വാദ്യലോകം - 5

Share it:
തുകല്‍ വാദ്യങ്ങള്‍
ചെണ്ട
‘പതിനെട്ട് വാദ്യങ്ങളും ചെണ്ടക്ക് താഴെ’ എന്നൊരു ചൊല്ലുതന്നെയുണ്ട്. അതിനര്‍ഥം വാദ്യങ്ങളില്‍ കേമന്‍ ചെണ്ടതന്നെ എന്നാണ്. പ്ളാവ്, അരയാല്‍, പേരാല്‍, തെങ്ങ്, പന, കണിക്കൊന്ന എന്നിവയുടെ തടികൊണ്ടാണ് ചെണ്ടയുടെ പറ (കുറ്റി) നിര്‍മിക്കുന്നത്. മരത്തടിയുടെ അകം തുരന്ന് പൊള്ളയാക്കി രണ്ടറ്റത്തും തുകല്‍ വലിച്ചുകെട്ടും. പശുവിന്‍െറയോ കാളയുടെയോ തോലാണ് ഇതിനുപയോഗിക്കുക.
തുകല്‍ വെള്ളത്തിലിട്ട് രോമവും മറ്റും കളഞ്ഞ്, ഒരേകനം വരുത്തി ചെണ്ടക്കുറ്റിയില്‍ പൊതിയുകയാണ് ചെയ്യുക. രണ്ടറ്റത്തും മുളയുടെ ചീളുകള്‍ ഉപയോഗിച്ചുണ്ടാക്കിയ വളയങ്ങളിലാണ് തോല്‍ ഒട്ടിച്ചുവക്കുക. ആദ്യകാലത്ത് ചണയെന്നു പേരുള്ള ഒരുതരം കാട്ടുചെടിയുടെ വള്ളിയാണ് മുളക്കുപകരം ഉപയോഗിച്ചിരുന്നത്.
ചെണ്ടയുടെ ഇടതുവശത്ത് (ഇടംതല) ഒരു തുകലും വലതുവശത്ത് (വലംതല) ഒന്നിലധികം തുകലുകളും ഒട്ടിക്കും. താണസ്വരം കേള്‍പ്പിക്കുന്ന ഭാഗമാണ് വലംതല. ഇത് ദേവഭാഗമായി കണക്കാക്കുന്നു. ക്ഷേത്രത്തിനകത്തെ പൂജകള്‍ക്ക് വലംതലയാണ് കൊട്ടുക. എന്നാല്‍, ചെണ്ടയെ ചെണ്ടയാക്കുന്നത് ഇടംതലയാണ്. രസവൈവിധ്യമുള്ള പ്രയോഗങ്ങള്‍ ഈ വശത്തുനിന്നാണുണ്ടാക്കുന്നത്. പക്ഷേ ഒരുകാര്യം, വലിയ ശബ്ദമുണ്ടാക്കുന്നതിനാല്‍ അസുരഭാഗം എന്നാണ് ഇടംതലക്ക് പേര്. ഉരുട്ടുചെണ്ടയെന്നും വീക്കന്‍ചെണ്ടയെന്നും രണ്ടുതരമുണ്ട്. വലംതല കൊട്ടുന്നവയാണ് വീക്കന്‍. ഇടംതല കൊട്ടുന്നത് ഉരുട്ടുചെണ്ട. ഇതാണ് സാധാരണ വായിക്കാറുള്ളത്.
മദ്ദളം
കഥകളി വാദ്യങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന വാദ്യമാണ് മദ്ദളം. കഥകളിക്കുപുറമെ കൃഷ്ണനാട്ടത്തിലും പഞ്ചവാദ്യത്തിലും കേളിയിലും മദ്ദളം ഉപയോഗിക്കുന്നുണ്ട്. മറ്റുവാദ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി മടിയില്‍ വെച്ച് കൈ കൊണ്ടാണിത് കൊട്ടുന്നത്.
രണ്ടഗ്രങ്ങളും വീതി കുറഞ്ഞ്, മധ്യഭാഗം വീര്‍ത്ത രീതിയിലാണ് ഇതിന്‍െറ രൂപം. വലംതല കാളയുടെ തോലും ഇടംതല എരുമയുടെ തോലുംകൊണ്ട് പൊതിയുന്നു. തോല്‍ പൊതിയുന്ന വട്ടങ്ങള്‍ക്ക് 18 ദ്വാരങ്ങളുണ്ടാകും.
ഈ ദ്വാരത്തെ കണ്ണ് എന്നാണ് പറയുക. കേരളവാദ്യങ്ങളില്‍ ഏറ്റവും ഭാരമേറിയ വാദ്യമായ ഇതിന് 30 കിലോയോളം തൂക്കം വരും. പ്ളാവ്, കൊന്ന, വേങ്ങ എന്നിവയുടെ തടികൊണ്ടാണ് മദ്ദളക്കുറ്റികള്‍ ഉണ്ടാക്കുക. ഇടംതലത്തുകിലില്‍ പഴുത്ത കമുകിന്‍പട്ടയുടെ കരിയും ഉണക്കലരിച്ചോറും അടക്കാപശയും ചേര്‍ത്ത് കുഴച്ചുണ്ടാക്കിയ ചോറ് തേച്ചു പിടിപ്പിക്കും. ഇതാണ് കറുത്തപൊട്ട്. വലംതലയില്‍ ചോറിടാതെയും മദ്ദളം നിര്‍മിക്കുന്നുണ്ട്. ഇതിനെ തൊപ്പിമദ്ദളമെന്നും ചോറിട്ട് നിര്‍മിക്കുന്നതിനെ ശുദ്ധമദ്ദളമെന്നും പറയുന്നു. കഥകളിയില്‍ ശുദ്ധമദ്ദളവും തുള്ളലില്‍ തൊപ്പിമദ്ദളവുമാണ് ഉപയോഗിക്കുക.
ഗഞ്ചിറ
ഇത് ഒരു ഏകമുഖവാദ്യമാണ്. സംഗീതകച്ചേരി, ഭജന, ഹരികഥ തുടങ്ങിയ സംഗീത ശില്‍പങ്ങള്‍ക്കാണ് ഗഞ്ചിറ സാധാരണ ഉപയോഗിക്കാറ്. ഒരുവശം മാത്രമേ തുകല്‍ മൂടുകയുള്ളൂ. മറുവശം തുറന്നിരിക്കും. ഉദ്ദേശം ആറിഞ്ച് മുതല്‍ എട്ടിഞ്ച് വരെ വ്യാസവും മൂന്ന് ഇഞ്ചോളം വീതിയും വരുന്ന മരത്തില്‍ കടഞ്ഞെടുത്ത കട്ടയാണ് ഗഞ്ചിറയുടെ പ്രധാനഭാഗം.
ആടിന്‍െറയോ ഉടുമ്പിന്‍െറയോ തോലാണ് ഉപയോഗിക്കുക. കട്ടയുടെ ഒന്നോ രണ്ടോ ഭാഗത്ത് പിത്തളയില്‍ തീര്‍ത്ത കിലുക്കം ഘടിപ്പിക്കും. തോലില്‍ നിന്നും ഉണ്ടാകുന്ന ധ്വനിയോടൊപ്പം കിലുക്കത്തിന്‍െറ ശബ്ദം കൂടിയാകുമ്പോള്‍ മേളക്കൊഴുപ്പ് കൂടും. ഒരു കൈയില്‍ ഗഞ്ചിറ പിടിച്ച് മറ്റേ കൈ കൊണ്ടാണ് വായിക്കുക.
തിമില
പഞ്ചവാദ്യത്തെക്കുറിച്ച് കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ? അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വാദ്യമാണ് തിമില. ഇതിന്‍െറ യഥാര്‍ഥ പേര് ‘ധിമില’യെന്നായിരുന്നു കേട്ടോ. മൂത്ത വരിക്കപ്ളാവിന്‍െറ ഉണക്കിയെടുത്ത കുറ്റിയില്‍ തോല്‍ വലിച്ചുകെട്ടിയാണിത് ഉണ്ടാക്കുക. തിമിലയുടെ മധ്യഭാഗം വളഞ്ഞ് രണ്ടഗ്രവും വീതി കൂടിയാണുള്ളത്. ഈ മുഖങ്ങളില്‍ ചെറിയ വളയങ്ങളിലായി കാളക്കുട്ടിയുടെ തോല് ഒട്ടിച്ച വട്ടങ്ങള്‍ കോര്‍ത്തിടും. ഈ വട്ടത്തെ തുളച്ച് കുറ്റിയില്‍ ചേര്‍ത്തുവെച്ച് പശുവിന്‍െറയോ മറ്റോ തുകലില്‍നിന്നുണ്ടാക്കുന്ന വാറത്ത് കോര്‍ത്ത് മുറുക്കിയെടുക്കുമ്പോഴാണ് നാദമാധുര്യമുള്ള തിമിലയുടെ ജനനം. വാദകന്‍ (കൊട്ടുന്നയാള്‍) എങ്ങോട്ടാണോ തിരിഞ്ഞുനില്‍ക്കുന്നത് ആ ഭാഗത്തേക്കുതന്നെ തിരശ്ചീനമായിട്ടാണ് തിമില തൂങ്ങിക്കിടക്കുക. രണ്ടു കൈകൊണ്ടും ഒരു മുഖത്ത് കൊട്ടുന്നതാണ് തിമിലയുടെ സമ്പ്രദായം.
തബല
രണ്ട് തുകല്‍വാദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് തബല. വലതു കൈകൊണ്ട് വായിക്കുന്നത് ദായയും ഇടതുകൈകൊണ്ട് വായിക്കുന്നത് ബായയും. രണ്ടിന്‍െറയും തുകലിന്‍െറ മധ്യത്തില്‍ കറുത്ത ചോറ് ഒട്ടിച്ചിരിക്കും.
ഇരുവശങ്ങളിലും തോലും ഇത് ഉറപ്പിക്കാന്‍ തോല്‍വാറുകളും വളയങ്ങളും ഉപയോഗിക്കുന്നു. ദായയില്‍ വാറുകള്‍ക്കിടയില്‍ ചെറിയ ഉരുളന്‍ തടിക്കഷണങ്ങള്‍ തിരുകിക്കയറ്റിയിരിക്കും. ഇത് മുകളിലോട്ടും താഴോട്ടും നീക്കി ശ്രുതിവ്യത്യാസം  വരുത്താം. ദായ വായിക്കാന്‍ കൈവിരലുകള്‍ മാത്രമാണ് ഉപയോഗിക്കുക. എന്നാല്‍, ഇടതു കൈവിരലുകളും ഉള്ളം കൈയും മണിബന്ധവും ഉപയോഗിച്ചാണ് ബായ വായിക്കുന്നത്. കഥക്, ഒഡീസി തുടങ്ങിയ ഉത്തരേന്ത്യന്‍ നൃത്തങ്ങളിലും ഗാനമേളകളിലും പശ്ചാത്തലത്തില്‍ തബലയുണ്ടാകും.
മൃദംഗം
കര്‍ണാടക സംഗീതകച്ചേരികള്‍ക്കും ദക്ഷിണേന്ത്യന്‍ നൃത്ത പരിപാടികള്‍ക്കും മുഖ്യമായി ഈ താളവാദ്യം ഉപയോഗിക്കുന്നു. പ്ളാവില്‍ തീര്‍ത്ത കുറ്റിക്ക് 45 മുതല്‍ 50 സെന്‍റിമീറ്റര്‍ വരെ നീളമുണ്ടാകും. മദ്ദളംപോലെത്തന്നെ വശങ്ങള്‍ വീതികുറഞ്ഞ്, നടുഭാഗം വണ്ണം കൂടിയിരിക്കും. തോല്‍വളയങ്ങള്‍ തമ്മില്‍ തോല്‍വാറ് കെട്ടി മുറുക്കി വലിച്ചിരിക്കും. ഈ വാറിന്‍െറയും ഉടലിന്‍െറയും ഇടയില്‍ ഉരുണ്ട തടിക്കഷണങ്ങള്‍ തിരുകിക്കയറ്റിയിട്ടുണ്ടാകും. ശ്രുതിയില്‍ വ്യത്യാസം വരുത്താനാണിത്. വലതുവശത്ത് സ്ഥിരമായി വൃത്താകൃതിയില്‍ കറുത്ത ഒരു ഭാഗം കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടില്ലേ. ചോറ് എന്നാണിതിന് പറയുക. ഇടതുവശത്ത് പച്ച റവ വെള്ളം ചേര്‍ത്ത് കുഴച്ച് ഉരുട്ടി അരയിഞ്ച് വ്യാസത്തില്‍ തേച്ചുപിടിപ്പിച്ചിരിക്കും. കേരളത്തില്‍ കച്ചേരികളിലും സംഗീത പരിപാടികളിലും വ്യാപകമായി ഈ വാദ്യം ഉപയോഗിക്കുന്നു.
ഉടുക്ക്
ഇടയ്ക്കയുടെ ചെറിയ രൂപം. എന്നാല്‍, അത്രയും ഭംഗിയില്ല. സംസ്കൃതത്തില്‍ ‘ഡമരു’ (ഡമ എന്ന ശബ്ദം പുറപ്പെടുവിക്കുന്നതുകൊണ്ട്) എന്നു പറയും. മധ്യഭാഗം വണ്ണം കുറഞ്ഞ ചെറിയ മരക്കുറ്റിയാണ് ഉടുക്കുകുറ്റി. ഇരുവശമുള്ള വട്ടങ്ങളും ചെറുതായിരിക്കും. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളില്‍ ഈ വാദ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അയ്യപ്പന്‍ പാട്ട്, മാരിയമ്മന്‍ പാട്ട്, തുകിലുണര്‍ത്തുപാട്ട് എന്നിവയോടൊപ്പം ഉപയോഗിക്കുന്നു.
പമ്പൈ
ഏകദേശം ചെണ്ടയുടെ രൂപമാണിതിന്. എന്നാല്‍ അത്രേം വലിപ്പമില്ല. വലിയ മരക്കുറ്റിയുടെ രണ്ടറ്റവും തുകല്‍ പൊതിഞ്ഞിരിക്കും. കാസര്‍കോട് ജില്ലയുടെ പലഭാഗത്തും ഇന്നും ഈ വാദ്യം പ്രചാരത്തിലുണ്ടെന്നറിയുന്നു.
മത്താളം
മദ്ദളത്തിന്‍െറ ആകൃതിയിലുള്ള ഒരു ചര്‍മവാദ്യം. ഒരുപക്ഷേ, മദ്ദളത്തിന്‍െറ പ്രാകൃതരൂപമായിരിക്കാം. മന്നാന്‍, ഊരാളി തുടങ്ങിയ ആദിവാസി വര്‍ഗക്കാര്‍ ഉപയോഗിക്കുന്നു. ഒരു വശത്ത് ഉടുമ്പിന്‍െറ തോലും മറുവശത്ത് അണ്ണാന്‍െറ തോലുമാണ് പൊതിയുക. പ്ളാവ്, ആഞ്ഞിലി, കുമ്പളമരം എന്നിവ കൊണ്ടാണ് മത്താളക്കുറ്റിയുടെ നിര്‍മാണം.
പാണി
അനുഷ്ഠാനബദ്ധമായ വാദ്യമാണിത്: വിശ്വാസപരമായി ദേവന്മാരുടെ പഞ്ചവാദ്യങ്ങളിലൊന്നും. ക്ഷേത്രത്തില്‍ ബലികര്‍മങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് പാണി. ‘മരം’ എന്നും ഈ വാദ്യത്തെ പറയും. കുളിച്ച് ശുദ്ധിയായി കോടി വസ്ത്രം ഉടുത്ത് ഉത്തരീയം ധരിച്ചാണ് പാണികൊട്ടുക. മരപ്പാണി (വലിയത്), തിമിലപ്പാണി (ചെറിയത്) എന്നിങ്ങനെ രണ്ടുതരമുണ്ടിത്. മരപ്പാണി കൊട്ടുമ്പോള്‍ പിഴക്കാന്‍ പാടില്ലെന്നാണ്. പിഴച്ചാല്‍ മരണം വരെ സംഭവിക്കാം എന്ന് വിശ്വാസമുണ്ട്.
ഇടുപിടി
ഒരു വശത്ത് മാത്രം കൊട്ടാവുന്ന പ്രാചീന തുകല്‍ വാദ്യമാണ് ഇടുപിടി. ‘കിടുപിടി’ എന്നും ഇതിന് പേരുണ്ട്. തടി കൊണ്ട് അര്‍ധഗോളാകൃതിയില്‍ നിര്‍മിക്കുന്ന കുറ്റിയില്‍ തുകല്‍ ചുറ്റി തുകലിന്‍െറതന്നെ വാറുകൊണ്ട് കെട്ടിയാണ് ഇത് നിര്‍മിക്കുന്നത്. ചില ക്ഷേത്രങ്ങളില്‍ മാത്രം കാണുന്ന അപൂര്‍വ വാദ്യങ്ങളിലൊന്നാണിത്. എഴുന്നള്ളിപ്പിന് മുന്നറിയിപ്പ് നല്‍കുന്നു. തൃപ്പൂണിത്തുറ, തൃശൂര്‍ വടക്കുംനാഥക്ഷേത്രം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ ഇടുപിടി പതിവായി ഉപയോഗിക്കുന്നുണ്ട്.
യാഴ്
സംഘകാല കൃതികളില്‍ ഈ വാദ്യത്തെ കുറിച്ചുള്ള പരാമര്‍ശം കാണാം. കേരളത്തിലും തമിഴ്നാട്ടിലും പണ്ട് പ്രചാരത്തിലുണ്ടായിരുന്നു. വില്‍യാഴ്, ഭേരിയാഴ്, സകോടയാഴ് എന്നിങ്ങനെ പല പേരുകളില്‍ ഇത് അറിയപ്പെടുന്നു. മരം, പശുവിന്‍തോല്‍, കമുകിന്‍പാള, ചെടികളില്‍നിന്ന് ചീന്തിയെടുക്കുന്ന നാരുകള്‍ എന്നിവകൊണ്ടാണ് നിര്‍മാണം.
തപ്പ്
പടയണി, വേലകളി, തൂക്കം തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ചെണ്ടയുടേത് പോലുള്ള നാദമാണിതിന്. മൂത്ത പ്ളാവിന്‍െറ വേരില്‍ നിന്ന് കാതല്‍ ചെത്തിയെടുത്തുണ്ടാക്കുന്ന ചെറിയ കഷണങ്ങള്‍ ചേര്‍ത്താണ് തപ്പിന്‍െറ കുറ്റി നിര്‍മിക്കുന്നത്. കുറ്റിയുടെ ഒരുവശത്ത് എരുമയുടെയോ പോത്തിന്‍െറയോ തോല്‍ പൊതിഞ്ഞിരിക്കും. തോല്‍ ഒട്ടിക്കുന്നത് പനച്ചിക്കായുടെ പശയും പാറപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ കുഴമ്പ് കൊണ്ടാണ്. തപ്പുകള്‍ ചൂടാക്കി കാച്ചിയെടുത്ത ശേഷമാണ് ഉപയോഗിക്കുക.
ചക്കത്തൊണ്ട്
പേരിതാണെങ്കിലും ചക്കകൊണ്ടൊന്നുമല്ല കേട്ടോ ഇതിന്‍െറ നിര്‍മാണം. പാതിമുറിച്ച ചക്കയുടെ രൂപമായതിനാലാവാം ഈ പേരുവരുന്നത്. ഒരുവശത്ത് മാത്രമാണ് കൊട്ടുക. പ്രാചീന ഗോത്രങ്ങളിലാണ് ഇത് ഉപയോഗിച്ചിരുന്നത്.
വീരാണം
കാഴ്ചയില്‍ ചെണ്ടയോട് സാദൃശ്യമുള്ള വാദ്യമാണിതും. ആടിന്‍െറ തോലും പ്ളാവിന്‍െറ കുറ്റിയുമാണുപയോഗിക്കുക. ചില ക്ഷേത്രങ്ങളില്‍ ഇപ്പോഴും ശീവേലിക്ക് ഇത് കൊട്ടാറുണ്ടെന്ന് പറയപ്പെടുന്നു. ‘ഇരുതടിവീരാണം’ എന്നൊരു പേരും ഇതിനുണ്ട്.
തകില്‍
തമിഴ്നാട്ടില്‍ ഏറെ പ്രചാരത്തിലിരുന്ന ഈ വാദ്യം ഇപ്പോള്‍ കേരളത്തിലും സാധാരണമായിട്ടുണ്ട്. രണ്ടറ്റം വീതികുറഞ്ഞും മധ്യം വണ്ണം കൂടിയും അകം പൊള്ളയായും ഉള്ള തടിക്കഷണമാണ് ഇതിന്‍െറ പ്രധാനഭാഗം. 17 മുതല്‍ 19 ഇഞ്ച് വരെയാണിതിന്‍െറ നീളം. രണ്ടുവിധം: തിമിരിക്കട്ട, ബാരിക്കട്ട. വലുപ്പചെറുപ്പമനുസരിച്ചാണീ വേര്‍തിരിവ്. ചെറിയ അളവോടുകൂടിയതാണ് തിമിരിക്കട്ട. വലിയ അളവിലുള്ളത് ബാരിക്കട്ടയും. ഇടതുവശം വടികൊണ്ടും വലതുവശം കൈകൊണ്ടുമാണ് കൊട്ടുക. വിരലറ്റത്ത് കട്ടിയുള്ള ചുറ്റ് (ഉറ) ഉണ്ടാകും. തോളില്‍ തൂക്കിയിട്ടും മടിയില്‍വെച്ചും ഇത് വായിക്കുന്നു.

Share it:

വാദ്യലോകം

Post A Comment:

0 comments: