വാദ്യലോകം - 1

Share it:
പുള്ളുവ വീണ
പുള്ളുവന്‍പാട്ടിനും സര്‍പ്പംതുള്ളലിനും ഉപയോഗിക്കുന്നു. വണ്ണമുള്ള മുളങ്കമ്പ്, തേങ്ങാച്ചിരട്ട, ഒരുതരം നേരിയ കാട്ടുവള്ളി (ചിറ്റമൃതിന്‍െറ വള്ളി) എന്നിവകൊണ്ട് പുള്ളുവര്‍ നിര്‍മിക്കുന്ന നാടന്‍ വീണയാണ് പുള്ളുവ വീണ. ചിറ്റമൃതിന്‍െറയും മറ്റും വള്ളി തൊലികളഞ്ഞ് ഉള്ളിലെ ഇഴകള്‍ കൂട്ടിപ്പിരിച്ചാണ് ഇതിന്‍െറ തന്ത്രികള്‍ ഉണ്ടാക്കുക. ഈ തന്ത്രികള്‍ നീളത്തില്‍ വരിഞ്ഞുകെട്ടിയ ശേഷം ചരടുവലിച്ചുകെട്ടിയ കമുകിന്‍െറ കോല് ഉരസി പുള്ളുവര്‍ വീണ വായിക്കുന്നു.
പുള്ളുവക്കുടം
പുള്ളുവപ്പാനയെന്നും ഇതിനെ വിളിക്കും. ഇതും പുള്ളുവര്‍ ഉണ്ടാക്കുന്നതുതന്നെ. മണ്ണുകൊണ്ടാണ് നിര്‍മാണം. ആദ്യം ഒരു കുടം നിര്‍മിച്ച് അതിന്‍െറ അടിഭാഗം തുരന്നെടുത്ത് കളയുന്നു. അവിടെ കാളക്കിടാവിന്‍െറയോ ഉടുമ്പിന്‍െറയോ തുകല്‍ ഒട്ടിക്കും. തോലൊട്ടിച്ച ഭാഗത്ത് ഒരു ചെറുദ്വാരമുണ്ടാക്കി അതില്‍ പനങ്കണ്ണിച്ചരട് (ചകിരിനാര്‍ പിരിച്ചും ഉണ്ടാക്കാം) കോര്‍ക്കും. ശേഷം, നീളമുള്ള ഒരു അലകുവടിയുടെ ഒരറ്റത്ത് ആ ചരടിന്‍െറ മറുതല വരിഞ്ഞുകെട്ടിയാണ് പുള്ളുവക്കുടം നിര്‍മിക്കുന്നത്.
വടിയുടെ ചരടുകെട്ടിയ ഭാഗത്ത് അടിയില്‍ ഒരു ചെറിയ മരപ്പൂളുവെച്ച് വടി ഉയര്‍ത്തും. ഈ വടി ഇളകാതിരിക്കാന്‍ അതിന്‍െറ മറുതലക്കല്‍ കാലു കൊണ്ട് അമര്‍ത്തിപ്പിടിച്ചിരിക്കും. തുടമേല്‍ വെക്കുന്ന കുടം വീഴാതിരിക്കാന്‍ കൈത്തണ്ടകൊണ്ട് അതിനെ താങ്ങുകയും ചെയ്യും. മുറുകി നില്‍ക്കുന്ന ചരടില്‍ ‘തേറ്’ എന്നു പറയുന്ന ചെറിയ രണ്ട് മരമുട്ടികള്‍കൊണ്ട് കൊട്ടിയാണ് പുള്ളുവക്കുടം വായിക്കേണ്ടത്. സാധാരണയായി പുള്ളുവസ്ത്രീകളാണിത് വായിക്കുക.
വീണ
തന്ത്രിവാദ്യങ്ങളില്‍ ഏറ്റവും പ്രാചീനമായതാണിതെന്ന് പറയപ്പെടുന്നു. സംഘകാല കൃതിയായ ‘ചിലപ്പതികാര’ത്തില്‍ നാലുതരം വീണകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പ്ളാവിന്‍തടിയിലാണിത് നിര്‍മിക്കുക. ഏകദേശം 30 സെന്‍റിമീറ്റര്‍ വ്യാസമുള്ളതും ഒറ്റത്തടിയില്‍ കടഞ്ഞെടുത്തതുമായ കുടം, ചെറിയ ചുരയ്ക്കക്കുടം, ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മീറ്ററോളം നീളമുള്ള ദണ്ഡ് എന്നിവയാണ് ഇതിന്‍െറ ജീവന്‍. പ്രധാന കുടത്തില്‍ ഘടിപ്പിച്ചിട്ടുള്ള ദണ്ഡിന്‍െറ  മറുതലക്കല്‍ അകത്തേക്കു വളഞ്ഞ ഭാഗത്ത് വ്യാളീമുഖം ഉണ്ട്. ഇതിന് തൊട്ടുമുമ്പിലായി ദണ്ഡിന്‍െറ രണ്ടുവശത്തും രണ്ടു ‘ബാരഡകള്‍’ വീതമുണ്ടാകും. ബാരഡകള്‍ കോര്‍ത്തിട്ടുള്ള കമ്പികള്‍ ദണ്ഡിന്‍െറ മുകളില്‍കൂടി പ്രധാന കുടത്തിന്‍െറ മറുവശത്ത് ഘടിപ്പിക്കുന്നു. കുടത്തിന്‍െറ നടുവിലായി തടിയിലുള്ള ബ്രിഡ്ജും ഉണ്ട്. ദണ്ഡിന്‍െറ വശത്തുള്ള മൂന്ന് ബാരഡകളില്‍നിന്ന് മൂന്ന് താളക്കമ്പികള്‍ ബ്രിഡ്ജില്‍കൂടി കുടത്തിന്‍െറ വലത്തേ അറ്റത്ത് യോജിപ്പിച്ചിരിക്കും. സാധാരണ നാലു കമ്പികളാണ് ഇതിലുള്ളത്. ഇതില്‍ രണ്ടെണ്ണം ഉരുക്കും രണ്ടെണ്ണം പിച്ചളയുമാണ്.
നന്തുണി
‘കേരളത്തിന്‍െറ ഗിത്താര്‍’ എന്നറിയപ്പെടുന്നു. ഒരുതരം കാട്ടുവള്ളി (ഈരച്ചുള്ളി) കൊണ്ടാണ് നന്തുണിയുടെ തന്ത്രികള്‍ ഉണ്ടാക്കുന്നത്. ചിലര്‍, പ്രത്യേകിച്ചും കല്ലാറ്റകുറുപ്പന്മാര്‍, നന്തുണിയുണ്ടാക്കുന്നത് കുമിഴ്, കൂവളം എന്നിവ ഉപയോഗിച്ചാണ്. ഇവര്‍ വലിയ ചിറ്റമൃതിന്‍െറ മൂത്തവള്ളി നെല്ലിലിട്ട് പുഴുങ്ങി മാര്‍ദവം വരുത്തിയാണ് ചരടായി ഉപയോഗിക്കുന്നത്. ചരടിനുമുകളില്‍ വിരല്‍കൊണ്ട് സപ്തസ്വരങ്ങള്‍ മീട്ടാവുന്ന ഏഴു ഭാഗങ്ങളുണ്ട്. കളമെഴുത്തുപാട്ട്, മണ്ണാന്‍പാട്ട്, തമ്പുരാന്‍പാട്ട് എന്നിവയില്‍ ഇത് ഉപയോഗിക്കുന്നു.
വില്ല്
തെക്കന്‍ തിരുവിതാംകൂറിലും മറ്റും പ്രചാരത്തിലുള്ള വില്‍പ്പാട്ട്, വില്ലടിച്ചാമ്പാട്ട് എന്നീ പേരുകളിലറിയപ്പെട്ടിരുന്ന കലാമേളക്ക് ഉപയോഗിക്കുന്ന വാദ്യം. വില്ല്, കുടം, കോല്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. ലോഹനിര്‍മിതമായ കുടത്തിന്‍െറ മുഖം തോല്‍ കൊണ്ട് പൊതിയും. ശിഷ്യന്മാര്‍ കുടത്തിലും ആശാന്മാര്‍ വില്ലിലും കൊട്ടും.
മുളയുടെ പൊളിയില്‍ എരുമത്തോല്‍കൊണ്ട് ഞാണ്‍ ഉണ്ടാക്കി കെട്ടിവലിച്ച് മുറുക്കിയാണ് വില്ലുണ്ടാക്കുക. കുടം തട്ടാന്‍ പാളവിശറിയുണ്ടാകും. കുടം വെക്കാന്‍ വൈക്കോല്‍ വളയവും. ഗുരുവും ശിഷ്യരും കൊട്ടുന്നതോടൊപ്പം നടത്തുന്ന കഥപറച്ചില്‍ ഇതിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
കൊക്കര
ആദിവാസി വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന വാദ്യം. ഇരുമ്പുകൊണ്ട് നിര്‍മിക്കുന്ന ഇത് കമ്പികൊണ്ടുതന്നെയാണ് വായിക്കുക. ആദ്യകാലങ്ങളില്‍ കമ്പിക്കുപകരം മുളങ്കമ്പാണ് ഉപയോഗിച്ചിരുന്നത്. കാണി വിഭാഗത്തിലുള്ള ആദിവാസികള്‍ അവരുടെ ചാറ്റുപാട്ടിന് ഈ വാദ്യമാണ് ഉപയോഗിക്കാറ്.
Share it:

വാദ്യലോകം

Post A Comment:

0 comments: