗ്ന്യനുന്ധത്സദ്ധ്യ) ജ്യോതിശാസ്‌ത്രസിദ്ധാന്തം പില്‌ക്കാലത്ത് കോപ്പര്‍നിക്കസ് സമഗ്രമായി പ്രചരിപ്പിച്ചപ്പോഴും ഇക്കാര്യത്തില്‍ തനിക്ക് അരിസ്‌റ്റാര്‍ക്കസിനോടുള്ള കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. ജ്യോതിശാസ്‌ത്ര സംബന്‌ധമായി ധാരാളം എഴുതിയിട്ടുണ്ടെങ്കിലും സൂര്യചന്ദ്രന്മാരുടെ വലിപ്പവും ദൂരവും എന്ന ഒരു ഗ്രന്‌ഥം മാത്രമേ അദ്ദേഹത്തിന്റേതായി കണ്ടുകിട്ടിയിട്ടുള്ളൂ. 1688-ല്‍ ഇൗ ഗ്രീക്ക് ഗ്രന്‌ഥം വാലിസ് എന്ന ശാസ്‌ത്രജ്‌ഞന്‍ പ്രസാധനം ചെയ്‌തിട്ടുണ്ട്. ത്രികോണമിതി (Trigonometry) യിലെ തത്വങ്ങള്‍ ജ്യോതിശാസ്‌ത്രത്തില്‍ ആദ്യമായി പ്രയോജനപ്പെടുത്തിയതും അരിസ്‌റ്റാര്‍ക്കസ് ആണ്. അര്‍ധ ഗോളാകൃതിയിലുള്ള ഒരു സൂര്യഘടികാരം (Sundia) അരിസ്‌റ്റാര്‍ക്കസ് നിര്‍മ്മിച്ചു.
ടോളമി (എ.ഡി.100-നും 170-നും ഇടയില്‍)
പുരാതന ഗ്രീക്ക് ജ്യോതിശാസ്‌ത്രകാരന്‍. ഭൂമിശാസ്‌ത്രം, ഭൗതികശാ സ്‌ത്രം, ഗണിതശാസ്‌ത്രം എന്നീ മേഖലകളിലും ഇദ്ദേഹം ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ക്ലോഡിയസ് ടോളമിയസ് (Claudius Ptolemaeus) എന്നാണ് പൂര്‍ണ്ണമായ പേര്. ടോളമിയുടെ ജീവിതകാലത്തെക്കുറിച്ച് വ്യക്‌തമായ തെളിവുകള്‍ ലഭ്യമല്ല. ഇദ്ദേഹം ഈജിപ്‌തിലാണ്‌ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള ഭൂകേന്ദ്രസിദ്ധാന്തം (Geocentric theory) ആവിഷ്‌ക്കരിച്ചത് ടോളമിയാണ്. ഭൂകേന്ദ്ര സിദ്ധാന്തം പില്‌ക്കാലത്ത് തെറ്റാണെന്നു ബോധ്യപ്പെട്ടു. എങ്കിലും 16-ാം ശതകത്തില്‍ കോപ്പര്‍നിക്കസ് സൂര്യകേന്ദ്ര സിദ്ധാന്തം (Heliocentric theory) ആവിഷ്‌ക്കരിക്കുന്നതുവരെ 1400 കൊല്ലങ്ങളോളം മുന്നിട്ടുനിന്നത് ടോളമിയുടെ ആശയങ്ങളാണ്. തന്റെ മുന്‍ഗാമികളുടെ നിരീക്ഷണഫലങ്ങള്‍ ചിട്ടയായും ക്രമമായും അടുക്കി, സ്വന്തം ഗവേഷണഫലങ്ങള്‍കൂടി ചേര്‍ത്ത് സമാഹരിച്ച് അവയെ മെച്ചപ്പെടുത്തി തയ്യാറാക്കിയ അല്‍മജെസ്‌റ്റ് (Almagest) (അറബി ഭാഷയില്‍ ഏറ്റവും മഹത്തായത് എന്നര്‍ത്ഥം) എന്ന ഗ്രന്‌ഥം ടോളമിയുടെ ഏറ്റവും മികച്ച കൃതിയായി കരുതപ്പെടുന്നു. ഇൗ കൃതിയിലാണ് ഭൂകേന്ദ്രസിദ്ധാന്തം അവതരിപ്പിച്ചിട്ടുള്ളത്. ഭൂമി പ്രപഞ്ചകേന്ദ്രത്തില്‍ നിശ്‌ചലമായി നില്‍ക്കുന്നുവെന്നും സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ എന്നിവ ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുന്നുവെന്നുമാണ് ടോളമി സിദ്ധാന്തിച്ചത്. 48 സ്‌ഥിര നക്ഷത്രസമൂഹങ്ങള്‍ക്ക് (Constellation) പേര് നല്‍കി ടോളമി നക്ഷത്ര വിവരപ്പട്ടിക അവതരിപ്പിച്ചു. ഇന്നും ശാസ്‌ത്രലോകം ഉപയോഗിച്ചു വരുന്നത് ആ പേരുകളാണ്. ദര്‍പ്പണങ്ങളെക്കുറിച്ചുള്ള ഓപ്‌റ്റിക്‌സ്, അനലെമ്മ പ്ലാനിസ് ഫേറിയം, ടെട്രാബിബ്ലോസ്, ഹാന്‍ഡി ടേബിള്‍സ് തുടങ്ങിയവ ടോളമിയുടെ ഇതരകൃതികളാണ്.
ആര്യഭടന്‍ (എ.ഡി. 476)
ഭാരതീയ ജ്യോതിശാസ്‌ത്രശാഖയുടെ സ്‌ഥാപകന്‍. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ (എ.ഡി.499) എഴുതിയ ആര്യഭടീയം അദ്ദേഹത്തെ അനശ്വരനാക്കി. ഉത്തരകേരളത്തിലെ അശ്‌മകം എന്ന ഗ്രാമത്തില്‍ ജനിച്ചു. കേരളത്തില്‍ അന്നു ലഭിക്കുമായിരുന്ന എല്ലാ ശാസ്‌ത്രവിജ്‌ഞാനവും ബാല്യത്തില്‍തന്നെ അദ്ദേഹം സ്വായത്തമാക്കി. തുടര്‍ന്ന് മഗധ (ബീഹാര്‍) രാജ്യത്തിലെ കുസുമപുരത്തിലെ (പാടലീപുത്രം) വിദ്യാലയത്തെക്കുറിച്ച് കേട്ടറിഞ്ഞ ആര്യഭടന്‍ രണ്ടായിരത്തിലധികം മൈല്‍ ദൂരം കാല്‍നടയായി സഞ്ചരിച്ച് അവിടെ സ്‌ഥിരതാമസമാക്കി എന്നാണ് പൊതുവായ സങ്കല്‌പം. ആര്യഭടീയം കൈയെഴുത്തുപ്രതിയുടെ രൂപത്തില്‍ ഭാരതത്തിലാകമാനം പ്രചരിച്ചു. ഭാരതീയ ഗണിത, ജ്യോതിശാസ്‌ത്രങ്ങളുടെ പിന്നീടുള്ള കുതിപ്പുകള്‍ ഇൗ ഗന്‌ഥത്തെ അധാരമാക്കിയാണുണ്ടായത്. 121 പദ്യങ്ങളിലായാണ് ആര്യഭടീയത്തിന്റെ അവതരണം. ഗണിതം, ജ്യോതിശാസ്‌ത്രം, ഭൂമിശാസ്‌ത്രം എന്നിവയെല്ലാം ഇതില്‍ പരാമര്‍ശവിധേയമാക്കുന്നുണ്ട്. വള്ളത്തില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് നദീതീരം എതിര്‍ദിശയിലേക്ക് ചലിക്കുന്നതായി തോന്നുന്നതുപോലെയാണ് കിഴക്കോട്ടു കറങ്ങുന്ന ഭൂമിയിലിരിക്കുന്ന ആളുകള്‍ക്ക് നക്ഷത്രമണ്‌ഡലം പടിഞ്ഞാറോട്ട് നീങ്ങുന്നതായി തോന്നുന്നത്. എന്ന് ആര്യഭടന്‍ ഇതില്‍ വിശദീകരിക്കുന്നു.ആര്യഭടന്റെ ജീവിതത്തെപ്പറ്റിയോ അദ്ദേഹം എഴുതിയിരിക്കുന്ന മറ്റു പുസ്‌തകങ്ങളെപ്പറ്റിയോ കാര്യമായ ചരിത്രരേഖകളൊന്നും കിട്ടിയിട്ടില്ല. കോപ്പര്‍നിക്കസിന് ഏഴു നൂറ്റാണ്ടോളം മുമ്പ് ആര്യഭടന്‍ ഇൗ സത്യം കണ്ടുപിടിച്ചിരുന്നു എന്നതില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം.
വരാഹമിഹിരന്‍
(എ.ഡി. 500നും 600നും ഇടയില്‍)
ജ്യോതിശാസ്‌ത്രത്തിലെ പഞ്ചസിദ്ധാന്തിക, ബൃഹല്‍ ജാതക എന്നീ ഏറ്റവും ആധികാരികമായ പ്രാചീനഗ്രന്‌ഥങ്ങളുടെ കര്‍ത്താവ്. കാലം സൂര്യചന്ദ്രന്മാരെ ആശ്രയിക്കുന്നതായും ചില പ്രത്യേക സാഹചര്യങ്ങളില്‍ സന്ധ്യാനക്ഷത്രം രാവിലെ ഉദിക്കുന്നതായും പഞ്ചസിദ്ധാന്തികയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കാളിദാസന്റെ സമകാലികനായിരുന്ന വരാഹമിഹിരന്‍ ഉജ്‌ജയിനിയുടെ സാംസ്‌കാരിക പ്രഭാവം ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കാളിയായി.
0 Comments