ഇന്ന് ബാലവേല വിരുദ്ധദിനം

Share it:
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നേതൃത്വത്തിൽ ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു. ബാലവേലയെന്ന  സാമുഹ്യ തിന്മ ഇല്ലായ്മ ചെയ്യുന്നതിന് ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങളും വിവിധ ഏജൻസികളുടെയും സർക്കാരുകളുടെയും  നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു. പ്രത്യേകിച്ചും ദുർബലവിഭാഗങ്ങളിൽപ്പെട്ട കുട്ടികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതും ബാലവേല ഇല്ലാത്തതുമായ സാമുഹ്യ അന്തരീക്ഷം ഒരുക്കികൊടുക്കുക എന്നതാണ് ഈ വർഷത്തെ ലോക ബാലവേല വിരുദ്ധദിനത്തിന്റെ ആഹ്വാനം.
രക്ഷയ്ക്കെത്തുന്ന നിയമങ്ങൾ 
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21(എ) കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പ് നല്കുന്നു.ആർട്ടിക്കിൾ 24 കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് കർശനമായി വിലക്കുന്നു. 1986-ലെ ബാലവേല നിരോധന നിയമം അനുസരിച്ച് 14 വയസ്സ് തികയാത്ത കുട്ടികളെക്കൊണ്ട് ജോലി എടുപ്പിക്കാൻ പാടില്ല. 1996-ൽ സുപ്രീം കോടതി ബാലവേല ഇല്ലാതാക്കുന്നതിനായി ഇടപെടുകയും നിരവധി നിർദേശങ്ങൾ നല്കുകയും ചെയ്തു. 1977-ലെ അടിമ നിരോധന നിയമം, 2000-ലെ ജുവനൈൽ ജസ്റ്റിസ് (പരിചരണവും സംരക്ഷണവും) ആക്ട് തുടങ്ങിയ നിയമങ്ങൾ ബാലവേലയ്ക് എതിരായി നിലവിലുണ്ട്. ബാലവേല നിരോധന നിയമപ്രകാരം തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ്‌ ലേബർ ഓഫീസർ (ഗ്രേഡ് 2) മുതൽ ഉള്ളവർക്ക് ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ അർഹതയുള്ള ഉദ്യോഗസ്ഥരാണ്.
കേരളത്തിലെ ബാലവേല 
2012-ൽ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വർദ്ധിച്ചതോട് കൂടി ബാലവേല കൂടിവരികയാണ്. ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഇഷ്ടിക ജോലി, വീട് നിർമാണം , ഹോട്ടൽ ജോലി, റോഡ്‌ പണി തുടങ്ങിയവയ്ക്കായി ഇടനിലക്കാർ കുട്ടികളെ കൊണ്ടുവരുന്നു. താത്ക്കാലികമായി കിട്ടുന്ന സാമ്പത്തിക നേട്ടത്തിനായി ജോലിക്ക് എത്തുന്ന കുരുന്നുകളെ ബാലവേലയിൽ നിന്നും വിമുക്തരാക്കേണ്ട ചുമതല നമ്മുക്ക് ഓരോരുത്തർക്കും ഉണ്ട്.
ബാലവേലയ്ക്ക് റെഡ് കാർഡ് 
ലോകത്ത് പണിയെടുത്ത് കഷ്ടപ്പെടുന്ന എത്ര കുട്ടികൾ ഉണ്ടെന്ന് അറിയാമോ? ഏകദേശം 25 കോടി! കളിച്ചും പഠിച്ചും രസിച്ചും ജീവിക്കേണ്ട പ്രായത്തിൽ കുഞ്ഞുകൂട്ടുകാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതിനെതിരെ ബാലവേല വിരുദ്ധദിനമായ ജൂണ്‍ 12-ന് ലോക വ്യാപകമായി ഒരു പ്രചാരണ പരിപാടി ആരംഭിക്കുകയാണ്. 'റെഡ് കാർഡ് ടു ചൈൽഡ് ലേബർ' എന്ന പേരിൽ International Labour Organisation (ILO) ആണ് പ്രചാരണം തുടങ്ങുന്നത്.
ബാലവേലയ്ക്കെതിരെ എല്ലാവരും ഒന്നിക്കുക എന്നതാണ് സന്ദേശം. ഇതിന്റെ ഭാഗമായി പ്രശസ്തരായ സംഗീതജ്ഞരെ അണിനിരത്തി 'Til everyone can see' എന്നൊരു ഗാനം ഒരുക്കിയിട്ടുണ്ട്. റെഡ് കാർഡ്‌ ഉയർത്തിക്കാട്ടി ബാലവേല അരുതേ എന്ന് പറയാൻ കൂട്ടുകാരും മുന്നോട്ട് വരണേ...  

ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

ദിനാചരണങ്ങൾ

Post A Comment:

0 comments: