1928 മുതല്‍ സാലിം മുംബൈയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയത്തില്‍ നാച്വറല്‍ ഹിസ്‌റ്ററി വിഭാഗത്തില്‍ ഗൈഡായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഉന്നത പരിശീലനത്തിനായി ജര്‍മനിയിലേക്കുപോയി. പ്രശസ്‌ത പ്രകൃതിശാസ്‌ത്രജ്‌ഞനായിരുന്ന പ്രൊഫസര്‍ എര്‍വിന്‍ സ്‌ട്രെസ്‌മാനിന്റെ കീഴില്‍ ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി.
തുടര്‍ന്ന് മുംബൈ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റിക്കുവേണ്ടി പ്രാദേശിക പക്ഷിസര്‍വേകള്‍ നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇതിനായി ഇന്ത്യയിലെ പ്രധാന പക്ഷികേന്ദ്രങ്ങളിലെല്ലാം അദ്ദേഹം ചുറ്റിസഞ്ചരിച്ചു. മുംബൈ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റി ഫണ്ടില്ലാതെ പൂട്ടിപ്പോകുന്ന അവസ്‌ഥയിലെത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവില്‍ നിനും സഹായം നേടിയെടുത്ത് ആ സ്‌ഥാപനത്തെ രക്ഷപ്പെടുത്തിയത് സാലിം അലിയാണ്. ഭരത്‌പൂര്‍ പക്ഷിസങ്കേതവും സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണമായി.
ലോകം അംഗീകരിക്കുന്നു
സാലിം അലിയിലെ പക്ഷിശാസ്‌ത്രജ്‌ഞനെ വൈകിയാണെങ്കിലും ലോകം തിരിച്ചറിഞ്ഞു. നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. ബ്രിട്ടീഷ് ഓര്‍ണത്തോളജിക്കല്‍ സൊസൈറ്റിയുടെ ഗോള്‍ഡ് മെഡല്‍ നേടിയ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പക്ഷിനിരീക്ഷകന്‍ സാലിം അലിയാണ്. പത്മഭൂഷന്‍ (1958), ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സുന്ദര്‍ലാല്‍ ഹോറ സ്വര്‍ണ്ണമെഡല്‍ (1970), നെതര്‍ലാന്‍ഡ് രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ദ ഗോള്‍ഡന്‍ ആര്‍ക്ക് (1073), പദ്‌മ വിഭൂഷണ്‍ (1976) തുടങ്ങിയ അനേകം പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1982 ല്‍ പക്ഷിശാസ്‌ത്രത്തില്‍ നാഷണല്‍ പ്രൊഫസറായി തെരഞ്ഞെടുക്കപെട്ടു. 1985-ല്‍ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു.
പക്ഷികളെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍
ഇന്ത്യയിലെ പക്ഷികളെക്കുറിച്ച് ആധികാരികമായി അറിയാനും പഠിക്കാനും ഇന്നും ആശ്രയം സാലിം അലി വര്‍ഷങ്ങളുടെ കഠിനപ്രഗത്നത്താല്‍ തയാറാക്കിയ പുസ്‌തകങ്ങളാണ്. ഹാന്‍ഡ് ബുക്ക് ദ ബേര്‍ഡ്‌സ് ഓഫ് ഇന്ത്യ ആന്റ് പാകിസ്‌ഥാന്‍, ബേര്‍ഡ്‌സ് ഓഫ് ഇന്ത്യ എനിവയാണ് പ്രധാന പുസ്‌തകങ്ങള്‍. ദി ഫാള്‍ ഓഫ് സ്‌പാരോ അദ്ദേഹത്തിന്റെ ആത്മകഥയാണ്.
0 Comments