വജ്രത്തിളക്കത്തില്‍ സാഹിത്യ അക്കാദമി

Share it:

കേന്ദ്രസര്‍ക്കാറിന്‍െറ നിയന്ത്രണത്തില്‍ സാഹിത്യ അക്കാദമി ഔചാരികമായി  ഉദ്ഘാടനം ചെയ്യപ്പെട്ടത് 1954 മാര്‍ച്ച് 12നാണ്. ഇന്ത്യന്‍ ഭാഷകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സാഹിത്യരചനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യത്തെ പരിപോഷിപ്പിക്കാനും സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ ഭാഷയെയും സംസ്കാരത്തെയും വളര്‍ത്താനും സാംസ്കാരിക ഐക്യത്തിലൂടെ രാജ്യത്തെ വൈവിധ്യങ്ങളെ ഏകോപിപ്പിക്കാനും ഉദ്ദേശിച്ചാണ് സാഹിത്യ അക്കാദമിക്ക് രൂപം നല്‍കിയത്.
1860ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം 1956 ജനുവരി ഏഴിന് ഒരു സൊസൈറ്റിയായി ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇംഗ്ളീഷ് ഉള്‍പ്പെടെ 24 ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ സംബന്ധമായ പ്രവര്‍ത്തനങ്ങളാണ് സാഹിത്യ അക്കാദമി ചെയ്തുകൊണ്ടിരിക്കുന്നത്. വായന ശീലമാക്കാനും വായനയില്‍ അഭിരുചി വളര്‍ത്താനും നിരവധി കാര്യങ്ങള്‍ സാഹിത്യ അക്കാദമി ചെയ്തുവരുന്നുണ്ട്.
സെമിനാര്‍, പ്രഭാഷണങ്ങള്‍, സിമ്പോസിയം, ചര്‍ച്ചകള്‍, ശില്‍പശാലകളിലൂടെ പരിഭാഷകള്‍, വിശ്വവിജ്ഞാനകോശം, നിഘണ്ടുക്കള്‍, ഗ്രന്ഥസൂചി, സാഹിത്യ ചരിത്രം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്.
59 കൊല്ലത്തിനിടക്ക് 4800 ടൈറ്റിലുകളില്‍ ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഓരോ 30 മണിക്കൂറിലും ഒരു പുസ്തകം വീതം സാഹിത്യ അക്കാദമിയില്‍നിന്ന് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു! ദേശീയ-അന്തര്‍ദേശീയ തലത്തില്‍ 30 സെമിനാറുകള്‍ ഓരോ മേഖലയിലും വര്‍ഷന്തോറും സാഹിത്യ അക്കാദമി നടത്താറുണ്ട്. കൂടാതെ, ഓരോ വര്‍ഷവും 200ഓളം ശില്‍പശാലകള്‍, സാഹിത്യകാര സംഗമം, മുഖാമുഖം, സംവാദം, കവിസമ്മേളനം, കഥാസമ്മേളനം, യുവസാഹിതി, ബാലസാഹിതി, നാരീചേതന, ലിറ്റററി ഫോറം തുടങ്ങിയവയും നടത്തിവരുന്നു.
ജനറല്‍ കൗണ്‍സില്‍
സാഹിത്യ അക്കാദമിയുടെ ഉന്നതാധികാര സമിതിയാണ് 99 അംഗ ജനറല്‍ കൗണ്‍സില്‍. പ്രസിഡന്‍റ്, സാമ്പത്തികോപദേഷ്ടാവ്, ഇന്ത്യാ ഗവണ്‍മെന്‍റ് നാമനിര്‍ദേശം ചെയ്യുന്ന അഞ്ചംഗങ്ങള്‍, സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമുള്ള 35 അംഗങ്ങള്‍, സാഹിത്യ അക്കാദമി അംഗീകരിച്ച 24 ഭാഷകളെ പ്രതിനിധാനം ചെയ്യുന്നവര്‍, ഇന്ത്യയിലെ സര്‍വകലാശാലകളില്‍നിന്ന് 20 പേര്‍, ജനറല്‍ കൗണ്‍സിലില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന എട്ട് പ്രമുഖ സാഹിത്യകാരന്മാര്‍, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ളിഷേഴ്സ്, രാജാറാം മോഹന്‍റോയ് ലൈബ്രറി ഫൗണ്ടേഷന്‍ എന്നിവയില്‍നിന്ന് ഓരോ പ്രതിനിധി തുടങ്ങിയവരെല്ലാം ചേര്‍ന്നതാണ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍.
സി. രാധാകൃഷ്ണന്‍, പി.കെ. പാറക്കടവ്, ഡോ. കെ.എസ്. രവികുമാര്‍ എന്നിവരാണ് മലയാളത്തെ പ്രതിനിധാനം ചെയ്ത് ജനറല്‍ കൗണ്‍സിലില്‍ ഇപ്പോഴുള്ളത്.
അഞ്ചു വര്‍ഷമാണ് ജനറല്‍ കൗണ്‍സിലിന്‍െറ കാലാവധി. സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനത്തിനുശേഷമുള്ള 11ാം ജനറല്‍ കൗണ്‍സിലാണ് ഇപ്പോഴുള്ളത്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടിവ് ബോര്‍ഡ്, സാഹിത്യ അക്കാദമിയുടെ ഫിനാന്‍സ് കമ്മിറ്റിയിലെ ഒരു പ്രതിനിധി എന്നിവരെ തെരഞ്ഞെടുക്കുന്നത് ജനറല്‍ കൗണ്‍സിലാണ്. വിവിധ ഭാഷകളിലെ ഉപദേശക സമിതിയംഗങ്ങളെ തെരഞ്ഞെടുക്കുന്നത് എക്സിക്യൂട്ടിവ് ബോര്‍ഡാണ്.
അക്കാദമി ആസ്ഥാനം
സാഹിത്യ അക്കാദമിയുടെ ഹെഡ്ഓഫിസ് സ്ഥിതിചെയ്യുന്നത് ന്യൂഡല്‍ഹിയിലെ ഫിറോസ് ഷാ റോഡിലെ രവീന്ദ്രഭവനിലാണ്. രവീന്ദ്രനാഥ ടാഗോറിന്‍െറ ജന്മശതാബ്ദിയോടനുബന്ധിച്ച് 1961ലാണ് ഈ കെട്ടിടം പണിതത്. രവീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചകമായാണ് അക്കാദമി ആസ്ഥാനത്തിന് ‘രവീന്ദ്രഭവന്‍’ എന്ന പേര് നല്‍കിയത്. സാഹിത്യ അക്കാദമിയെക്കൂടാതെ, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നീ ദേശീയ അക്കാദമികളുടെ ആസ്ഥാനമന്ദിരവും ഇതുതന്നെയാണ്. സാഹിത്യ അക്കാദമി ഹെഡ്ഓഫിസില്‍ പ്രധാനമായും ഡോഗ്രി, ഇംഗ്ളീഷ്, ഹിന്ദി, കശ്മീരി, മൈഥിലി, നേപ്പാളി, പഞ്ചാബി, രാജസ്ഥാനി, സംസ്കൃതം, സന്താലി, ഉര്‍ദു ഭാഷകളിലെ പ്രസിദ്ധീകരണവും പരിപാടികളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അക്കാദമിക്ക് നാല് മേഖലാ ഓഫിസുകളുമുണ്ട്.
കൊല്‍ക്കത്ത മേഖലാ ഓഫിസ്
കൊല്‍ക്കത്തയിലെ ഡി.എല്‍. ഖാന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന സാഹിത്യ അക്കാദമിയുടെ കൊല്‍ക്കത്ത മേഖലാ ഓഫിസ് 1956ലാണ് തുടങ്ങിയത്. അസമീസ്, ബംഗാളി, ബോഡോ, മണിപ്പൂരി, ഒറിയ ഭാഷകളിലെ പ്രസിദ്ധീകരണവും അതിനുപുറമെ ഇംഗ്ളീഷ്, തിബത്തന്‍ ഭാഷകളിലെ പ്രസിദ്ധീകരണവും നടത്തുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭാഷകളില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഒരു വലിയ ഗ്രന്ഥശാലയും മേഖലാ ഓഫിസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ബംഗളൂരു മേഖലാ ഓഫിസ്
ബംഗളൂരുവില്‍ അക്കാദമി മേഖലാ ഓഫിസ് തുടങ്ങുന്നതിനുമുമ്പ് 1959ല്‍ ചെന്നൈയില്‍ ദക്ഷിണമേഖലാ ഓഫിസായാണ് പ്രവര്‍ത്തിച്ചിരുന്നത്. 1990ലാണ് ബംഗളൂരു മേഖലാ ഓഫിസ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. കന്നട, മലയാളം, തമിഴ്, തെലുങ്ക് കൂടാതെ ഇംഗ്ളീഷ് ഭാഷകളിലെ പ്രസിദ്ധീകരണവും പരിപാടികളും നടത്തുന്നു. ബംഗളൂരുവിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ വീഥിയിലെ സെന്‍ട്രല്‍ കോളജ് കാമ്പസിലെ യൂനിവേഴ്സിറ്റി ലൈബ്രറി ബില്‍ഡിങ്ങിലാണ് മേഖലാ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
ചെന്നൈ മേഖലാ ഓഫിസ്
ബംഗളൂരു മേഖലാ ഓഫിസിന്‍െറ ഒരു ഭാഗമായി പ്രവര്‍ത്തിക്കുന്ന ചെന്നൈ മേഖലാ ഓഫിസ് തെയ്നാംപേട്ടിലെ അണ്ണാശാലയില്‍ ഗുണ കോംപ്ളക്സില്‍ 2000ത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മുംബൈ മേഖലാ ഓഫിസ്
മുംബൈയിലെ ദാദറില്‍ മുംബൈ മറാത്തി ഗ്രന്ഥസംഗ്രഹാലയ മാര്‍ഗില്‍ 1972ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഗുജറാത്തി, കൊങ്കിണി, മറാത്തി, സിന്ധി, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

സാഹിത്യം

Post A Comment:

0 comments: