ഭൂമിയുടെ നാലില്‍ മൂന്നുഭാഗവും ജലംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഇതില്‍ മുക്കാല്‍ ഭാഗത്തിലധികവും (97 ശതമാനം) ഉപ്പുവെള്ളമാണ്. വളരെ ചെറിയൊരു ഭാഗം മാത്രമേ ശുദ്ധജലമുള്ളൂ. അതില്‍ തന്നെ നേരിയൊരു അംശം മാത്രമേ നമുക്ക് ഉപയോഗപ്രദമായ രീതിയില്‍ ലഭ്യമായിട്ടുള്ളൂ. ബാക്കിയെല്ലാം മഞ്ഞായും നീരാവിയായും ഐസുകട്ടയായും ഒക്കെ കിടക്കുകയാണ്.
നമുക്ക് ഓരോരുത്തര്‍ക്കും ഓരോ ദിവസത്തെയും ആവശ്യത്തിനായി ചുരുങ്ങിയത് 50 ലിറ്ററെങ്കിലും ശുദ്ധജലം വേണം. ഇന്ന് ലോകത്ത് 110 കോടി ആളുകള്‍ക്ക് ശുദ്ധജലം ലഭിക്കാന്‍ ഒരു മാര്‍ഗവുമില്ല. ഐക്യരാഷ്ര്‌ടസംഘടനയുടെ കണക്കനുസരിച്ച് 2025- മാണ്ടാവുമ്പോള്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം ആളുകള്‍ക്ക് കുടിവെള്ളം കിട്ടാനുണ്ടാവില്ല. മലിനജലം കുടിക്കുന്നതുകൊണ്ട് ഓരോ വര്‍ഷവും 180 കോടി ജനങ്ങള്‍ രോഗബാധിതരാകുന്നു. ലോകത്തെ അഞ്ചില്‍ നാല് കുഞ്ഞുങ്ങളുടെയും മരണകാരണം മലിനജലം കുടിക്കുന്നതുകൊണ്ടുണ്ടാകുന്ന രോഗങ്ങളാലാണ്. നമ്മുടെ കൊച്ചു കേരളത്തിലെ 70 ശതമാനം രോഗങ്ങളും ശുദ്ധജലവും ശുചിയായ കക്കൂസ് സൗകര്യങ്ങളും ഇല്ലാത്തതു മൂലമാണത്രേ. ഒരു കാലത്ത് നമ്മുടെ അരുവികളും പുഴകളും കുളങ്ങളും കിണറുകളുമെല്ലാം ശുദ്ധജല സമൃദ്ധമായിരുന്നു. ഇന്ന് വീട്ടുവളപ്പിലെ കിണറ്റിലെ വെള്ളം പോലും തിളപ്പിക്കാതെ കുടിക്കാന്‍ വയ്യ. നമ്മള്‍ തന്നെയാണ് ഇതിനു കാരണക്കാര്‍. ജനപ്പെരുപ്പവും നഗരവത്‌കരണവും കീടനാശിനികളുടെ അമിതോപയോഗവുമെല്ലാം അമൂല്യമായ ജല സമ്പത്ത് മലിനമാകുന്നതിന് പ്രധാന കാരണങ്ങളാണ്. മനുഷ്യന്റെ വിസര്‍ജ്യവസ്‌തുക്കളും അറവുമാലിന്യങ്ങളും വ്യവസായ ശാലകളില്‍ നിന്നുള്ള വിഷമാലിന്യങ്ങളുമെല്ലാം നിറച്ച് ജലാശയങ്ങളായ ജലാശയങ്ങളൊക്കെ നാം വിഷലിപ്‌തമാക്കി. കളനാശിനികള്‍, കീടനാശിനികള്‍, ഉപയോഗശൂന്യമായ ബാറ്ററി വലിച്ചെറിയുന്നതുമൂലമുണ്ടാകുന്ന വിഷവസ്‌തുക്കള്‍ മണ്ണിലലിഞ്ഞ് വെള്ളത്തിലേക്കൂര്‍ന്നിറങ്ങുന്നത്, പൊട്ടിയ റ്റ്യൂബ്‌ലൈറ്റും, സി.എഫ്.എല്‍. ബള്‍ബുകളും വലിച്ചെറിയുന്നത് മൂലം മണ്ണില്‍ക്കലരുന്ന മെര്‍ക്കുറി കിണറിലേക്കൊലിച്ചിറങ്ങുന്നത് തുടങ്ങി മലിനീകരണ സ്രോതസ്സുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇത്തരമൊരവസ്‌ഥയിലാണ് നമ്മള്‍ ലോകജലദിനം ആചരിക്കുന്നത്.
ആരോഗ്യമുള്ള ഒരു ലോകത്തിന് ശുദ്ധജലം
ശുദ്ധജലം ലോകാരോഗ്യത്തിന് എന്നുള്ളതാണ് ഈ വര്‍ഷത്തെ ലോക ജലദിനമുദ്രാവാക്യം. ഓരോ വര്‍ഷവും 1500 കിലോമീറ്റര്‍ നീളത്തിലും 1500 കിലോ മീറ്റര്‍ വീതിയിലും 1500 കിലോമീറ്റര്‍ ആഴത്തിലുമുള്ള ജലം ലോകത്താകമാനമായി മലിനീകരിക്കപ്പെടുന്നു എന്നാണ് ഐക്യരാഷ്ര്‌ടസഭയുടെ പഠനം വ്യക്‌തമാക്കുന്നത്.
വൃത്തിയുള്ള കിണര്‍
നമ്മള്‍ ശുദ്ധജലത്തിന് ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന സ്രോതസ്സുകളാണ് കിണറുകള്‍. ഒരു ചതുരശ്ര കിലോമീറ്ററില്‍ 250 ഓളം കിണറുകള്‍ ദക്ഷിണകേരളത്തിലുണ്ട്. ഉത്തരകേരളത്തിലാകട്ടെ ഇത് 150 ആണ്. കേരളത്തിലെ മിക്ക കിണറുകളും രോഗാണുപൂരിതമാണെന്നാണ് ഈയിടെ നടന്ന പഠനത്തിലൂടെ വെളിവായത്. കിണര്‍ജലമലിനീകരണം തടയുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
. കിണറുകള്‍ക്ക് ചുറ്റും നിന്ന് കുളിക്കരുത്.
. കന്നുകാലികളെ കുളിപ്പിക്കരുത്.
. വാഹനങ്ങള്‍ കഴുകരുത്.
.തൊഴുത്തും കക്കൂസും കിണറുകളില്‍നിന്ന് പത്തുമീറ്ററെങ്കിലും അകലത്തിലായിരിക്കണം.
.നീര്‍വാര്‍ച്ചയുള്ള മണല്‍പ്രദേശമാണെങ്കില്‍ ഇത് കുറഞ്ഞ പക്ഷം 100 മീറ്റര്‍ അകലത്തിലെങ്കിലും ആയിരിക്കണം.
. തൊട്ടിയും കയറും തറയില്‍ ഇടരുത്.
. താണനിരപ്പില്‍ നിന്ന് 2മ്മ അടി ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടി കിണറിനു ചുറ്റും മൂന്നടി വീതിയില്‍ പുറത്തേക്ക് ചരിവോടുകൂടിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കണം.
. കിണറിന്റെ ഉള്‍മതില്‍ രണ്ട് റിംഗ് താഴെവരെ സിമന്റ് പ്ലാസ്‌റ്ററിംഗ് ചെയ്യണം.
.കിണര്‍ ചപ്പുചവറുകള്‍ വീഴാത്തവിധം വലകൊണ്ട് മൂടണം.
. വെള്ളം ഒഴുകി വീഴുന്നതിന് സോക്‌പിറ്റ്, ഓവുചാല്‍ എന്നിവവേണം.
. വര്‍ഷത്തിലൊരിക്കല്‍ കിണര്‍ തേകിവൃത്തിയാക്കുക.
. വെള്ളം കോരിയശേഷം തൊട്ടി കമഴ്‌ത്തി വയ്‌ക്കുക.
. തൊട്ടികെട്ടിയ കയര്‍ വെള്ളത്തില്‍നിന്ന് പൊക്കി വയ്‌ക്കുക.
. ചാണകക്കുഴി കിണറിനു സമീപമാകരുത്.
. കിണറിനുചുറ്റും ഒലിപ്പുവെള്ളം കെട്ടി നില്‍ക്കരുത്.
. കിണറിനു സമീപപ്രദേശത്ത് കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കുന്ന കൃഷിസ്‌ഥലമുണ്ടാകരുത്.
. കക്കൂസില്‍ പോയശേഷം കൈ സോപ്പിട്ടു കഴുകാതെ തൊട്ടിയും കയറും ഉപയോഗിക്കരുത്.
. മഴക്കാലത്ത് കിണര്‍ ക്ലോറിനേഷന്‍ ചെയ്യുക.
.മലമൂത്രവിസര്‍ജനം ടോയ്‌ലറ്റില്‍ മാത്രം.
.വീട്ടുമാലിന്യങ്ങള്‍ പരിസരങ്ങളില്‍ കിടന്ന് അഴുകാനനുവദിക്കാതിരിക്കുക.
കുടിവെള്ളം കൈകാര്യം ചെയ്യുമ്പോള്‍
. കുടിവെള്ളം രോഗാണുമുക്‌തമായി സൂക്ഷിക്കണം.
.വൃത്തിയുള്ള പാത്രങ്ങളില്‍ മാത്രം കുടിവെള്ളം ശേഖരിക്കുക.
. വെള്ളം സംഭരിക്കുന്നതിന് മുമ്പ് കൈകള്‍ കഴുകുക.
. കിണര്‍വെള്ളമെടുക്കുന്നതിന് മുമ്പ് തൊട്ടിയും കയറും വൃത്തിയുള്ളതാണോ എന്ന് പരിശോധിക്കുക.
. പൈപ്പില്‍ നിന്നും ജലമെടുക്കുമ്പോള്‍ ചുറ്റുപാടുകള്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക.
.കുടിവെള്ളം നിറച്ച പാത്രങ്ങള്‍ക്കുമേല്‍ മറ്റു പാത്രങ്ങള്‍ വയ്‌ക്കരുത്.
. കൈവിരലുകളും വസ്‌ത്രവും വെള്ളത്തില്‍ സ്‌പര്‍ശിക്കരുത്.
. ഉയരത്തില്‍, വൃത്തിയുള്ളിടത്ത് വെള്ളം അടച്ചു സൂക്ഷിക്കുക.
.വളര്‍ത്തുമൃഗങ്ങളും പക്ഷികളും വെള്ളം മലിനപ്പെടുത്താന്‍ ഇടയാവരുത്.
.പിടിയുള്ള പാത്രംകൊണ്ടു മാത്രം വെള്ളം കോരിയെടുക്കുക.
. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കുക.
0 Comments