നാടകശാല

Share it:

ഈ ലോകം ഒരു നാടകശാലയാണ്‌. നാമെല്ലാം അതിലെ നടീനടന്‍മാര്‍ മാത്രം

വിഖ്യാത നാടകകൃത്തും കവിയുമായ ഷേക്‌സ്പിയറിന്റെ ഈ അഭിപ്രായം മനുഷ്യനും നാടകവും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്നു. സംഭാഷണം, അഭിനയം എന്നിവയില്‍ക്കൂടി കാഴ്‌ചക്കാരുമായി സംവദിക്കുന്ന ഈ കലയുടെ ആവിര്‍ഭാവം എങ്ങനെയാകാം? മതാചാരങ്ങളില്‍ നിന്നും അനുഷ്‌ഠാനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നു എന്നതാണ്‌ ഏറ്റവും വിശ്വസനീയമായത്‌.

ഥെസ്‌പിസ്‌ : ആദ്യത്തെ നാടകകൃത്ത്‌

ഏറ്റവും ആദ്യമായി നാടകങ്ങള്‍ അരങ്ങേറിയത്‌ ഗ്രീസിലാണ്‌ എന്നാണ്‌ നാടകചരിത്രകാരന്മാരുടെ അഭിപ്രായം. ക്രിസ്‌തുവിന്‌ മുമ്പ്‌ 6-ാം നൂറ്റാണ്ടില്‍ ആഥന്‍സില്‍ ജീവിച്ചിരുന്ന ഥെസ്‌പിസ്‌ ആണ്‌ ആദ്യത്തെ നാടകകൃത്തും നടനുമായി കരുതപ്പെടുന്നത്‌. അദ്ദേഹത്തിനു പിറകെ എസ്‌കിലസ്‌, സോഫോക്‌ളിസ്‌, യൂറിപിഡീസ്‌ എന്നീ നാടകകൃത്തുക്കളും രംഗത്തുവന്നു.

എന്താണ്‌ നാടകം?

ഒരു പൂര്‍ണ്ണക്രിയയുടെ അനുകരണം (An Imitation of action) എന്നാണ്‌ നാടകത്തെക്കുറിച്ച്‌ അരിസേ്‌റ്റാട്ടില്‍ നിര്‍വചിച്ചിട്ടുള്ളത്‌. മുഖ്യമായത്‌ അഭിനയമാണെങ്കിലും നാടകത്തില്‍ പല കലകളും അനുപമമായി സമ്മേളിച്ചിരിക്കുന്നു. സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിവയെല്ലാം ഇണങ്ങിച്ചേര്‍ന്നതുകൊണ്ടാവാം ആദ്യകാലങ്ങളില്‍ ഇത്‌ ധാരാളം സഹൃദയരെ ആകര്‍ഷിക്കുകയും ആഹ്‌ളാദഭരിതരാക്കുകയും ചെയ്‌തത്‌. നാടകത്തിന്‌ ജനസഞ്ചയത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത പല നാടകകൃത്തുക്കളും തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ പ്രചരിപ്പിക്കാനായി പ്രയോജനപ്പെടുത്തി. മതവിശ്വാസം ഉറപ്പിക്കുവാനും, സദാചാരബോധം വളര്‍ത്തുവാനും നാടകകലയുടെ ആരംഭം തൊട്ടേ മനുഷ്യന്‍ പരിശ്രമിച്ചു. കേരളത്തില്‍ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക് കെ.പി.എ.സി നാടകങ്ങള്‍ നല്‍കിയ സംഭാവന ചെറുതൊന്നുമല്ല.

നാടകത്തിന്റെ പ്രധാന ഘടകങ്ങള്‍

ഇതിവൃത്തവും കഥാപാത്രങ്ങളും സംഭാഷണവുമാണ്‌ നാടകത്തിന്റെ സുപ്രധാന ഘടകങ്ങള്‍. ഇതിവൃത്തത്തിന്റെ സത്ത അഭിനേതാക്കള്‍ ആംഗികവും (അംഗചലനങ്ങള്‍) വാചികവുമായ (സംഭാഷണം) അഭിനയത്തിലൂടെ വേദിയില്‍ അവതരിപ്പിക്കുന്നു. വേഷവും ഭാവവും അഭിനയത്തെ അര്‍ത്ഥ പൂര്‍ണ്ണമാക്കുന്നു. രംഗവേദിയില്‍ നടീനടന്‍മാര്‍ അവതരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട്‌ പ്രേക്ഷകര്‍ സംവദിക്കുമ്പോള്‍ തിയേറ്റര്‍ രൂപം കൊള്ളുകയായി.

തിയോട്രോണില്‍ നിന്നുവന്ന തിയേറ്റര്‍

കാണുക എന്നര്‍ത്ഥം വരുന്ന ഗ്രീക്ക്‌ ഭാഷയിലെ തിയോട്രോണ്‍ എന്ന പദത്തില്‍ നിന്നാണ്‌ തിയേറ്റര്‍ എന്ന പദം വന്നിട്ടുള്ളത്‌. ബി.സി മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ രൂപം കൊണ്ട യവന നാടകവേദിയാണ്‌ തിയേറ്ററിന്റെ ആദിമരൂപം. മതാനുഷ്‌ഠാനവുമായി ബന്ധപ്പെട്ട്‌ ആവിര്‍ഭവിച്ച ഗ്രീക്ക്‌ നാടകങ്ങള്‍ വിളവെടുപ്പിന്റെയും വീഞ്ഞിന്റെയും ദേവനായ ഡയണീഷ്യസിനെ പ്രകീര്‍ത്തിച്ചുള്ളവയായിരുന്നു. ഡയണീഷ്യസിനെ ആദരിക്കാനായി വര്‍ഷംതോറും സമ്മേളിച്ചിരുന്ന യവനര്‍ അവതരിപ്പിച്ച കലാരൂപങ്ങളാണ്‌ നാടകത്തിന്റെ ആദിമരൂപം. ദുരന്തനാടകങ്ങളായിരുന്നു ഇവര്‍ അവതരിപ്പിച്ചിരുന്നത്‌. ഇതിഹാസകഥകള്‍ ഹൃദ്യമായി അവതരിപ്പിച്ചുകൊണ്ട്‌ ജനകീയമായ ഒരു പ്രസ്‌ഥാനമായി ഇതു വളര്‍ന്നുവന്നു. ഈജിപ്‌ത്, മെസപ്പെട്ടോമിയ, സുമേറിയ, അസീറിയ തുടങ്ങിയ സാംസ്‌കാരികഭൂമികകളിലേക്കും യവനനാടകവേദിയുടെ പ്രഭാവം പടര്‍ന്നുകയറി.

ഭാരതത്തില്‍

വേദോപനിഷത്തുകളുടെ കാലംമുതല്‍ക്കുതന്നെ ഭാരതത്തില്‍ നാടക രൂപങ്ങള്‍ നിലവിലുണ്ടായിരുന്നു. രാമായണം, മഹാഭാരതം എന്നീ ഇതിഹാസകാവ്യങ്ങള്‍ നാടകീയ സ്വഭാവമുള്ള സംഭാഷണങ്ങളും അഭിനയപ്രാധാന്യമുള്ള മുഹൂര്‍ത്തങ്ങളുംകൊണ്ട്‌ സമ്പന്നമാണ്‌. ഭരതമുനിയുടെ നാട്യശാസ്‌ത്രത്തില്‍ നാടകകലയെക്കുറിച്ച്‌ സൂക്ഷ്‌മമായി പ്രതിപാദിക്കുന്നുണ്ട്‌. ഗ്രാമ്യനാടകങ്ങള്‍ കണ്ടിട്ടാണ്‌ താന്‍ നാടകകലയ്‌ക്ക് അടുക്കും ചിട്ടയും വരുത്താന്‍ ശ്രമിക്കുന്നതെന്ന്‌ ഭരതമുനി നാട്യശാസ്‌ത്രത്തില്‍ പറയുന്നുണ്ട്‌.

ലോകത്തിലെ ആദ്യ നാടകശാല

ആഥന്‍സിലെ അക്രോപൊലിസ്‌ മലയോരത്തു സ്‌ഥാപിക്കപ്പെട്ട തിയേറ്റര്‍ ഓഫ്‌ ഡയണീഷ്യസ്‌ ആണ്‌ ലോകത്തിലെ ആദ്യ നാടകശാല. ബി.സി. 330-ല്‍ ലിക്കുഗസ്‌ ആണ്‌ ഈ വേദി സ്‌ഥാപിച്ചത്‌. വൃത്താകൃതിയിലുള്ള ഈ രംഗവേദിയെ ഓര്‍ക്കസ്‌ട്ര എന്നായിരുന്നു വിളിച്ചിരുന്നത്‌. ഒരു താഴ്‌വാരപ്രദേശത്ത്‌ ഗാലറി രൂപത്തില്‍ ഇരിപ്പിടങ്ങള്‍ തയാറാക്കി, അതിന്റെ മധ്യത്തിലായി രംഗവേദിയും നിര്‍മ്മിച്ചു. 17,000-ത്തോളം പേര്‍ക്ക്‌ ഇരിക്കാന്‍ ഈ ഗാലറിയില്‍ സംവിധാനമുണ്ടായിരുന്നു. തുടര്‍ന്ന്‌ ഡെല്‍ഫി തിയേറ്റര്‍, എപ്പിഡോറസ്‌ തിയേറ്റര്‍, ഡെല്ലോസ്‌ തിയേറ്റര്‍ തുടങ്ങി അനേകം നാടകശാലകള്‍ ഗ്രീസിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്നു.
Share it:

World

നാടകം

Post A Comment:

0 comments: