വൈദ്യുതിയുടെ രസതന്ത്രം


വര്‍ഷം 1804,ഫോര്‍ഡ്സ് സ്ട്രീറ്റിലെ അത്യാവശ്യം പുസ്തകവ്യാപാരവും ബൈന്‍ഡിങ്ങുമുള്ള ഒരു കടയില്‍ ജോലി നോക്കുകയായിരുന്നു ആ ചെറുപ്പക്കാരന്‍.  ഒരിക്കല്‍ ബൈന്‍ഡ് ചെയ്യാനായി കടയിലെത്തിയ ‘എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക’(Encyclopedia Britannica) എന്ന പുസ്തകത്തില്‍ കണ്ട വൈദ്യുതിയെപ്പറ്റിയുള്ള ലേഖനം ആ ചെറുപ്പക്കാരനെ വല്ലാതെ ആകര്‍ഷിച്ചു.  
വളരെ ചെറിയ പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ആ ചെറുപ്പക്കാരന്‍ പതിമൂന്നാം വയസ്സില്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതനായി.  പുസ്തകങ്ങള്‍ കുത്തിക്കെട്ടുന്ന പണിയായിരുന്നു ആദ്യം ലഭിച്ചത്. യജമാനനായിരുന്ന റിബോ വളരെ ദയാലുവായിരുന്നു. പലപ്പോഴും കുത്തിക്കെട്ടാനുള്ള പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നതു കണ്ടാലും അദ്ദേഹം വഴക്കു പറയുകയോ ശാസിക്കുകയോ ചെയ്യാതെ കുട്ടിയെ പ്രോത്സാഹിപ്പിക്കുമായിരുന്നു.  ഒരിക്കല്‍ കടയില്‍ ഹംഫ്രിഡേവിയെന്ന( Humphry Davy ) ശാസ്ത്രജ്ഞനെക്കുറിച്ചും അദ്ദേഹം റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (Royal Institute ) വൈദ്യുതിയെക്കുറിച്ച് ചെയ്യാന്‍ പോകുന്ന പ്രസംഗപരമ്പരയെക്കുറിച്ചുമുണ്ടായ സംഭാഷണം ശ്രദ്ധയോടെ കേട്ടിരുന്ന ഈ ബാലനെ കടയിലെ ഒരു പതിവുകാരന്‍ ശ്രദ്ധിക്കുകയും പ്രസംഗപരിപാടിയില്‍ പങ്കെടുക്കാനുള്ള ഒരു ടിക്കറ്റ് നല്‍കുകയും ചെയ്തു.  അത് ആ ബാലന്‍െറ ജീവിതത്തില്‍ വഴിത്തിരിവായി.  
വൈദ്യുതി കൃത്രിമമായി ഉല്‍പാദിപ്പിക്കുവാനുള്ള കണ്ടുപിടിത്തത്തിലൂടെ ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങള്‍ക്കും നാന്ദി കുറിച്ച മൈക്കല്‍ഫാരഡെ ആയിരുന്നു അത്.
അന്ന് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ച് കേട്ട ഓരോ പ്രസംഗവും ഫാരഡെക്ക് (Michael Faraday) ഓരോ അനുഭവമായി.  വൈദ്യുതി എന്ന ആശയം ഫാരഡെയെ അത്രക്ക് ആകര്‍ഷിച്ചിരുന്നു. താന്‍ കേട്ട പ്രസംഗങ്ങളെല്ലാം കുറിപ്പുകളാക്കി സൂക്ഷിക്കാനും സ്വന്തമായി ആശയങ്ങള്‍ ഉണ്ടാക്കാനും ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബുക്ഷോപ്പിലെ ഒരു ആവശ്യത്തിനായി ധൃതിയില്‍ പോവുകയായിരുന്ന ഫാരഡെ ഭൗതികദര്‍ശനങ്ങളെപ്പറ്റിയുള്ള  ഒരു പ്രഭാഷണ പരസ്യം ശ്രദ്ധിച്ചു.  വര്‍ധിച്ച ആവേശത്തോടെ ഈ പ്രഭാഷണങ്ങളിലും പങ്കെടുത്ത മൈക്കല്‍ കുറിപ്പുകള്‍ തയാറാക്കി.  1812ല്‍ ഇവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.  
പ്രസംഗങ്ങളില്‍ നിന്നു കിട്ടിയ ആശയങ്ങളും സ്വന്തം ആശയങ്ങളും ചേര്‍ത്ത് ഫാരഡെ തയാറാക്കിയ  മനോഹരമായ ആ പുസ്തകം റോയല്‍ സൊസൈറ്റിക്ക് അയച്ച് കൊടുത്തു.  ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരൊഴിവുണ്ടെന്നും താല്‍പര്യമുണ്ടെങ്കില്‍ വരാമെന്നും അറിയിച്ചുകൊണ്ടുള്ളൊരു കത്ത്.  അതോടെ, പുസ്തകശാലയിലെ ജോലി ഉപേക്ഷിച്ച് അദ്ദേഹം ശാസ്ത്രസന്നിധിയിലെത്തി.  
പരീക്ഷണശാലയിലെ പരിചാരകനായിട്ടായിരുന്നു തുടക്കം.  ബീക്കറും ടെസ്റ്റ് ട്യൂബുകളും കഴുകുകയായിരുന്നു ജോലി.  ശമ്പളവും കുറവ്.  എങ്കിലും ഫാരഡെ ആ ചുറ്റുപാടുകളില്‍ പിടിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു.  
കാന്തികതയും വൈദ്യുതിയുമായി ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകളൊക്കെ നേരിട്ടു കാണാന്‍ മൈക്കലിനു കഴിഞ്ഞു.  താന്‍ വായിച്ചതും അനുമാനിച്ചതുമായ സിദ്ധാന്തങ്ങളൊക്കെയും അവിടെ പരീക്ഷിച്ചുനോക്കാനുള്ള അവസരം ലഭിച്ചു.  ക്രമേണ ഫാരഡെ ഒരു ശാസ്ത്രജ്ഞനിലേക്ക് വളരുകയായിരുന്നു.  
ഒരു പരിചാരകനായി ജോലിയില്‍ പ്രവേശിച്ച ഫാരഡെയെ അന്നത്തെ ഏറ്റവും വലിയ പണ്ഡിതസഭയായ റോയല്‍ സൊസൈറ്റിയിലേക്ക്  നാമനിര്‍ദേശം ചെയ്യപ്പെട്ടു.  അങ്ങനെ 1824 ജനുവരി8ന് ഫാരഡെ ‘ഫെലോ ഓഫ് റോയല്‍ സൊസൈറ്റി’ ആയി തെരഞ്ഞെടുക്കപ്പെട്ടു.
വൈദ്യുതി കൈപ്പിടിയില്‍
ഒരു ശീതകാലത്തില്‍ കാന്തികതയുമായി മല്ലടിക്കുകയായിരുന്ന ഫാരഡെ സുഹൃത്തായ ഫിലിപ്പിന് ഇങ്ങനെയെഴുതി ‘ ഞാന്‍ വൈദ്യുതകാന്തികതയുമായി അടുത്തു നില്‍ക്കുകയാണ്.  എന്തോ കൈപ്പിടിയിലായെന്ന് എനിക്കു തോന്നുന്നു, ചിലപ്പോളതൊരു തിമിംഗലമായിരിക്കാം, ചിലപ്പോളത് പൊള്ളയായിരിക്കാം...’
അതൊരു കണ്ടുപിടിത്തമായിരുന്നു.  മനുഷ്യവംശത്തിന്‍െറ മുഴുവന്‍ ഗതിയും തിരിച്ചുവിട്ടൊരു കണ്ടുപിടിത്തം.  കാന്തവും കമ്പിച്ചുരുളുമുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാം എന്ന മഹത്തായ കണ്ടുപിടിത്തം.
മറ്റുള്ള സംഭാവനകള്‍.
1821ല്‍ വൈദ്യുതകാന്തികപ്രഭാവത്തെ സംബന്ധിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. 1824ല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ഹൈഡ്രജന്‍ ബ്രോമൈഡ്, ക്ളോറിന്‍ എന്നീ വാതകങ്ങളെ മര്‍ദ്ദം ഉപയോഗിച്ച് ദ്രാവകരൂപത്തിലാക്കാനുള്ള സംവിധാനം കണ്ടെത്തി.  രാസപ്രവര്‍ത്തനംകൊണ്ട് തുരുമ്പിക്കാത്ത ഇരുമ്പ് ഫാരഡെയുടെ കണ്ടുപിടിത്തമാണ്. ആദേശ രാസപ്രവര്‍ത്തനവും അതുവഴി കാര്‍ബണിന്‍െറയും ക്ളോറിന്‍െറയും സംയുക്തങ്ങള്‍ ആദ്യമായി നിര്‍മിച്ചതും ഫാരഡെയാണ്.  1825ല്‍ ബെന്‍സീന്‍ കണ്ടുപിടിച്ചു.  കാഥോഡ്, ആനോഡ്, അയണീകരണം തുടങ്ങി ഒട്ടനവധി വാക്കുകള്‍ ലോകം കേട്ടത് അദ്ദേഹത്തില്‍ നിന്നാണ്.
അവസാനം
ജീവിതസായാഹ്നത്തില്‍ ഫാരഡെക്ക് പെന്‍ഷന്‍ നല്‍കാന്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനമെടുത്തു.  പക്ഷേ, ആ തീരുമാനത്തില്‍ തന്നോടുള്ള അനുകമ്പയുടെയോ സഹതാപത്തിന്‍െറയോ അംശമുണ്ടെന്ന് കരുതിയ അദ്ദേഹം പെന്‍ഷന്‍ നിരസിച്ചെങ്കിലും ഒടുവില്‍ ജോര്‍ജ് നാലാമന്‍ ഇടപെട്ട് ഫാരഡെയുടെ സേവനങ്ങളുടെ ഫലമായാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം മാത്രമാണ് പെന്‍ഷന്‍ വാങ്ങാന്‍ ഫാരഡെ തയാറായത്.
വാര്‍ധക്യസഹജമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയ ഫാരഡെ 1867 ആഗസ്റ്റ് 25ന് ഈ ലോകത്തോട് വിടപറഞ്ഞു

Subscribe to കിളിചെപ്പ് by Email
Share:

ഏഴാം ജന്മം; ശാസ്ത്ര നാടകം


(ഒരു ലൈബ്രറിയാണ് രംഗം. വലതു വശത്ത് ഒരു പുസ്തക ഷെല്‍ഫിന്‍െറ ഭാഗം ദൃശ്യമാണ്. മാറാലയും പൊടിയും നീക്കം ചെയ്യുന്ന ലൈബ്രേറിയന്‍. അയാളെ റിമോട്ട് അങ്കിള്‍ എന്നാണ് പുസ്തകം എടുക്കാന്‍ വരുന്ന കുട്ടികള്‍ വിളിക്കുന്നത്. ഡെസ്റ്റ് അലര്‍ജി കാരണം റിമോട്ട് അങ്കിള്‍ തുമ്മുകയും തുമ്മല്‍ പിടിച്ച് നിര്‍ത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. ഈ സമയം മൂന്ന് കുട്ടികള്‍ അവിടേക്ക് വരുന്നു. അങ്കിളിനെ അനുകരിച്ച് തുമ്മുന്നു.)
കുട്ടി 1: റിമോട്ട് അങ്കിളേ തുമ്മി തോല്‍പ്പിക്കാനാണോ പരിപാടി
കുട്ടി 2: അങ്കിളേ ആ റിമോട്ട് ഇങ്ങ് താ.
റി : നിനക്കൊന്നും വേറെ പണിയില്ലേ
കുട്ടി 3: ഞങ്ങള്‍ വേറെ പണിക്ക് പോയാല്‍ അങ്കിളിന്‍െറ റിമോട്ട് വാങ്ങാന്‍ ആരാ വരുന്നത്.
റി: നിനക്കൊക്കെ റിമോട്ട് തന്ന് കളിപ്പിക്കലും കളി കാണിക്കലുമല്ല എന്‍െറ പണി.
കുട്ടി 1: അങ്കിളിന്‍െറ പണി ഞങ്ങള്‍ക്കറിയാം. ലൈബ്രേറിയന്‍.
റി: ‘A’ ഗ്രേഡ് ലൈബ്രറിയുടെ ലൈബ്രേറിയന്‍െറ വില നിനക്കൊന്നും അറിയില്ല.
കുട്ടി 2: പിന്നെ ഗെസറ്റഡ് പോസ്റ്റല്ലേ്യാ.
റി : നിനക്കു കുറെ കൂടുന്നു. കളിച്ച് കളിച്ച് അപ്പന്‍െറ പ്രായക്കാരോടാ കളി
കുട്ടി 1: അവന് വിവരമില്ല അങ്കിളേ. 200 ചാനലും മന$പാഠമാക്കിയ അങ്കിളിന്‍െറ ഓര്‍മശക്തി ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്‍ട്രന്‍സ് ജയിച്ച് മെഡിക്കല്‍ കോളജില്‍ കയറിയേനെ.
കുട്ടി 3: 200 ചാനലും കാണാതറിയാവുന്ന ലൈബ്രേറിയന് ഈ ലൈബ്രറിയിലെ പുസ്തകങ്ങളെപ്പറ്റി....
Share:

അറിയാം ആദിവാസി ചരിത്രം - 5(Know About Tribal Part - 5)

വയനാടന്‍ പുലയര്‍ (Wayanadan Pulayar)
വയനാടന്‍ പുലയരെന്നും മാതപ്പുലയരെന്നും ഇവര്‍ അറിയപ്പെടുന്നു. മനസ്സിലാക്കാന്‍ പ്രയാസമുള്ള മലയാളമാണ് സംസാരഭാഷ. ഇവര്‍ വയനാട്ടില്‍ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കുന്നത് സമുദായത്തിലെ കാരണവരാണ്. താലികെട്ടാനുള്ള അവകാശം കാരണവരുടേതാണ്. പ്രധാനചടങ്ങ് താലികെട്ടാണ്.കുട്ടി ജനിച്ചാല്‍ 15ാം ദിവസം പേരിടണം. പേരിടല്‍കര്‍മം നടത്തുക പ്രസവിച്ചു കിടക്കുന്ന തീണ്ടാരിപ്പുരയില്‍വെച്ചാണ്. 30 ദിവസം അമ്മക്ക് പുലയുണ്ട്.വയനാടന്‍ പുലയര്‍ക്കും തലവന്മാരുണ്ട്. തലവന്‍െറ പ്രത്യേക അവകാശങ്ങളിലൊന്ന് എല്ലാ വിവാഹസദ്യകള്‍ക്കും മരണസദ്യകള്‍ക്കും ക്ഷണിക്കപ്പെടുക എന്നതാണ്.

തച്ചനാടന്‍ മൂപ്പന്മാര്‍ (Tachanadan Muppanmar)
തച്ചനാട് എന്ന പ്രദേശത്തുനിന്ന് വന്നവരായതുകൊണ്ടാണ് തച്ചനാടന്‍ എന്ന് പേരുണ്ടായതെന്നു കരുതുന്നു. വയനാട്ടിലെയും ഏറനാട്ടിലെയും പ്രദേശങ്ങളിലാണ് ഇവരുള്ളത്. പ്രാകൃത മലയാളമാണ് ഇവരുടെ ഭാഷ. ഇവര്‍ക്കിടയില്‍ രണ്ട് മൂപ്പന്മാരുണ്ടാവും. മൂപ്പന്മാരില്‍ പ്രധാനിയെ മൂത്താളിയെന്നും രണ്ടാമനെ എളേരിയെന്നും വിളിക്കുന്നു. തര്‍ക്കങ്ങള്‍ തീര്‍ക്കേണ്ടതും വിവാഹങ്ങള്‍ തീരുമാനിക്കേണ്ടതും പുരുഷദൈവങ്ങളെ പൂജിക്കേണ്ടതും മൂത്താളിയുടെ ചുമതലയാണ്. വിവാഹത്തിനുള്ള മുഹൂര്‍ത്തവും തീയതിയും നിശ്ചയിക്കേണ്ടതും സ്ത്രീദേവതകളെ പൂജിക്കേണ്ടതും എളേരിയുടെ ചുമതലയാണ്. എളേരി പൂജാരിയും മന്ത്രവാദിയുംകൂടിയാണ്.ഋതുമതിയാവുന്നതിനുമുമ്പ് പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെന്ന് നിര്‍ബന്ധമാണ്. പ്രധാനകര്‍മം താലികെട്ടാണ്.

പതിയാര്‍ (Pathiyanmar)
മൈസൂരിലെ പുന്നാട് എന്ന സ്ഥലത്തുനിന്ന് വയനാട്ടില്‍ എത്തിയവരാണ് പതിയാര്‍ സമുദായം. കന്നട കലര്‍ന്ന മലയാളമാണ് ഇവരുടെ ഭാഷ. പതിച്ചുകൊടുത്തിരുന്ന ഭൂമികളില്‍ ആദ്യം താമസിച്ചിരുന്നതുകൊണ്ടാണ് അവര്‍ക്ക് പതിയാര്‍മാര്‍ എന്ന പേരുണ്ടായതെന്ന് പറയുന്നു. വിവാഹദിവസം വധു വളകളും വരന്‍ തലപ്പാവും ധരിക്കണം. വിവാഹം നിശ്ചയിക്കാന്‍ ജ്യോത്സ്യനെ സമീപിക്കുന്ന പതിവുണ്ട്. ഒരു പെണ്ണിനെ സംരക്ഷിക്കാനുള്ള കഴിവ് ചെറുക്കനുണ്ടെന്ന് മുതിര്‍ന്നവര്‍ക്ക് ബോധ്യമായാല്‍ മാത്രമേ വിവാഹം ചെയ്യാന്‍ യുവാക്കളെ അനുവദിക്കൂ. ഇവര്‍ക്കിടയിലും മൂപ്പന്മാരുണ്ട്. പതിയാര്‍മാര്‍ ഹിന്ദുക്കളാണ്.

മുതുവാന്‍ (Muthuvan)
എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുതുവാന്മാര്‍ ഉള്ളത്. തമിഴിന്‍െറ വകഭേദമായ ഒരു ദേശഭാഷയാണ് ഇവരുടേത്. മുതുവാന്മാര്‍ പല വംശക്കാരാണ്. ഓരോ വംശത്തിനും പ്രത്യേകം പേരുകളുണ്ട്. വംശങ്ങള്‍ക്ക് കൂട്ടങ്ങള്‍ എന്നാണ് പറയുക. കായാനു കൂട്ടം, പൂതണി കൂട്ടം, കണ്ണകൂട്ടം, തുഷാനി കൂട്ടം, എല്ലിക്കൂട്ടം, മേലക്കൂട്ടം എന്നിങ്ങനെയാണ് കൂട്ടങ്ങളുടെ പേരുകള്‍.
ചെയ്യുന്ന ജോലിക്കനുസരിച്ചും സ്ഥലമനുസരിച്ചുമാണ് കൂട്ടങ്ങള്‍ക്ക് പേരുണ്ടായത്. കായ്കള്‍ കൊണ്ടുപോകുന്നവര്‍ കായാനു കൂട്ടര്‍. പൂക്കള്‍ കൊണ്ടുപോകുന്നവര്‍ പൂരാണി കൂട്ടര്‍. തുഷാനത്ത് താമസിച്ചവര്‍ തുഷാനി കൂട്ടര്‍.മരണം സംഭവിക്കുമ്പോള്‍ സമുദായത്തിലുള്ളവരെയെല്ലാം വിവരമറിയിക്കണം.

മലയരയര്‍ (Malayarar)
ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഇവരെ കണ്ടുവരുന്നത്. കടലിലെ മീന്‍പിടിത്തക്കാരായ അരയരുമായി മലയരയര്‍ക്ക് ഒരു ബന്ധവുമില്ല. ഭാഷ തനിമലയാളം. അവരുടേതായ പ്രാകൃതപദങ്ങള്‍ ഭാഷയില്‍ കലര്‍ന്നിട്ടുണ്ടെന്നുമാത്രം. ‘മല അരചന്‍’ എന്ന പദത്തിന് രൂപഭേദം വന്നതാണ് മലയരയന്‍. മലയിലെ അരചന്‍ (രാജാവ്) ആണത്രെ മലയരയനായത്.
മലയരയര്‍ക്ക് പ്രധാനമായി ആറു വംശങ്ങളുണ്ട്. ആറില്ലങ്ങളെന്നാണ് ഇവയെ പറയുന്നത്. വളയില്ലം, എണ്ണയില്ലം, മൂണ്ടില്ലം, പൂത്താനിയില്ലം, മാലയില്ലം, നെല്ലിപ്പള്ളിയില്ലം എന്നിവയാണവ.സമുദായത്തില്‍ സ്ത്രീകളുടെ സ്ഥാനം പുരുഷന്മാരോടൊപ്പമാണ്. വധുപ്പണം കൊടുക്കുന്ന പതിവില്ല. തലവന്‍ സമ്പ്രദായം ഇവര്‍ക്കിടയിലുണ്ട്. ‘പേരമ്പറൊ’ന്നോ ‘മൂട്ടു കാണി’യെന്നോ തലവനെ വിളിക്കുന്നു.മരണാനന്തര ജീവിതത്തിലും പുനര്‍ജന്മത്തിലും വിശ്വാസമുള്ളവരാണ് മലയരയര്‍.

കര്‍ണാടകയിലെ മൈസൂരിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും വയനാട് അതിര്‍ത്തിയിലുമാണ് ഉരിഡവര്‍ (Uridavar)
കന്നടഭാഷ സംസാരിക്കുന്നു. മൈസൂരില്‍നിന്ന് ഉരുണ്ടുവന്നവന്‍ എന്ന അര്‍ഥത്തിലാണ് ഇവര്‍ക്ക് ഉരിഡവര്‍ എന്ന പേരുണ്ടായത്. ഇവരുടെ മൂപ്പനെ യജമാനനെന്നു വിളിക്കുന്നു. അദ്ദേഹത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ഇവരുടെ വിവാഹങ്ങളില്‍ പൗരോഹിത്യംവഹിക്കേണ്ടത് ബ്രാഹ്മണരായ പൂജാരികളാണ്. താലികെട്ട് പ്രധാന ചടങ്ങാണ്.

മലപ്പണിക്കര്‍ (Malappanikkar)
മലപ്പുറം ജില്ലയിലെ പല മേഖലകളിലാണ് മലപ്പണിക്കന്മാരെ കാണുക. മലയിലെ പണിക്കാരായതുകൊണ്ടാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. മലയാളമാണ് ഭാഷ. എന്നാല്‍, മനസ്സിലാക്കാന്‍ പ്രയാസമാണ്. പെണ്‍കുട്ടികള്‍ ഋതുമതിയാവുന്നതിനുമുമ്പ് താലികെട്ടുകല്യാണവും ഋതുമതിയായാല്‍ തിരണ്ടുകല്യാണവുമുണ്ടാകും. പിന്നീട്, സാക്ഷാല്‍ കല്യാണവും ഉണ്ടാവും. ഇങ്ങനെ, മലപ്പണിക്കന്മാര്‍ക്കിടയിലെ പെണ്‍കുട്ടികള്‍ക്ക് മൂന്നു വിവാഹമുണ്ടായിരിക്കും. താലിക്കെട്ടുക വരന്‍െറ സഹോദരിയായിരിക്കും.12 വയസ്സുകഴിഞ്ഞ് മരണപ്പെടുന്നവരുടെയെല്ലാം മൃതദേഹം ദഹിപ്പിക്കണമെന്നാണ് സമുദായ നിയമം. ശവദാഹ കര്‍മങ്ങളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ പാടില്ല.

മലക്കാരന്മാര്‍ (Malakkanmar)
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കണ്ടുവരുന്നവരാണ് മലക്കാരന്മാര്‍. ഇവര്‍ക്ക് മലമുത്തന്മാരെന്ന മറ്റൊരു പേരുണ്ട്. തമിഴിലെയും മലയാളത്തിലെയും ഒട്ടേറെ പദങ്ങള്‍കലര്‍ന്ന വെങ്കല ഭാഷയാണവരുടേത്. ഇവരുടെ സമുദായ നേതാവിനെ ‘അയ്യ’നെന്നും മൂപ്പനെന്നും പറയും.വിവാഹബന്ധം പാവനമായി കണക്കാക്കുന്നു.ഋതുമതിയായ സ്ത്രീകള്‍ അഞ്ചുദിവസം തീണ്ടാരിപ്പുരയില്‍ പാര്‍ക്കണം. സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരുടെ പേരുകള്‍ വിളിക്കാന്‍ പാടില്ല.മൃതദേഹം ദഹിപ്പിക്കുകയോ മറവു ചെയ്യുകയോ ചെയ്യുന്നത് താമസസ്ഥലത്തുനിന്ന് വളരെ അകലെയായിരിക്കും.

അരണാടന്മാര്‍ (Aranadanmar)
മലപ്പുറത്താണ് അരണാടന്മാരുള്ളത്. തമിഴും മലയാളവും തുളുവും കലര്‍ന്നതാണ് ഇവരുടെ ഭാഷ.
അരണാടന്മാര്‍ക്ക് മൂപ്പനില്ല. ഇവര്‍ക്ക് പ്രത്യേകം മതമില്ല. കുട്ടികള്‍ പിറന്നാല്‍ സദ്യ നടത്തുന്ന പതിവില്ല. മൃതദേഹം മറവുചെയ്യും. ശവദാഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം.

മുഡുഗര്‍ (Mudugar)
അട്ടപ്പാടിയില്‍ കണ്ടുവരുന്ന വിഭാഗമാണ് മുഡുഗര്‍. പിഞ്ചുകുട്ടികളെ മുതുകില്‍ കെട്ടിത്തൂക്കി നടക്കുന്ന തമിഴ്നാട്ടുകാരുടെ സമ്പ്രദായം മുഡുഗിലെ സ്ത്രീകള്‍ സ്വീകരിച്ചതുകൊണ്ടാണ് അവരെ മുതുഗര്‍ (മുഡുഗര്‍) എന്നു വിളിക്കുന്നതെന്ന് പറയപ്പെടുന്നു. മനസ്സിലാക്കാന്‍ പ്രയാസമുള്ള പ്രാകൃത തമിഴാണ് അവരുടെ ഭാഷ. മലയാളം ശരിക്കും മനസ്സിലാവില്ല.മുഡുഗര്‍ക്കും മൂപ്പന്മാരുണ്ട്. മൂപ്പന്മാരുടെ കീഴില്‍ രണ്ടാളുകളുണ്ട്. അവരുടെ സ്ഥാനപ്പേരുകള്‍ ഭണ്ഡാരിയെന്നും കുറു ആളയെന്നുമാണ്.വിവാഹത്തില്‍ പ്രധാന ചടങ്ങ് താലികെട്ടാണ്. തീണ്ടാരിയാചരിക്കുന്ന പതിവ് അവര്‍ക്കില്ല. മൃതദേഹം മറവുചെയ്യുന്നു.

കുറുമ്പര്‍ (Kurumbar)
അട്ടപ്പാടി താഴ്വരയില്‍ കാണുന്ന ഗിരിവര്‍ഗ വിഭാഗമാണ് കുറുമ്പര്‍. വയനാട്ടില്‍ കുറുമരെന്ന പേരില്‍ അറിയപ്പെടുന്നവര്‍തന്നെയാണ് അട്ടപ്പാടിയിലെ കുറുമ്പര്‍.

To know about More : http://en.wikipedia.org/wiki/Tribals_in_Kerala
കടപ്പാട് :- ലേഖനം  :വെളിച്ചം 
അടുത്ത പോസ്റ്റില്‍ തുടരും ....

Subscribe to കിളിചെപ്പ് by Email
Share:

അറിയാം ആദിവാസി ചരിത്രം - 4 (Know About Tribal Part - 4)


മുള്ളുവക്കുറുമരുടെ ഭാഷയും മലയാളമാണ്. സ്വരത്തിലും ഉച്ചാരണത്തിലും വ്യത്യാസങ്ങളുണ്ടെന്നു മാത്രം. മുള്ളുവക്കുറുമര്‍ (Mulluvakkurumar)
മുള്ളുവക്കുറുമര്‍ മക്കത്തായക്കാരാണ്. ഇവരും വില്ലാളികളാണ്. യുദ്ധങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ(British) ഇവരും പഴശ്ശി രാജാവിനെ (Kerala Varma Pazhashi Raja)സഹായിച്ചിട്ടുണ്ട്. വയനാട്ടിലെ എല്ലാ ഭാഗങ്ങളിലും മുള്ളുവക്കുറുമരുണ്ട്.
മുള്ളുവക്കുറുമര്‍ എന്ന പേര് പരിഹാസപ്പേരായി ജന്മിമാര്‍ നല്‍കിയതാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിന് പ്രത്യേക അര്‍ഥമോ ചരിത്രമോ ഇല്ലത്രെ. മുളകൊണ്ട് പല സാധനങ്ങള്‍ നിര്‍മിക്കുന്നതുകൊണ്ട് മുളക്കുറുമര്‍ എന്ന പേര് വന്നതാകാമെന്നും അത് മുള്ളുവക്കുറുമനായതാണെന്നും പറയപ്പെടുന്നു. വില്ലാളികളായ ഇവര്‍ അമ്പ് ഉപയോഗിക്കുന്നതുകൊണ്ട് (അമ്പിന് മുള്ളെന്നും പറയാറുണ്ട്) ഈ പേര് വന്നതാണെന്നും സൂചനയുണ്ട്. ഇവര്‍ സംസാരിക്കുന്ന ഭാഷയെ കുറുമ്പ ഭാഷയെന്നും പറയുന്നുണ്ട്. മലയാളവും തമിഴും കലര്‍ന്ന പ്രാകൃത കന്നടയാണത്. ലിപിയില്ലാത്ത ഭാഷയാണിത്.
ഇവരുടെ വീടുകളില്‍ പ്രത്യേക ദൈവപ്പുരയുണ്ടാകും. ഇവിടെവെച്ചാണ് ദൈവത്തെ ഭജിക്കുന്നതും വിവാഹങ്ങള്‍ നടത്തുന്നതും സമുദായ യോഗങ്ങള്‍ചേരുന്നതും.
ഇവരുടെ തലവനെയും മൂപ്പന്‍ എന്നാണ് വിളിക്കുന്നത്. സമുദായ യോഗങ്ങളില്‍ അധ്യക്ഷതവഹിക്കുക മൂപ്പനാണ്. മൂപ്പന്‍ വലത്തെകൈയില്‍ വെള്ളി വള അണിഞ്ഞിരിക്കും.
മൂപ്പന്‍ കഴിഞ്ഞാല്‍ സമുദായത്തിലെ പ്രമാണി വെളിച്ചപ്പാടായിരിക്കും. ഇവര്‍ ഹിന്ദു ദൈവങ്ങളെയാണ് ആരാധിക്കുക. വിവാഹത്തിന് പുരുഷന്‍ സ്ത്രീക്ക് പണം കൊടുക്കണം. അത് വിവാഹത്തിനുമുമ്പ് നല്‍കണം. വിവാഹത്തിന്‍െറ തലേദിവസം ഇരു കൂട്ടരുടെയും വീടുകളില്‍ സദ്യ ഉണ്ടാകും. താലികെട്ടുന്നത് വധുവിന്‍െറ അമ്മാവനാണ്.പെണ്ണ് പിഴച്ചാല്‍ ശിക്ഷ ജാതിഭ്രഷ്ടാണ്. വിവാഹമോചനം അനുവദനീയം.മൃതദേഹം മറവുചെയ്യുന്ന രീതിയാണ്. വൃദ്ധന്മാരുടേത് ദഹിപ്പിക്കും. 11 ദിവസം പുല ആചരിക്കും. ഗര്‍ഭിണി മരിച്ചാല്‍ വയറുകീറി കുട്ടിയെ പുറത്തെടുത്തിട്ടേ മറവുചെയ്യൂ.

വയനാട്ടിലുള്ള മറ്റൊരു വിഭാഗം ആദിവാസികളാണ്  ഊരാളിക്കുറുമര്‍(Uralikkurumar)
ഇവരുടെ ഭാഷ മലയാളവും കന്നടയും9Kannada) കലര്‍ന്നതാണ്.
കുറുമ്പുള്ളവരായതുകൊണ്ടാണ് കുറുമര്‍ (കുറുമ്പര്‍) എന്ന പേര് വന്നതെന്ന് പറയുന്നു.
ഊരാളിക്കുറുമര്‍ക്കും മൂപ്പനുണ്ട്. വിവാഹാലോചന ആദ്യം നടത്തേണ്ടത് ചെറുക്കന്‍െറ പിതാവാണ്. വിവാഹം വധൂഗൃഹത്തില്‍ നടക്കും. വിവാഹം പകലാണ് നടക്കുക.
മൃതദേഹം മറവുചെയ്യുകയാണ് പതിവ്. മൃതദേഹത്തിന്‍െറ തല പടിഞ്ഞാറോട്ടാണ് വെക്കാറ്. ശവം വലതുവശം ചരിച്ചു കിടത്തിയാണ് കുഴിച്ചുമൂടുക. വിധവ താലി അറുത്ത് ശവക്കുഴിയില്‍ ഇടും.

വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കര്‍ (Kattunaykkar)
കാട്ടുനായ്ക്കര്‍. ഇവര്‍ തേന്‍ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു.കാട്ടിന്‍െറ നായകന്മാര്‍ എന്ന അര്‍ഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവര്‍ക്കുണ്ടായത്. തേന്‍ ശേഖരിക്കല്‍ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേന്‍ കുറുമരെന്നും വിളിക്കുന്നത്.എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങള്‍ ഇവരുടെ ഭാഷയില്‍  കാണാം. മലയാളപദങ്ങള്‍ കൂടുതലുണ്ടെന്നു മാത്രം.കാട്ടുനായ്ക്കരുടെ തലവന്‍െറ പേര് ‘മുട്ടന്‍’ എന്നാണ്. മുട്ടന്‍ അറിയാതെ വിവാഹം നടക്കാന്‍ പാടില്ല. വിവാഹത്തിന് വധു പണം കൊടുക്കണം. പണമില്ലെങ്കിലോ മറ്റു കാരണങ്ങള്‍കൊണ്ടോ വിവാഹം മുടങ്ങുകയാണെങ്കില്‍ ഇവര്‍ക്ക് ഒളിച്ചോടിപ്പോയി വിവാഹം കഴിക്കാം.മൃതദേഹം മറവുചെയ്യുന്ന പതിവാണ്. പണ്ടുകാലത്ത് ശവം പാറയിലോ മരത്തിലോ ചാരിവെക്കും, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും തിന്നാന്‍വേണ്ടി.

വയനാട്ടിലെ വെള്ളമുണ്ട, തൊണ്ടര്‍നാട്, തരിയോട്, മംഗലശ്ശേരി എന്നിവിടങ്ങളില്‍ കൂടുതലായി കാണുന്ന ആദിവാസി വിഭാഗമാണ് വയനാടന്‍ കാടര്‍ (Wayanadan Kadar)
വയനാട്ടിലെ വെള്ളമുണ്ട, തൊണ്ടര്‍നാട്, തരിയോട്, മംഗലശ്ശേരി എന്നിവിടങ്ങളില്‍ കൂടുതലായി കാണുന്ന ആദിവാസി വിഭാഗമാണ് കാടര്‍. കോട്ടയം രാജാവിനെ കുറിച്യരോടൊപ്പം അനുഗമിച്ചിരുന്ന നായന്മാരാണ് അവരെന്നും യുദ്ധങ്ങള്‍ക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോകാതെ കാട്ടില്‍ തങ്ങിയവരായതുകൊണ്ടാണ് കാടര്‍ എന്ന പേര് കിട്ടിയതെന്നും പറയപ്പെടുന്നു.
ഒരു പ്രത്യേകരീതിയിലുള്ള മലയാളമാണ് അവരുടെ ഭാഷ. വിവാഹത്തില്‍ മുറപ്പെണ്ണിനാണ് മുന്‍ഗണന. പുടവ കൊടുക്കലാണ് പ്രധാന ചടങ്ങ്. വയനാടന്‍ കാടര്‍ക്ക് സ്വന്തമായ ക്ഷേത്രമുണ്ട്.

വയനാട്ടിലെ പല ഭാഗങ്ങളിലും കാണുന്ന ഒരു വിഭാഗമാണ് കനലാടികള്‍ (Kanaladikal)
ജന്മിമാരുടെ കളങ്ങളില്‍ കനലാട്ടം (തീക്കനലില്‍ ചാടല്‍) നടത്തിവരുന്നതുകൊണ്ടാണ് കനലാടികള്‍ എന്ന പേരുവന്നത്. സംസാരഭാഷ മലയാളമാണ്. സംസാരിക്കുന്നത് പ്രത്യേക രീതിയിലും ശബ്ദത്തിലുമാണ്.വിവാഹദിവസം വധൂവരന്മാരും അവരുടെ മാതാപിതാക്കളും ക്ഷേത്രത്തില്‍ പോകുന്നു. അവിടെനിന്ന് വധൂഗൃഹത്തിലെത്തും.കനലാടികള്‍ക്ക് മൂപ്പനുണ്ട്. മരണാനന്തരജീവിതത്തിലും പുനര്‍ജന്മങ്ങളിലും അവര്‍ വിശ്വസിക്കുന്നു.

കുണ്ടുവടിയന്മാര്‍ (Kunduvadiayanmar)
വയനാട്ടില്‍ത്തന്നെയുണ്ടായിരുന്ന മറ്റൊരു മലവര്‍ഗമാണ് കുണ്ടുവടിയന്മാര്‍. പാക്കത്തിനടുത്ത കുണ്ടുവടിയെന്ന സ്ഥലത്തുള്ളവരായതുകൊണ്ടും അവിടെനിന്നു വന്നവരായതുകൊണ്ടുമാണ് കുണ്ടുവടിയന്മാര്‍ എന്നു വിളിക്കുന്നത്. മനസ്സിലാക്കാന്‍ പ്രയാസമുള്ള മലയാളമാണ് ഇവര്‍ സംസാരിക്കുന്നത്. ഇവര്‍ക്കും മൂപ്പന്മാരുണ്ട്. ഇവര്‍ ഹിന്ദുക്കളാണ്.വിവാഹത്തിന് മുറപ്പെണ്ണിന് മുന്‍ഗണന നല്‍കും. വിവാഹം വധൂഗൃഹത്തിലാണ് നടക്കുക. ബാലമരണങ്ങള്‍, അപകടമരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ മൃതദേഹം പെട്ടെന്നുതന്നെ മറവുചെയ്യും.

To know about More : http://en.wikipedia.org/wiki/Tribals_in_Kerala

കടപ്പാട് :- ലേഖനം  :വെളിച്ചം 
അടുത്ത പോസ്റ്റില്‍ തുടരും ....
Subscribe to കിളിചെപ്പ് by Email
Share:

അലസാന്ദ്രോ വോള്‍ട്ട


വൈദ്യുതി ബാറ്ററി കണ്ടുപിടിച്ച ഭൗതിക ശാസ്ത്രജ്ഞനാണ് അലസാന്ദ്രോ വോള്‍ട്ട (Full Name : Alessandro Giuseppe Antonio Anastasio Gerolamo Umberto Volta). ഇദ്ദേഹത്തോടുള്ള ആദര സൂചകമായാണ് വൈദ്യുതിയുടെ യൂനിറ്റിന് വോള്‍ട്ട് (volt) എന്ന് പേരിട്ടത്. വോള്‍ട്ടായിക് പൈല്‍ എന്നാണ് ഇദ്ദേഹം കണ്ടുപിടിച്ച ബാറ്ററി അറിയപ്പെട്ടത്.
1745 ഫെബ്രുവരി 18ന് ഇറ്റലിയിലെ  കോമോയില്‍ ജനിച്ച വോള്‍ട്ട ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് സ്ഥിര വൈദ്യുതി (static electricity) ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഉപകരണമായ ഇലക്ട്രോ ഫോറസ്  കണ്ടുപിടിച്ചത്. പഠന ശേഷം പാവിയ യൂനിവേഴ്സിറ്റിയില്‍ പ്രഫസറായി ജോലി ലഭിച്ച വോള്‍ട്ട നിരന്തരമായ ശാസ്ത്ര പരീക്ഷണങ്ങളില്‍ മുഴുകി.
പ്രശസ്ത ശരീരഘടനാ ശാസ്ത്രജ്ഞനായ ലൂയിജി ഗല്‍വാനി ‘ആനിമല്‍ ഇലക്ട്രിസിറ്റി’ എന്ന ആശയം അവതരിപ്പിച്ചത് ഈ കാലത്താണ്. മൃഗങ്ങളുടെ ശരീരത്തില്‍ പ്രത്യേകതരം വൈദ്യുതി ഉണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്‍െറ വാദം. എന്നാല്‍, ഗല്‍വാനിയുടെ ആശയം തെറ്റാണെന്ന അഭിപ്രായക്കാരനായിരുന്നു വോള്‍ട്ട. വിവിധ ലോഹങ്ങളുടെ സമ്പര്‍ക്കത്തിലൂടെയാണ് വൈദ്യുതി ഉണ്ടാകുന്നതെന്ന് അദ്ദേഹം വാദിച്ചു. എങ്കിലും, ഗല്‍വാനിയുടെ നിഗമനങ്ങളാണ് 1800ല്‍ ബാറ്ററിയുടെ കണ്ടുപിടിത്തത്തിലേക്ക് വോള്‍ട്ടയെ നയിച്ചത്.
തുടര്‍ന്ന്  പുതിയ പരീക്ഷണങ്ങള്‍ ഈ മേഖലയില്‍ തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. സിങ്ക്, കോപ്പര്‍ ഡിസ്ക്കുകള്‍ രണ്ട് അട്ടിയായി വെച്ച് മുകളില്‍ കോപ്പര്‍ പ്ളേറ്റുകൊണ്ട് ബന്ധിപ്പിച്ച ശേഷം താഴെ രണ്ട് പാത്രത്തില്‍ ശേഖരിച്ച സിങ്ക് ലായനിയില്‍ മുട്ടിച്ചായിരുന്നു അദ്ദേഹത്തിന്‍െറ പരീക്ഷണം. അങ്ങനെ 1800ല്‍ ആദ്യത്തെ വെറ്റ് ബാറ്ററി (wet battery) അദ്ദേഹം കണ്ടെത്തി. വോള്‍ട്ടയുടെ ഈ സുപ്രധാന കണ്ടുപിടിത്തത്തെ മാനിച്ച് നെപ്പോളിയന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന് ‘കൗണ്ട്’എന്ന സ്ഥാനപ്പേര് നല്‍കി ആദരിച്ചു.
ഇതിനു പുറമെ വാതകങ്ങളുടെ രസതന്ത്രത്തെക്കുറിച്ച് പഠനം നടത്തിയിരുന്ന വോള്‍ട്ട മീഥൈന്‍ (methane)  കണ്ടുപിടിച്ചു. പ്രകൃതി വാതകത്തിലെ അവിഭാജ്യ ഘടകമായ മീഥൈന്‍  എന്ന സംയുക്തം ആദ്യമായി വേര്‍തിരിച്ചത് വോള്‍ട്ടയാണ്. 1827 മാര്‍ച്ച് അഞ്ചിനായിരുന്നു അദ്ദേഹത്തിന്‍െറ മരണം.
9nx05b.gifWikipedia Link 
Subscribe to കിളിചെപ്പ് by Email
Share:

രസ തന്ത്രം


ഇത് രസതന്ത്ര മഹാമഹ മെഗാ ഷോയാണ്... രാസപ്രവര്‍ത്തന രസങ്ങളുമായി ഇവിടെ ചില രാസവസ്തുക്കള്‍ അണിനിരന്നിരിക്കുന്നു.നമുക്ക് അവയുടെ ജാലവിദ്യകള്‍ വായിച്ചും കണ്ടുമറിയാം...
രസതന്ത്രത്തെ നന്നായി അറിയുമ്പോള്‍ പരീക്ഷിച്ചു നോക്കുകയുമാവാം..എന്തായാലും വീട്ടില്‍ പരീക്ഷിക്കാനുള്ളത് കാര്യമായൊന്നും  ഇവയിലില്ല... അറിഞ്ഞിരിക്കാനായി മാത്രം ചില പരീക്ഷണ രസങ്ങള്‍...
ഫ്ളാസ്കിലെ സ്ഫോടനം
സോഡിയവും വെള്ളവും ചേര്‍ന്നാല്‍ പിന്നെ സംഭവബഹുലമാണ് കാര്യങ്ങള്‍... കത്തിപ്പിടിക്കുന്ന രാസപ്രവര്‍ത്തന മഹാമഹമാവും ഫലം. കൂടെ ക്ളോറിന്‍ വാതകവുമുണ്ടെങ്കിലോ സംഗതി കൂടുതല്‍ നയനാനന്ദകരവുമാവും. ഇവിടെ ഒരു റൗണ്ട് ബോട്ടം ഫ്ളാസ്ക്കില്‍ ക്ളോറിന്‍ വാതകം നിറച്ചിരിക്കുന്നു. അതിലേക്ക് ഒരു കൊച്ചു കഷണം സോഡിയം ഒരു ഗ്ളാസ് ദണ്ഡില്‍ കുത്തിയെടുത്ത് ഇടുന്നു. ഇപ്പോള്‍ ഫ്ളാസ്കില്‍ സോഡിയവും ക്ളോറിനുമുണ്ട്. ഒറ്റതുള്ളി വെള്ളം ഇതിലേക്ക് ഇറ്റിവീഴ്ത്തുന്നു. പിന്നെയാണ് കാഴ്ച. സോഡിയം(sodium) അതിതീവ്രമായി ജലവുമായി പ്രവര്‍ത്തിക്കുന്നു. സോഡിയം വേപ്പര്‍ ലാമ്പിലേതുപോലെ മഞ്ഞകലര്‍ന്ന വെളിച്ചത്തോടെ ഫ്ളാസ്കിനുള്ളില്‍ ഒരു സ്ഫോടനം നടക്കുന്നു. രാസപ്രവര്‍ത്തനത്തിന്‍െറ അവസാനം ഫ്ളാസ്കില്‍ നമ്മുടെ സ്വന്തം ചങ്ങാതി സോഡിയം ക്ളോറൈഡ് (sodium Chloride എന്ന കറിയുപ്പ് അവശേഷിക്കുന്നു.
ഒഴിക്കുമ്പോള്‍ കുന്നാകുന്ന ലായനി
Share:

മഴ

ഭൂമിയിലെ വെള്ളം നീരാവിയായി മേല്‍പ്പോട്ടുയര്‍ന്ന് തണുക്കുമ്പോഴാണ് മഴയുണ്ടാകുന്നതെന്ന സാമാന്യ തത്ത്വം എല്ലാവര്‍ക്കുമറിയാം. എന്നാല്‍, വെള്ളത്തിന്‍െറ ഈ വട്ടംകറങ്ങലിന് ശാസ്ത്രജ്ഞന്മാര്‍ കൊടുത്തിരിക്കുന്ന പേരെന്തെന്ന് അറിയാമോ? ‘ജലചക്രം’ അഥവാ ‘ഹൈഡ്രോളജിക് സൈക്ക്ള്‍’ (Hydrologic Cycle) എന്നാണത്.
വായു, ജലം, ചൂട് എന്നീ മൂന്നുഘടകങ്ങളുടെ പ്രവര്‍ത്തനഫലമായാണ് ജലചക്രം പൂര്‍ണമാകുന്നത്. വിവിധ ക്ളാസുകളിലെ മഴയുമായി ബന്ധപ്പെട്ട അധിക വിവരശേഖരണത്തിന് ഇത് നിങ്ങള്‍ക്ക് ഉപകരിക്കും.


മഴപെയ്യിക്കും മണ്‍സൂണ്‍
‘മണ്‍സൂണ്‍’ മഴയല്ല. മഴയെ വഹിച്ചുകൊണ്ടുവരുന്ന കാറ്റാണ്. അറബിപദമായ ‘മൗസിം’, മലയന്‍ വാക്കായ’ ‘മോന്‍സിന്‍’, കാലാവസ്ഥ എന്നര്‍ഥംവരുന്ന ‘മോവ്സം’ എന്നിവയില്‍നിന്നാണ് ഇംഗ്ളീഷ്പദമായ ‘മണ്‍സൂണ്‍’ പിറവിയെടുത്തത്. ചൂടാണ് മണ്‍സൂണിന് ജന്മം നല്‍കുന്നതെന്നു പറയാം. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അപ്പോള്‍ ചൂടുപിടിച്ച് വായു മേല്‍പ്പോട്ടുയരുകയും അവിടെ ന്യൂനമര്‍ദമേഖലകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതേസമയം, കേരളത്തിനു തെക്കുപടിഞ്ഞാറുദിശയില്‍ ദക്ഷിണാര്‍ധ ഗോളത്തിലെ സമുദ്രോപരിതലം തണുത്ത വായു നിറഞ്ഞുനില്‍ക്കുന്ന അതിമര്‍ദമേഖലയായിരിക്കും.
ഈ തണുത്ത വായു ഉത്തരേന്ത്യയിലെ ന്യൂനമര്‍ദമേഖലയിലേക്ക് ഒഴുകിത്തുടങ്ങും. ഈ ശക്തമായ വായുപ്രവാഹത്തില്‍ വമ്പന്‍മേഘങ്ങളുടെ നീണ്ടനിര കേരളത്തിന്‍െറ തെക്കുപടിഞ്ഞാറെ തീരത്തെത്തുന്നു. ഈ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലവര്‍ഷത്തിന് കാരണമാകുന്നു. ഹിമാലയംവരെയെത്തി മഴ പെയ്യിച്ച് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ മണ്‍സൂണ്‍ മടങ്ങിവരും. ഈ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കേരളത്തില്‍ തുലാമഴ പെയ്യിക്കുന്നു.

മഴ വേണോ? പെയ്യിക്കാം!
കേള്‍ക്കുമ്പോള്‍ ‘ഏയ്, ചുമ്മാ!’ എന്നു പറയാന്‍ തോന്നും, അല്ലേ? പക്ഷേ, സംഗതി സത്യമാണ്! അത്തരത്തിലുള്ള ശ്രമങ്ങള്‍ വളരെക്കാലമായി നടന്നുവരുന്നു. എങ്ങനെയെന്നോ? തണുത്തുറഞ്ഞ കാര്‍ബണ്‍ ഡൈഓക്സൈഡ്, സില്‍വര്‍ അയഡൈസ് എന്ന രാവസ്തുവിന്‍െറ തരികള്‍ എന്നിവ മേഘങ്ങളില്‍ വിതറി തണുപ്പിക്കുകയാണ് പരിപാടി. ഇങ്ങനെ ‘ക്ളൗഡ് സീഡിങ്’ നടത്തി മഴ പെയ്യിക്കുന്ന പദ്ധതി വിജയകരമായി ആദ്യം പരീക്ഷിച്ചത് 1946ല്‍ അമേരിക്കയിലാണ്. വിമാനത്തില്‍ പറന്നുയര്‍ന്നാണ് ഇര്‍വിങ് ലാങ്മൂര്‍ എന്ന ശാസ്ത്രജ്ഞന്‍ ഇത് നിര്‍വഹിച്ചത്. നമ്മുടെ കൊച്ചുകേരളത്തിലും 1987ല്‍ മഴ പെയ്യിക്കാന്‍ ഇത്തരത്തിലൊരു ശ്രമം നടത്തിയിരുന്നെങ്കിലും അത് ഫലവത്തായില്ല.

അതിശയിപ്പിക്കും മഴകള്‍
ചില അസാധാരണമഴകള്‍ നമ്മെ അമ്പരപ്പിക്കും. അവയിലൊന്നാണ് ‘വര്‍ണമഴ’. ചുവന്ന മഴയും മഞ്ഞമഴയുമൊക്കെ പത്രത്താളുകളില്‍ ഇടംപിടിച്ചിരുന്നത് കൂട്ടുകാര്‍ ഓര്‍ക്കുമല്ലോ. ചില ‘ആല്‍ഗകളാ’ണ് ഈ നിറംപകരലിന് കാരണമാകുന്നതെന്ന് പൊതുവെ കരുതപ്പെടുന്നു.
മഴപെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന നൈട്രജന്‍ ലവണങ്ങളുടെയും ഗന്ധകത്തിന്‍െറയും ഓക്സൈഡുകള്‍ (സള്‍ഫര്‍ ഓക്സൈഡും നൈട്രസ് ഓക്സൈഡും) മഴത്തുള്ളികളില്‍ ലയിച്ച് ഭൂമിയിലേക്കു പതിക്കുന്നു. ഇതാണ് ആസിഡ് കലര്‍ന്ന മഴ അഥവാ ‘അമ്ളമഴ’. മഴപെയ്യുമ്പോള്‍ ‘ആലിപ്പഴം’ പൊഴിയുന്നതാണ് മറ്റൊരു പ്രതിഭാസം. കൊച്ചു മഞ്ഞുകട്ടകളാണിവ. മഴമേഘങ്ങളിലാണ് ഇവയുണ്ടാകുന്നത്.
മഴക്കൊപ്പം മത്സ്യങ്ങള്‍ പെയ്തിറങ്ങുന്നതാണ് അതിശയകരമായ ഒരു വസ്തുതയായി അവശേഷിക്കുന്നത്. സമുദ്രോപരിതലത്തിലുള്ള ചെറിയ മീനുകള്‍ ശക്തമായ കാറ്റില്‍പെട്ട് ദൂരെയുള്ള അന്തരീക്ഷത്തിലേക്ക് എത്തുകയും ഈര്‍പ്പം നിലനില്‍ക്കുന്നിടത്തോളം ജീവനോടെ ഇരിക്കുകയും  ശക്തമായ മഴയുണ്ടാകുമ്പോള്‍ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിനുള്ള വിശദീകരണം.

ശബ്ദവും വെളിച്ചവും
മഴ അരങ്ങുതകര്‍ക്കുമ്പോള്‍ ആരൊക്കെയാണ് ശബ്ദവും വെളിച്ചവുമേകി കൂടെയുള്ളത്? സംശയമില്ല. ഇടിയും മിന്നലുംതന്നെ. മിന്നല്‍മേഘങ്ങളില്‍ (Thunder clouds) നടക്കുന്ന വൈദ്യുത ചാര്‍ജുകളുടെ പ്രവാഹമാണ് ഇടിമിന്നലിനു കാരണം. പെട്ടെന്നുള്ള അതിഭയങ്കരമായ വൈദ്യുതപ്രവാഹത്തില്‍ അതിനിടക്കുള്ള വായു 20,000 ഡിഗ്രി സെല്‍ഷ്യസിനോളം ചൂടാക്കപ്പെടുന്നു. ഇത് ചുറ്റുമുള്ള വായുവിനെ ഒരു ഷോക്ക്വേവ് ഉണ്ടാക്കി പെട്ടെന്ന് തൂത്തെറിയുന്നു.  ശബ്ദാതിവേഗത്തിലുള്ള ഈ തരംഗങ്ങള്‍ ഉടനെ കുറച്ചകലെയെത്തുമ്പോള്‍ മര്‍ദംകുറഞ്ഞ് ശബ്ദതരംഗങ്ങളായി മാറ്റപ്പെടുന്നു. ഇതാണ് ഇടിമുഴക്കമായി കേള്‍ക്കുന്നത്.
വൈദ്യുത ഡിസ്ചാര്‍ജിന്‍െറ ഫലമായി തീജ്വാലയും ശബ്ദവും ഒരുമിച്ചാണുണ്ടാകുന്നതെങ്കിലും പ്രകാശത്തിന് ശബ്ദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതിനാല്‍ മിന്നലാണ് ആദ്യം അനുഭവപ്പെടുന്നത്. ഭൂമിക്കുമുകളില്‍ 1-12 കി.മീമുതല്‍ 12-14കി. മീ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഴമേഘങ്ങളാണ് ഇടിമിന്നലുണ്ടാക്കുക.
മഴയുടെ പേരും നേരും
പര്‍വതങ്ങളുടെ സാന്നിധ്യം ചിലപ്പോള്‍ മഴക്ക് കാരണമാകാറുണ്ട്. പാഞ്ഞുപോകുന്ന മഴമേഘങ്ങളെ കൂറ്റന്‍പര്‍വതങ്ങള്‍ തടഞ്ഞുനിര്‍ത്തി പെയ്യിക്കുന്നു. ഇത്തരം മഴകള്‍ ‘പര്‍വതജന്യ മഴകള്‍’ എന്നറിയപ്പെടുന്നു. തണുത്തതും സാന്ദ്രതയേറിയതുമായ പ്രദേശത്തുകൂടി ചൂടുള്ള നീരാവിനിറഞ്ഞ വായു കടന്നുപോകുമ്പോള്‍ പെയ്യുന്ന മഴയുണ്ട്. ഇത് ‘സംവഹനമഴ’ (Convective Rain) എന്ന പേരിലാണ് അറിയപ്പെടുന്നത്. ‘സൈക്ളോണ്‍’ എന്നറിയപ്പെടുന്ന ന്യൂനമര്‍ദമേഖലയാണ് മഴക്ക് കാരണമാകുന്നതെങ്കില്‍ ആ മഴയെ ന്യൂനമര്‍ദമഴ (Cyclonic Rain) എന്നു വിളിക്കുന്നു. ചൂടുള്ളതോ തണുത്തതോ ആയ വായു ചലിക്കുമ്പോഴാണ് അന്തരീക്ഷത്തില്‍ ന്യൂനമര്‍ദമുണ്ടാകുന്നത്. തുടര്‍ന്ന് മഴയും പെയ്യുന്നു. ചൂടുള്ള വായു ഉയരുന്ന സ്ഥലത്തെ മഴക്ക് ‘ഫ്രണ്ടല്‍ റെയിന്‍’ (Frontal Rain) എന്നും തണുത്ത വായു നീങ്ങുന്ന സ്ഥലത്തെ മഴക്ക് ‘നോണ്‍ ഫ്രണ്ടല്‍ റെയിന്‍’ (Non frontal Rain) എന്നും പറയുന്നു.

ആകാശം മേഘാവൃതമാകുമോ?
‘ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്’-തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍െറ ഇത്തരം അറിയിപ്പുകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. 1836ല്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്‍െറകാലത്ത് തുടങ്ങിയ വാനനിരീക്ഷണകേന്ദ്രമാണ് ഇന്നത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 1965ലാണ് ഇവിടെനിന്ന് കാലാവസ്ഥാ പ്രവചനം ആരംഭിച്ചത്. കേരളത്തിലെമ്പാടുമായി 70 മഴ മാപിനികള്‍ ഈ കേന്ദ്രത്തിന്‍െറ നിയന്ത്രണത്തിലുണ്ട്.
മഴയുടെ അളവറിയാന്‍
മഴ അളക്കാനുള്ള ഉപകരണമാണ് ‘റെയിന്‍ഗേജ്’ അഥവാ ‘മഴമാപിനി’.
ഒരു തടസ്സവുമില്ലാത്ത പ്രത്യേക സ്ഥലത്ത് ഒരു ദിവസം മഴപെയ്താല്‍ എത്ര വെള്ളം ഉയരുമെന്നു നോക്കിയാണ് മഴയുടെ അളവ് കണക്കാക്കുന്നത്. എല്ലാ ദിവസവും രാവിലെ 8.30നാണ് മഴയുടെ അളവെടുക്കുന്നത്.
ഇന്ത്യമുഴുവന്‍ ഈ സമയമാണ് അംഗീകരിച്ചിട്ടുള്ളത്. 24 മണിക്കൂര്‍കൊണ്ട് ഏഴു സെ.മീറ്ററില്‍ കൂടുതല്‍ മഴ പെയ്താല്‍ ‘കനത്ത മഴ’യായി പരിഗണിക്കുന്നു.
ഏഴു സെ.മീറ്ററില്‍ താഴെയുള്ള മഴ സാധാരണ മഴയാണ്. 12 സെ. മീറ്ററില്‍ കൂടുതലുള്ള മഴയെ ‘വളരെ കനത്ത മഴ’യായി കണക്കാക്കുന്നു.
മൂന്നു മഴകളാല്‍ സമ്പന്നം
മൂന്നു മഴക്കാലങ്ങള്‍ ഉണ്ടെന്ന സവിശേഷത കേരളത്തിനുമാത്രം അവകാശപ്പെട്ടതാണ്! ഇടവപ്പാതി, തുലാവര്‍ഷം പിന്നെ വേനല്‍മഴയും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാലവര്‍ഷം കാലുകുത്തുന്നതുതന്നെ കേരളത്തിലാണ്!
ഇടവമാസം പാതി (ഇടവപ്പാതി)യാകുമ്പോള്‍ അഥവാ, ജൂണ്‍ ആദ്യവാരം ഈ മഴക്കാലമെത്തും. കാലവര്‍ഷമെന്നും ഇത് അറിയപ്പെടുന്നു. സെപ്റ്റംബര്‍ മുപ്പതോടെ കാലവര്‍ഷം അവസാനിക്കും.
തുടര്‍ന്ന് ഒക്ടോബറില്‍ ആരംഭിക്കുന്ന തുലാവര്‍ഷം ഡിസംബറോടെ അവസാനിക്കും. ഇവ രണ്ടും കൂടാതെയാണ് വേനല്‍മഴയുടെ സാന്നിധ്യം. രാവിലെമുതല്‍  പെയ്യുന്ന മഴ കാലവര്‍ഷത്തിന്‍െറയും ഉച്ചകഴിയുമ്പോള്‍ ആകാശം ഇരുണ്ടുകൂടി  ഇടിമിന്നലോടുകൂടി പെയ്യുന്ന മഴ തുലാവര്‍ഷത്തിന്‍െറയും പ്രത്യേകതകളാണ്. വേനല്‍മഴയിലാകട്ടെ, നിനച്ചിരിക്കാത്ത ഇടിയും മിന്നലുമുണ്ടാകുന്നു.


Subscribe to കിളിചെപ്പ് by Email
Share:

ശുക്രന്‍

ഭൂമിയുടെ(Earth) സഹോദരഗ്രഹമെന്നറിയപ്പെടുന്ന ശുക്രന്‍(Venus) സൗരയൂഥ(Solar system)ത്തിലെ ഏറ്റവും സുന്ദരമായ ഗ്രഹമാണ്. സൗരയൂഥത്തില്‍ സൂര്യനൊ(Sun)ഴികെയുള്ളവരില്‍  ഏറ്റവും തിളക്കമേറിയ അംഗമെന്ന പ്രത്യേകതയാണ് റോമന്‍ (Roman)സൗന്ദര്യദേവതയായ വീനസിന്‍െറ പേര് ശുക്രന് നേടിക്കൊടുത്തത്. സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രന്‍. സൂര്യനെ ഒരു തവണ പ്രദക്ഷിണംചെയ്യാന്‍ ശുക്രന്  224.7 ഭൗമദിനങ്ങള്‍ വേണം.

സൂര്യോദയത്തിന് തൊട്ടുമുമ്പും സൂര്യാസ്തമയത്തിനുശേഷവുമാണ് ആകാശത്ത് ശുക്രന്‍ പ്രത്യക്ഷപ്പെടുന്നത്. വലുപ്പം, ഗുരുത്വാകര്‍ഷണശേഷി, മൊത്തത്തിലുള്ള പദാര്‍ഥഘടകങ്ങള്‍ തുടങ്ങിയവയില്‍ പുലര്‍ത്തുന്ന സാദൃശ്യത്താലാണ് ശുക്രന്‍ ഭൂമിയുടെ സഹോദരഗ്രഹമെന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമാണ് ശുക്രന്‍.
20ാം നൂറ്റാണ്ടുവരെ ശുക്രനെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ബി.സി ആറാം നൂറ്റാണ്ടില്‍ ഗ്രീക്ക് തത്ത്വചിന്തകനായ പൈഥഗോറസാണ് പ്രഭാതത്തിലും സന്ധ്യക്കും പ്രത്യക്ഷപ്പെടുന്ന ‘നക്ഷത്രം’ ഒന്നാണെന്നു കണ്ടെത്തിയത്. 17ാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയാണ് ഈ ഗ്രഹത്തെ ആദ്യമായി ശാസ്ത്രീയനിരീക്ഷണത്തിനു വിധേയമാക്കിയത്. അതിനുശേഷമാണ് ഇതൊരു നക്ഷത്രമല്ലെന്ന് വ്യക്തമാകുന്നത്.


1961 ഫെബ്രുവരി 12ന് സോവിയറ്റ് യൂനിയന്‍ (Soviet Union)ശുക്രനെ ലക്ഷ്യമാക്കി വിക്ഷേപിച്ച വെനീറ 1 (Venera 1) പേടകം ഒരു ഗ്രഹത്തിലേക്കു വിക്ഷേപിക്കപ്പെട്ട ആദ്യ റോബോട്ടിക് പേടകമായി. ദൗര്‍ഭാഗ്യവശാല്‍ ഈ ശ്രമവും പിന്നീട് അമേരിക്കന്‍ ബഹിരാകാശഏജന്‍സിയായ നാസ(NASA) നടത്തിയ ആദ്യശ്രമവും പരാജയപ്പെട്ടു.
നാസയുടെ രണ്ടാം ശ്രമമായ മാരിനര്‍ 2 1962ല്‍ ലക്ഷ്യംകണ്ടു. ശുക്രന്‍െറ ഉയര്‍ന്ന താപനില അവിടെ ജീവന്‍െറ നിലനില്‍പ്പുണ്ടാകാമെന്നുള്ള പ്രത്യാശക്ക് വിരാമമിട്ടു.  
ശുക്രന്‍െറ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചതും ശുക്രോപരിതലം സ്പര്‍ശിച്ചതുമായ ആദ്യ മനുഷ്യനിര്‍മിതവസ്തുവായി 1966ല്‍  സോവിയറ്റ് യൂനിയന്‍ വിക്ഷേപിച്ച വെനീറ 3 
(Venera 3) പേടകം. അമേരിക്കയും സോവിയറ്റ് യൂനിയനും പിന്നെയും ശുക്രനിലേക്ക്  പേടകങ്ങള്‍ വിക്ഷേപിച്ചു, ഇപ്പോഴും പഠനങ്ങള്‍ തുടരുന്നു.
എന്താണ് ശുക്രസംതരണം ?
ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രന്‍ വരുമ്പോള്‍ അത് സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കും. നാമതിനെ സൂര്യഗ്രഹണമെന്നാണ് വിളിക്കുന്നത്. അതുപോലെ, ഭൂമിക്കും സൂര്യനുമിടയില്‍ക്കൂടി ശുക്രന്‍ കടന്നുപോകുമ്പോള്‍ അത് സൂര്യബിംബത്തെ മറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍, ഭൂമിയില്‍നിന്ന് വളരെ അകലെയായതിനാല്‍ (ഏകദേശം അഞ്ചുകോടി കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ശുക്രനാവില്ല. സൂര്യബിംബത്തിനു മുന്നിലൂടെ ഒരു കറുത്തപൊട്ടുപോലെ ഗ്രഹം സഞ്ചരിക്കുന്നതായി ഭൂമിയിലുള്ള നിരീക്ഷകന് കാണപ്പെടും. ഇതാണ് ശുക്രസംതരണം. ചന്ദ്രന്‍ ഭൂമിയുടെ വളരെ അടുത്തായതുകൊണ്ടാണ് (ഏകദേശം നാലു ലക്ഷം കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കുന്നത്. ഏതാനും മണിക്കൂറുകളാണ് ശുക്രസംതരണം ദൃശ്യമാകുന്നത്. 2004ല്‍ നടന്ന ശുക്രസംതരണം ആറുമണിക്കൂര്‍ നീണ്ടുനിന്നു. 243 വര്‍ഷംകൊണ്ട് ആവര്‍ത്തിക്കുന്ന സവിശേഷ പാറ്റേണിലാണ് ശുക്രസംതരണം സംഭവിക്കുന്നത്. 121.5 വര്‍ഷത്തിനും 105.5 വര്‍ഷത്തിനും ഇടയില്‍ 8 വര്‍ഷത്തിലൊരിക്കല്‍ എന്ന വിചിത്രമായ പാറ്റേണാണിത്.
 
സൗരയൂഥത്തില്‍ ബുധന്‍ കഴിഞ്ഞാല്‍ സൂര്യന്‍െറ ഏറ്റവുമടുത്ത ഗ്രഹമാണ് ശുക്രന്‍. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹവും ശുക്രനാണ്. ഭൂമിയുടെ ഇരട്ട സഹോദരി എന്നുവിളിക്കാവുന്ന ശുക്രന്‍െറ വ്യാസം ഏറക്കുറെ ഭൂമിയുടേതിനു തുല്യമാണ്. ഏറ്റവുമധികം പര്യവേക്ഷണങ്ങള്‍ നടന്നിട്ടുള്ള ഗ്രഹവും ശുക്രനാണ്.
കട്ടികൂടിയ കാര്‍ബണ്‍ ഡൈഓക്സൈഡ് മേഘങ്ങള്‍ നിറഞ്ഞതാണ് ശുക്രന്‍െറ അന്തരീക്ഷം. അമ്ളമഴയും കൊടുങ്കാറ്റുകളും ശക്തമായ ഇടിമിന്നലുകളും നിത്യസംഭവമായ ശുക്രന്‍െറ താപനില 450 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹവും ശുക്രനാണ്. കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകത്തിന്‍െറ ഹരിതഗൃഹ സ്വഭാവമാണ് ഗ്രഹത്തിന്‍െറ താപനില ഇത്രയും ഉയരാന്‍ കാരണമാകുന്നത്. ഈ ഗ്രഹം ജീവന് അനുയോജ്യമല്ല. ശുക്രന്‍െറ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപാതയില്‍നിന്ന് 3.39o ചരിഞ്ഞാണിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ മാത്രമേ ഭൂമിയുടെ പരിക്രമണതപാത ശുക്രന്‍ മുറിച്ചുകടക്കുന്നുള്ളൂ. ഈ അവസരത്തില്‍ മാത്രമേ ഭൂമിയിലുള്ള നിരീക്ഷകന് ശുക്രന്‍ സൂര്യബിംബത്തിന്‍െറ മുന്നിലൂടെ കടന്നുപോകുന്നതായി കാണപ്പെടുകയുള്ളൂ.
പ്രഭാതനക്ഷത്രമെന്നും പ്രദോഷ നക്ഷത്രമെന്നുമെല്ലാം വിളിക്കുന്ന ശുക്രനെക്കുറിച്ച് പുരാതന ഇന്ത്യന്‍, ഗ്രീക്ക്, ഈജിപ്ഷ്യന്‍, ചൈനീസ്, ബാബിലോണിയന്‍, മായന്‍ സംസ്കാരങ്ങളിലെല്ലാം സൂചനയുണ്ടായിരുന്നു. ഈ ഗ്രഹത്തിന്‍െറ സഞ്ചാരത്തെക്കുറിച്ചും ഏകദേശ ധാരണ അക്കാലത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നു. ആധുനിക കാലഘട്ടത്തില്‍ ആദ്യമായി ശുക്രന്‍െറ സഞ്ചാരപാത ശാസ്ത്രീയമായി അപഗ്രഥിച്ചത് യൊഹാന്‍ കെപ്ളറാണ്. എ.ഡി 1631ല്‍ ശുക്രസംതരണം നടക്കുമെന്ന് നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് 1627ല്‍ അദ്ദേഹം പ്രവചിച്ചിരുന്നുവെങ്കിലും കണക്കുകൂട്ടലിലുണ്ടായ നേരിയ പിഴവു കാരണം അദ്ദേഹം പ്രവചിച്ചിരുന്ന സ്ഥലങ്ങളില്‍നിന്ന് ശുക്രസംതരണം ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. പിന്നീട്, 1939 നവംബര്‍ 24ന് നടന്ന സംതരണം ഇംഗ്ളീഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ ജെറെമിയ ഹൊറോക്സ് കൃത്യമായി പ്രവചിക്കുകയുണ്ടായി. കൂടാതെ, ശുക്രന്‍െറ സഞ്ചാരഗതി അപഗ്രഥിക്കുന്നതില്‍ കെപ്ളറിനുണ്ടായ നേരിയ പിഴവുകള്‍ തിരുത്താനും ഹൊറോക്സിന് സാധിച്ചു.
Subscribe to കിളിചെപ്പ് by Email
Share:

അപൂര്‍വ പക്ഷികള്‍ - 3


Secretary Bird
തീക്കാക്ക (Malabar Trogon)
ട്രോഗോണി ഹോര്‍മിസ് വര്‍ഗത്തില്‍പെട്ട പക്ഷിയാണ് തീകാക്ക. പശ്ചിമമലനിരകളില്‍ കാണപ്പെടുന്ന പക്ഷികളെ ഇന്ത്യയിലെ ഒഡിഷ പോലുള്ള ചില സംസ്ഥാനങ്ങളിലും കണ്ടുവരുന്നു. ചെറുതും പരന്നതുമായ കൊക്കാണ് തീ കാക്കയുടേത്. നാല് വിരലുകളാണ് കാലിലുള്ളത്. കറുത്ത നിറമാണ് ചിറകിന്. ചിറകില്‍ വെളുത്ത വരകളുണ്ട്.
തീകാക്കകളിലെ ആണ്‍പക്ഷിയുടെ കഴുത്തും മുകളിലേക്കുള്ള ഭാഗവും കറുപ്പാണ്. എന്നാല്‍, കഴുത്ത്, നെഞ്ച് എന്നിവയെ വെളുത്ത വളയംകൊണ്ട് വേര്‍ തിരിക്കുന്നു. നെഞ്ചിനുതാഴെ ചുവപ്പ് നിറമാണ്. പെണ്‍പക്ഷികള്‍ക്ക് ഇവിടെ തവിട്ട് നിറമാണ്. ഫെബ്രുവരിയോടെ തീകാക്കയുടെ പ്രജനനകാലം  തുടങ്ങുന്നു. ഭക്ഷണം ചെറുകീടങ്ങളും പ്രാണികളുമൊക്കെയാണ്. ഉണങ്ങിയമരങ്ങളുടെ പൊത്തുകള്‍ തീകാക്ക വാസസ്ഥാനങ്ങളാക്കുന്നു.
നെല്ലിക്കോഴി (Rails and Crakes)
കുളക്കോഴികളുടെ വംശത്തില്‍ പിറന്നവരാണ് നെല്ലിക്കോഴികള്‍. വയലുകളിലും ചതുപ്പുനിലങ്ങളിലും കാട്ടുപൊന്തകളിലുമൊക്കെ നെല്ലിക്കോഴികളെ കാണാം. മണ്ണിന്‍െറ നിറമുള്ള ശരീരവും ചുവന്ന കണ്ണുകളും കാലുകളും മടങ്ങിയ ചിറകുമൊക്കെ നെല്ലിക്കോഴികള്‍ക്കുണ്ട്. വാല്‍ ഉയര്‍ത്തിയും താഴ്ത്തിയും ഇരതേടുക ഇവയുടെ സ്വഭാവമാണ്. ചുവന്ന നെല്ലിക്കോഴി (Ruddy Crake) യെ കൂടാതെ തവിടന്‍ നെല്ലിക്കോഴി (Slaty legged Banded Crake) എന്നൊരു ഇനമുണ്ട്. ഇതിന്‍െറ തലയും കഴുത്തും തവിട്ടുനിറം കലര്‍ന്ന ചുവപ്പാണ്. കാലുകള്‍ക്ക് സ്ളേറ്റ് നിറമായതിനാലാണ് തവിടന്‍ നെല്ലിക്കോഴിയെ ഇംഗ്ളീഷില്‍ Slaty legged Banded Crake എന്നു പറയുന്നത്.
Share:

അറിയാം ആദിവാസി ചരിത്രം - 3 (Know About Tribal Part - 3)


ഊരാളികള്‍ (Urali)
എറണാകുളം(Ernakulam), ഇടുക്കി9Idukki), കൊല്ലം9Kollam) ജില്ലകളില്‍ കാണുന്ന ഒരു ആദിവാസിവിഭാഗമാണ് ഊരാളികള്‍. തമിഴും മലയാളവും ഇടകലര്‍ന്ന പ്രത്യേക ഭാഷ അവര്‍ക്കുണ്ട്. എന്നാല്‍, മറ്റുള്ളവരോട് മലയാളത്തില്‍ത്തന്നെ സംസാരിക്കും. വരന്‍ വധുവിന് താലികെട്ടുന്നതാണ് വിവാഹത്തിലെ പ്രധാന ചടങ്ങ്.ഇവരുടെ തലവനെ കാണിയെന്നോ വേലനെന്നോ വിളിക്കുന്നു. കാണിയെ ഊരാളികള്‍ ബഹുമാനിക്കുന്നു. ഇവരുടെ ശവസംസ്കാര ചടങ്ങുകള്‍ക്ക് എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നുമില്ല.
മന്നാന്‍ (Mannan)
പാലക്കാട് (Palakkad), ഇടുക്കി(Idukki), കോട്ടയം(Kottayam) ജില്ലകളിലാണ് മന്നാന്മാരുള്ളത്. തമിഴും മലയാളവും കലര്‍ന്ന ഒരു പ്രാകൃതഭാഷയാണ് അവര്‍ സംസാരിക്കുന്നത്. മന്നാന്മാരുടെ തലവനെ കാണിയെന്നോ കെട്ടു കാണിയെന്നോ വിളിക്കുന്നു. കാണിയുടെ ഭാര്യ കാണിക്കാരത്തിയാണ്.
വിവാഹത്തിനുമുമ്പ് പെണ്ണിന്‍െറ അച്ഛനുവേണ്ടി വരന്‍ ജോലി ചെയ്യുന്ന പതിവുണ്ട്. ചീര്‍പ്പ്, വെറ്റില എന്നിവ കൊടുക്കലും താലിക്കെട്ടുമാണ് വിവാഹത്തിലെ പ്രധാന ചടങ്ങുകള്‍. വിവാഹബന്ധം പാവനമായി കരുതുന്നവരാണ് മന്നാന്മാര്‍. മൃതദേഹം ക്ഷൗരംചെയ്യുന്ന പതിവുണ്ട്.

പളിയര്‍ (Paliyar)
ഇടുക്കി (Idukki)ജില്ലയില്‍ മാത്രമുള്ളവരാണ് പളിയര്‍. മലയാളവും തമിഴും കലര്‍ന്നതാണ് ഭാഷ. വിവാഹത്തില്‍ മുറപ്പെണ്ണിനാണ് മുന്‍ഗണന. വസ്ത്രംകൊടുക്കല്‍ വിവാഹത്തിലെ പ്രധാന ഇനമാണ്. പളിയര്‍ മൃതദേഹം മറവുചെയ്യും.

മലപ്പുലയര്‍ (Malappulayar)
ഇടുക്കി 9Idukki)ജില്ലയില്‍ മാത്രം കാണുന്നവരാണ് മലപ്പുലയര്‍. ഇവര്‍ കുറുമ്പപ്പുലയര്‍, കരവഴി പുലയര്‍, പമ്പാപുലയര്‍, ഹീല്‍ പുലയര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇവരില്‍ രണ്ടു വിഭാഗമുണ്ട്. കുറുമ്പ പുലയരും കരവഴിപ്പുലയരും. തമിഴിന്‍െറ ഒരു ദേശഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കുറുമ്പ പുലയരുടെ വിവാഹത്തിലെ പ്രധാന ചടങ്ങ് വസ്ത്രം കൊടുക്കലാണ്. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിന് മൃഗങ്ങളെ കൊല്ലാനോ ശവമഞ്ചം ചുമക്കാനോ പുര മേയാനോ ക്ഷൗരംചെയ്യാനോ പാടില്ല. കുറുമ്പ പുലയരുടെ തലവനെ അരശണെന്നാണ് വിളിക്കുക. മലപ്പുലയര്‍ക്ക് അവരുടേതായ ചില സംഗീതോപകരണങ്ങളുണ്ട്. ചെണ്ടമേളത്തോടും സംഗീതത്തോടുംകൂടിയാണ് അവര്‍ ശവസംസ്കാര യാത്ര നടത്തുക. പൊതു ശ്മശാനങ്ങളിലാണ് മൃതദേഹം മറവുചെയ്യുക.

വയനാട്ടിലെ മാനന്തവാടിക്കു സമീപപ്രദേശങ്ങളില്‍ വസിക്കുന്നവരാണ് അടിയാന്മാര്‍ (Adiyan)
കണ്ണൂരിലെ(Kannur) തളിപ്പറമ്പ് താലൂക്കിലും ഇക്കൂട്ടരുണ്ട്. വേമം, ബാവലി, കുപ്പത്തോട്, മുതിരമല എന്നിവിടങ്ങളിലാണ് വയനാട്ടില്‍ അധികമായി അടിയാന്മാരെ കാണുന്നത്.
അടിയാനെന്ന പദത്തിന്‍െറ അര്‍ഥം അടിമയെന്നാണ്. അടിയാന്മാരിലെ സ്ത്രീകള്‍ പച്ചകുത്താറുണ്ട്.പ്രാകൃത കന്നടയാണ് ഇവരുടെ ഭാഷ. പ്രാകൃത മലയാളത്തിന്‍െറ കലര്‍പ്പ് ആ ഭാഷയിലുണ്ട്.അടിയാന്മാരുടെ സങ്കേതങ്ങള്‍ക്ക് ‘മണ്ടു’ എന്നാണ് പറയുക. അടിയാന്മാരുടെ ഓരോ കുടുംബത്തിനും ഓരോ തലവനുണ്ടാകും. തലവനെ  ‘പെരുമാന്‍’ എന്നാണ് വിളിക്കുന്നത്. പെരുമാന്‍സ്ഥാനം പരമ്പരാഗതമാണ്. അടിയാന്മാര്‍ക്ക് അവരുടേതായ പാട്ടുകളും നൃത്തങ്ങളുമുണ്ട്.വിവാഹം വധൂഗൃഹത്തിലാണ് നടക്കുക. സദ്യ വരന്‍െറ ഗൃഹത്തിലാണ്. മുറപ്പെണ്ണിനെ വിവാഹംചെയ്യുന്ന പതിവില്ല. അടിയാന്മാര്‍ ഹിന്ദുക്കളാണ്. എന്നാല്‍, ഇവര്‍ക്കായി ക്ഷേത്രങ്ങളില്ല.

കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പല മേഖലകളിലും താമസിക്കുന്നുണ്ട്
കുറിച്യര്‍ (Kurichyar)

കണ്ണൂര്‍(Kannur), വയനാട് (Wayanad), കോഴിക്കോട്(Kozhikkod) ജില്ലകളിലെ പല മേഖലകളിലും കുറിച്യര്‍ താമസിക്കുന്നുണ്ട്. മലബാറിലെ സമതലങ്ങളില്‍നിന്ന് ആദ്യമായി വയനാട്ടിലെത്തി കൃഷി ആരംഭിച്ചത് കുറിച്യരായിരുന്നു. സാമൂഹികമായി അവരുടെ സ്ഥാനം മറ്റെല്ലാ ആദിവാസികളുടെയും മീതെയാണ്. മറ്റുള്ള ആദിവാസികള്‍ അവരെ തൊട്ടാലും തീണ്ടിയാലും അവര്‍ അയിത്തമാകും. മറ്റുള്ളവര്‍ തൊട്ട വെള്ളംപോലും അവര്‍ കുടിക്കാറില്ല.അബദ്ധത്തില്‍ ഒരു പണിയനെയോ കുറുമനെയോ തൊട്ടുപോയാല്‍ 40തവണ വെള്ളത്തില്‍ മുങ്ങണം. വീട്ടില്‍നിന്ന് പുറത്തുപോയാലും തിരിച്ചുകയറുമ്പോള്‍ കുളിക്കണം. അയിത്തത്തില്‍ കുറിച്യരെപ്പോലെ വിശ്വാസമുള്ള മറ്റൊരു ജാതിയില്ല.കുറിച്യര്‍ ഒന്നാന്തരം വില്ലാളികളാണ്. ബ്രിട്ടീഷുകാരുമായുണ്ടായ പഴശ്ശിയുദ്ധങ്ങളില്‍ അമ്പും വില്ലും ധരിച്ച കുറിച്യര്‍ പഴശ്ശി രാജാവിന്‍െറ പിന്നണിപ്പടയാളികളായിരുന്നു.കുറിച്യര്‍ സത്യസന്ധരും വിശ്വസ്തരുമാണ്.ലക്ഷ്യസ്ഥാനത്തുകൊള്ളുന്ന ശരപ്രയോഗം വശമുള്ളതുകൊണ്ടാണ് അവരെ കുറിച്യരെന്ന് വിളിക്കുന്നതെന്ന് ഒരഭിപ്രായമുണ്ട്. നെറ്റിയിലും മാറിലും കുറി പൂശുന്നതുകൊണ്ടാണ് കുറിച്യര്‍ എന്ന പേരു വന്നതെന്നും അഭിപ്രായമുണ്ട്.സാമ്പത്തികമായി മെച്ചപ്പെട്ട ഒരു സമുദായമാണ്. കുറിച്യരുടെ ഭാഷ മലയാളമാണ്. ഉച്ചാരണത്തിന്‍െറ പ്രത്യേകതയാല്‍ അവര്‍ പറയുന്നത് മനസ്സിലാക്കാന്‍ പ്രയാസംതോന്നാറുണ്ട്.വിളക്കുകത്തിക്കാന്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. കുറിച്യര്‍ക്കും തലവനുണ്ട്. അദ്ദേഹത്തെ മൂപ്പനെന്നും മൂത്ത പണിക്കരെന്നും വിളിക്കും. മൂത്ത പണികര്‍ക്കു പുറമെ മിക്ക കുടികളിലും ഇളയ പണിക്കരുമുണ്ടായിരിക്കും. മൂപ്പന്‍െറ അരയില്‍ വെള്ളിപ്പിടിയില്‍ കത്തി തിരുകിയിരിക്കും. ഇത് ധരിക്കുമ്പോള്‍ മാത്രമേ മൂപ്പനായി അംഗീകരിക്കുകയുള്ളൂ.കുറിച്യര്‍ക്കിടയില്‍ താലിക്കെട്ടുകല്യാണമുണ്ട്. പെണ്‍കുട്ടി ഋതുമതിയാകുന്നതിനുമുമ്പ് നിര്‍ബന്ധമായി നടത്തേണ്ട ചടങ്ങാണിത്. താലികെട്ടുന്നത് അച്ഛനോ അമ്മാവനോ ആയിരിക്കും. ശരിയായ വിവാഹം വയസ്സറിയിച്ചതിനു ശേഷം മാത്രമേ പാടുള്ളൂ.
വിവാഹത്തിന് അമ്പും വില്ലും ധരിച്ച വരന്‍ വധൂഗൃഹത്തില്‍ വരും. വധുവിനും വധുവിന്‍െറ അമ്മക്കും ഓരോ പുടവയും മറ്റു സമ്മാനങ്ങളും നല്‍കും. പിന്നീട് അവരെയും കൂട്ടി വരന്‍െറ വീട്ടിലേക്ക് വരും. വരന്‍െറ വീട്ടില്‍വെച്ച് താലികെട്ടും സദ്യയും നടക്കും.
കുറിച്യര്‍ മരുമക്കത്തായക്കാരാണ്. എന്നാല്‍, വിവാഹശേഷം ഭാര്യ ഭര്‍ത്താവിന്‍െറ വീട്ടിലാണ് താമസിക്കുക.കുട്ടി പിറന്നാല്‍ 41 ദിവസം പുല കഴിയുന്നതുവരെ അച്ഛന് കുട്ടിയെ കാണാന്‍ പാടില്ല.മൃതദേഹം മറവുചെയ്യുകയാണ് പതിവ്. മരിച്ചത് പുരുഷനാണെങ്കില്‍ കുഴിമാടത്തിനു മുകളില്‍ അമ്പും വില്ലും വെക്കും. സ്ത്രീയാണെങ്കില്‍ മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന വലയും.

To know about More : http://en.wikipedia.org/wiki/Tribals_in_Kerala

കടപ്പാട്  :- ലേഖനം  :വെളിച്ചം 
അടുത്ത പോസ്റ്റില്‍ തുടരും ....
Subscribe to കിളിചെപ്പ് by Email
Share:

അപൂര്‍വ പക്ഷികള്‍ - 2


ബേഡ്സ് ഓഫ് പാരഡൈസ് (Birds of Paradise )
പേരുപോലെത്തന്നെ പറുദീസയിലെ പക്ഷികളെന്നുതോന്നും ബേഡ്സ് ഓഫ് പാരഡൈസുകളെ കണ്ടാല്‍. അത്രക്ക് സുന്ദരന്മാരാണ് ഈ പക്ഷികള്‍. ആസ്ട്രേലിയയിലും ന്യൂഗിനിയ, മൊലുക്ക എന്നിവിടങ്ങളിലുമൊക്കെ ബേഡ്സ് ഓഫ് പാരഡൈസുകളെ കാണാം. ഇവിടത്തെ ഉഷ്ണ മേഖലാ വനങ്ങളിലാണ് ഇവ ആവാസമുറപ്പിക്കുന്നത്.
സാധാരണയായി ഒരു മീറ്റര്‍വരെ നീളമുള്ള വലിയ ശരീരമാണ് ഇവയുടേത്. സൗന്ദര്യത്തിന്‍െറ കാര്യത്തില്‍ പെണ്‍പക്ഷികളേക്കാള്‍ സുന്ദരന്മാര്‍ ആണ്‍പക്ഷികളാണ്. കാരണം, ആണ്‍പക്ഷികളുടെ ചിറകുകളുടെ വര്‍ണവിന്യാസങ്ങള്‍ പെണ്‍പക്ഷികളുടെ ചിറകുകളെ അപേക്ഷിച്ച് മനോഹരമാണ്.
ഉച്ചത്തില്‍ ശബ്ദംവെക്കുന്ന ഈ പക്ഷികളുടെ ശബ്ദത്തിന് മാധുര്യം കുറവാണ്. പ്രജനനകാലത്ത് പെണ്‍പക്ഷികളാണ് കൂടുകെട്ടുന്നത്. ഒരു കപ്പിന്‍െറ ആകൃതിയാണ് കൂടിന്. ചില്ലകള്‍, ഇലകള്‍ എന്നിവ ഉപയോഗപ്പെടുത്തിയാണ് കൂട് നിര്‍മാണം. മുട്ടകള്‍ വരകളോടുകൂടിയതാണ്. 43ഓളം ഇനങ്ങള്‍ ഇക്കൂട്ടരിലുണ്ട്. ലിറ്റില്‍ കിങ്, കിങ് ഓഫ് സാക്സണി എന്നിവ ഇവയിലെ ഭീമാകാരന്മാരും സുന്ദരന്മാരുമാണ്.
ഓയില്‍ ബേഡ്
തെക്കേ അമേരിക്കയിലാണ് ഓയില്‍ ബേഡുകളെ സാധാരണ കണ്ടുവരുന്നത്. നൈറ്റ് ജര്‍ പക്ഷികളോടാണ്  ഓയില്‍ ബേഡുകള്‍ക്ക് കൂടുതല്‍ സാമ്യം. തവിട്ട്-ചുകപ്പ് നിറങ്ങള്‍ കൂടിക്കലര്‍ന്ന ശരീരം. കാലുകള്‍ ചെറുതാണ്. ഒരു കൊളുത്തിന് സമാനമാണ് ഓയില്‍ ബേഡുകളുടെ കൊക്ക്.
എണ്ണപ്പന വളര്‍ന്നുനില്‍ക്കുന്നിടങ്ങളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. പകല്‍ സമയങ്ങളില്‍ പൂര്‍ണ വിശ്രമത്തിലാണ്. രാത്രികളിലാണ് ഭക്ഷണം തേടിയിറങ്ങല്‍. അതിനുയോജിച്ച കാഴ്ചശേഷിയാണ് ഓയില്‍ ബേഡുകള്‍ക്കുള്ളത്.
ഗ്രൗസ്
ചെറിയ ഇനം കോഴിവര്‍ഗക്കാരാണ് ഗ്രൗസ് പക്ഷികള്‍. ആര്‍ടിക് മേഖലകളിലാണിവയെ കണ്ടുവരുന്നത്. ഇതില്‍ 25ഓളം ഇനങ്ങളുണ്ടെന്നാണ് കണക്ക്. കട്ടിയേറിയ ചുണ്ടുകളും മനോഹരങ്ങളായ തൂവലുകളും ഗ്രൗസുകള്‍ക്കുണ്ട്. കാലുകള്‍ ചികയുവാനനുയോജ്യമാണ്. പ്രാണികള്‍, സസ്യഭാഗങ്ങള്‍ തുടങ്ങിയവയാണ് ഗ്രൗസുകളുടെ ഭക്ഷണം. വനങ്ങള്‍, പൊന്തക്കാടുകള്‍, പുല്‍മേടുകള്‍ തുടങ്ങിയവയാണ് ഗ്രൗസുകളുടെ ആവാസസ്ഥാനം. ജീവിത സാഹചര്യങ്ങള്‍ക്കിണങ്ങുന്ന നിറത്തിലുള്ള തൂവലുകളും ഗ്രൗസുകള്‍ക്കുണ്ടത്രെ. ചുവപ്പ്, തവിട്ട്, ചാര നിറങ്ങള്‍ ശരീരത്തില്‍ കാണാം.  ഒരിടത്തുതന്നെ കഴിയാനിഷ്ടപ്പെടുന്നവയാണ് ഗ്രൗസ്പക്ഷികളിലധികവും. എന്നാല്‍, ദേശാടനം ചെയ്യുന്നവയും ഇവക്കിടയിലുണ്ട്. ഇണയെ ആകര്‍ഷിക്കാനായി ഇവ ഒരു പ്രത്യേകതരം ശബ്ദംതന്നെ പുറപ്പെടുവിക്കാറുണ്ട്. പ്രജനന കാലത്ത് ഗ്രൗസുകള്‍ കൂട്ടമായി ഇത്തരം ശബ്ദം പുറപ്പെടുവിക്കും. ഓരോന്നിനും ഒന്നിലധികം ഇണകള്‍ ഉണ്ടാകും. ഇതിലെ ഒരു പ്രധാന ഇനമാണ് അമേരിക്കയില്‍ കണ്ടുവരുന്ന റഫ്ഡ് ഗ്രൗസ്.
കറുത്ത അരയന്നം
കറുത്ത നിറത്തില്‍ കാണപ്പെടുന്നതിനാലാണ് ഈ അരയന്നങ്ങള്‍ക്ക് ഈ പേര് ലഭിച്ചത്. കറുത്ത ശരീരമുള്ള ഇവയുടെ ചുണ്ടുകളും ചേര്‍ന്നുള്ള ഭാഗങ്ങളും വെള്ളകലര്‍ന്ന കടും ചുവപ്പാണ്. കറുത്ത ശരീരത്തില്‍ അവിടവിടെയായി വെളുത്ത തൂവലുകളും കാണാം. എല്ലാംകൂടി മറ്റൊരു അരയന്ന സുന്ദരനാക്കി മാറ്റുന്നു ഈ പക്ഷിയെ.
നല്ല വലുപ്പമുള്ള പക്ഷിയാണിത്. ഒരു കഴുകനോളം വലുപ്പമുണ്ടാകും പ്രായമായ ഒരു കറുത്ത അരയന്നത്തിന്. നീളന്‍ കഴുത്തും ഉയര്‍ത്തി ജലത്തിലൂടെ ഈ അരയന്ന സുന്ദരന്‍ നീന്തിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഭക്ഷണം ജലജീവികളാണ്. ജലസസ്യങ്ങളും ആഹരിക്കും. ജലാശയങ്ങളുടെ കരയിലാണ് ഇവ കൂടൊരുക്കുന്നത്.
ഞാറ
പെലിക്കണ്‍ എന്നറിയപ്പെടുന്ന ഞാറപ്പക്ഷികള്‍ പക്ഷികളിലെ ആദിമവര്‍ഗക്കാരെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം നാലു കോടി വര്‍ഷമെങ്കിലും പഴക്കമുള്ള പക്ഷിവര്‍ഗക്കാരായ ഞാറകള്‍ ജലപക്ഷികളാണ്. യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ ധാരാളമായി കണ്ടുവരുന്നു. ജലത്തിലും ചതുപ്പിലും പുല്‍മേടുകളിലുമൊക്കെ ഞാറകള്‍ വിഹരിക്കുന്നു. ജലത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇവയുടെ ഇരപിടിത്തം.
ഇവയുടെ ഏറ്റവും വലിയ സവിശേഷത നീളമേറിയ തടിച്ച കൊക്കിനു കീഴിലെ കട്ടിയേറിയ തോല്‍സഞ്ചിയാണ്. ഈ തോല്‍സഞ്ചിക്കായി ഇവയെ വന്‍തോതില്‍ കൊന്നൊടുക്കുന്നത് ഇവയുടെ വംശത്തിന്‍െറ നിലനില്‍പിനുതന്നെ ഭീഷണിയായിരിക്കയാണ്. മരുന്നുകള്‍, വാളുറ തുടങ്ങിയവ നിര്‍മിക്കാനാണത്രെ ഈ തോല്‍സഞ്ചി പ്രയോജനപ്പെടുത്തുന്നത്. കൂടാതെ ഇവയുടെ തോല്‍, തൂവല്‍ തുടങ്ങിയവയും വ്യവസായങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഒരുപക്ഷി കൊല്ലത്തില്‍ രണ്ടോ മൂന്നോ മുട്ടകളേയിടൂ. അടയിരിപ്പുകാലം 40 ദിവസമാണ്.
ലൂണ്‍
ജീവിതത്തിന്‍െറ 99 ശതമാനവും ജലത്തില്‍ കഴിയുന്ന പക്ഷിയാണ് ലൂണ്‍. 90 സെ.മീറ്റര്‍ വരെ വലുപ്പംവെക്കുന്ന ലൂണുകള്‍ പത്തുവര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യമുള്ള പക്ഷികളാണ്. യൂറോപ്പ്, വടക്കെ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലാണ് ലൂണ്‍ പക്ഷികളുടെ ആവാസം. Gavia immer എന്ന് ശാസ്ത്രനാമം.ആണ്‍പക്ഷികളാണ് ശരീരവലുപ്പത്തിന്‍െറ കാര്യത്തില്‍ മുന്നില്‍. കൊക്ക് നീളമേറിയതും ഒരു കഠാരയുടെ ആകൃതിയുള്ളതുമാണ്. ഇരപിടിത്തത്തിന് തികച്ചും അനുയോജ്യമാണിത്. ജലത്തില്‍മുങ്ങി ഇരകളെ കണ്ടെത്തുകയും ജലത്തില്‍വെച്ചുതന്നെ  കൊന്നുതിന്നുകയും ചെയ്യും.  എന്നാല്‍, വലിയ ഇരകളെ ഭക്ഷിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ ജലത്തില്‍ വെച്ച് ഭക്ഷിക്കാറില്ല. ഇരയെ ജലപ്പരപ്പില്‍ കൊണ്ടുവന്നശേഷമാണ് ഭക്ഷണമാക്കുക.
ഇവയുടെ കാലുകള്‍ ഘടിപ്പിച്ചിരിക്കുന്നത് ശരീരത്തിന്‍െറ ഏറെ പിന്നിലായാണ്. അതുകൊണ്ട് നടത്തം എളുപ്പമല്ല. എന്നാല്‍, കാലുകളുടെ ഈ ഘടന ജലസഞ്ചാരത്തിന് ഏറെ അനുഗുണമാണുതാനും. അതുകൊണ്ടുതന്നെയാവാം ലൂണ്‍പക്ഷികള്‍ ജീവിതം മുഴുവന്‍ ജലത്തില്‍ കഴിയാനിഷ്ടപ്പെടുന്നത്. ഇണചേരേണ്ട അവസരങ്ങളില്‍ മാത്രമേ ലൂണ്‍ പക്ഷികള്‍ കരയിലെത്താറുള്ളൂ. വൈകാതെ തന്നെ പക്ഷികള്‍ ജലത്തില്‍ തിരികെ എത്തുകയും ചെയ്യും. ലൂണ്‍ പക്ഷികള്‍ കൂടൊരുക്കുന്നതും ജലപരിസരങ്ങളിലാണ്.
ഇന്ത്യന്‍ സ്്കിമ്മര്‍
ഇന്ത്യന്‍ സ്കിമ്മറുകളെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാണാം. ശാസ്ത്രനാമം Rynhops albicollis. കടല്‍പ്പക്ഷിയാണ് ഇന്ത്യന്‍ സ്കിമ്മര്‍. ദേശാടനപ്പക്ഷികളാണിവ. ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളിലേക്കാണ് പലപ്പോഴും ഇന്ത്യന്‍ സ്കിമ്മര്‍ പക്ഷികളുടെ ദേശാടനം. കൂട്ടംചേര്‍ന്ന് കാണപ്പെടുന്ന ഈ പക്ഷികളെ തിരിച്ചറിയാന്‍ എളുപ്പമാണ്. ശരീരത്തില്‍ കറുപ്പും വെളുപ്പും തൂവലുകള്‍ ഇടകലര്‍ന്നു കാണാം. ചുവന്ന ചുണ്ടുകളും കാലുകളും ഇന്ത്യന്‍ സ്കിമ്മറുകള്‍ക്കുണ്ട്. പെണ്‍പക്ഷി ആണ്‍പക്ഷിയെ അപേക്ഷിച്ച് ചെറുതായിരിക്കും. കോരികയുടെ ആകൃതിയാണിവയുടെ ചുണ്ടുകള്‍ക്ക്. സാധാരണയായി കൂട്ടംചേര്‍ന്ന് കാണപ്പെടുമെങ്കിലും ചിലപ്പോള്‍ ഇന്ത്യന്‍ സ്കിമ്മറുകള്‍ തനിച്ചും സഞ്ചരിക്കും. പ്രത്യേകിച്ച്, ഇരതേടുന്ന സന്ദര്‍ഭങ്ങളില്‍. പകലും രാത്രിയും ഇരതേടുന്ന പതിവുണ്ട്.സാധാരണ ഒരു ഇന്ത്യന്‍ സ്കിമ്മറിന്‍െറ വലുപ്പം 40 സെന്‍റിമീറ്ററാണ്്. ഫെബ്രുവരി മുതലാണ് ഇവയുടെ പ്രജനനകാലം ആരംഭിക്കുന്നത്. ഇത് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങള്‍ നീണ്ടുനില്‍ക്കും. മത്സ്യങ്ങളാണ് പ്രധാന ആഹാരം. മറ്റു ജലജീവികളെയും ഭക്ഷണമാക്കാറുണ്ട്. കടലില്‍ രാസവിഷങ്ങളുടെ വ്യാപനം ഇന്ത്യന്‍ സ്കിമ്മറുകളെ വംശനാശത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കയാണ്.
മരത്തുള്ളന്‍
സ്ളേറ്റ് നിറത്തിലുള്ള മുകള്‍ഭാഗവും തവിട്ട് നിറത്തിലുള്ള അടിഭാഗവും മരത്തുള്ളന്‍ പക്ഷിയുടെ പ്രത്യേകതയാണ്. വൃക്ഷങ്ങളില്‍ ഓടിനടക്കുന്ന ഈ പക്ഷി മരത്തിന്‍െറ വിള്ളലുകളില്‍ ഒളിച്ചുകഴിയുന്ന ഇരകളെ പുറത്തുചാടിച്ച് ഭക്ഷണമാക്കും. കൂടാതെ കട്ടിയേറിയ പുറന്തോടുകളോടു കൂടിയ ഫലങ്ങള്‍ പൊട്ടിച്ച് അകത്തെ ഭക്ഷ്യയോഗ്യമായ ഭാഗം പുറത്തെടുത്ത് കഴിക്കാനും മരത്തുള്ളന്‍ പക്ഷികള്‍ക്ക് കൗശലം കൂടും. മരപ്പൊത്തുകളിലാണ് മരത്തുള്ളന്‍ പക്ഷികള്‍ കൂടൊരുക്കുന്നത്. മുട്ടയിട്ട് അടയിരിക്കാറാവുമ്പോള്‍ കൂട്ടിലേക്കുള്ള പ്രവേശ കവാടം ചളികൊണ്ടോ മറ്റോ അടച്ച് ചെറുതാക്കാറുണ്ട് ഈ പക്ഷി. പക്ഷി മുട്ടയില്‍ ചുവന്ന പുള്ളി കത്തുകള്‍ കാണാം. തനിച്ചും ഇണയോടൊപ്പവും സഞ്ചരിക്കും. ‘സിറ്റിഡേ’ കുടുംബക്കാരനാണ് ഈ പക്ഷി.
തവളവായ പക്ഷി
ആസ്ട്രേലിയയിലും ദക്ഷിണ ഏഷ്യയിലും നമ്മുടെ ഭാരതത്തിലും ശ്രീലങ്കയിലുമൊക്കെ കണ്ടുവരുന്ന നിശാപക്ഷിയാണ് തവളവായ പക്ഷി. Batrachostomns species എന്ന് ശാസ്ത്രനാമം. വീതിയേറിയ വായയും ചുണ്ടും നീളന്‍ നാവുമൊക്കെയുള്ള ഈ പക്ഷിക്ക് ഒറ്റനോട്ടത്തില്‍ മൂങ്ങയോടാണ് സാദൃശ്യം. തൂവലുകള്‍ക്ക് നരകലര്‍ന്ന തവിട്ട് നിറമുണ്ട്. ഈ നിറം കാരണം മരക്കൊമ്പിലിരിക്കുന്ന തവളവായ പക്ഷിയെയും മരക്കൊമ്പിനെയും പെട്ടെന്ന് തിരിച്ചറിയാനാവില്ല.പറക്കുന്ന കാര്യത്തില്‍ ഇവ കേമന്മാരല്ല. എന്നാല്‍, വേഗംകൂടിയ പക്ഷികളിലൊന്നാണ്. പാട്ടുപാടുന്ന പക്ഷിയെന്ന ഖ്യാതിയും തവളവായ പക്ഷിക്കുണ്ട്. ഇതിന്‍െറ ശബ്ദം ഒരുതരം അലര്‍ച്ചപോലെയാണ്. കൂട് നിര്‍മിക്കാറില്ല. മരക്കൊമ്പുകളില്‍ കാണുന്ന വിള്ളലുകളിലും മറ്റുമാണ് മുട്ടയിട്ട് അടയിരിക്കുക. പകല്‍ ആണ്‍പക്ഷിയും രാത്രി പെണ്‍പക്ഷിയുമാണ് അടയിരിക്കുക. വലുപ്പം അരമീറ്ററോളമാണ്.
സ്കുവ
സ്്കുവയുടെ ശാസ്ത്രനാമം catharactaus species എന്നത്രെ. അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ ധാരാളമായി കാണാം. സ്കുവകളില്‍ ആര്‍ട്ടിക് സ്കുവ, ഗ്രേറ്റ് സ്കുവ, പോമറിന്‍ സ്കുവ തുടങ്ങി ഏറെ ഇനങ്ങളുണ്ട്.അരമീറ്ററിലേറെ വലുപ്പമുള്ള പക്ഷിയാണ് സ്കുവ. ഒറ്റനോട്ടത്തില്‍ വലിയ കടല്‍കാക്കളാണെന്ന് തോന്നാം. വളഞ്ഞ അഗ്രഭാഗത്തോടുകൂടിയ കൊക്ക് ഈ പക്ഷികളുടെ പ്രത്യേകതയാണ്്. കൂടാതെ പാദങ്ങ്ളില്‍ കൂര്‍ത്ത നഖങ്ങളും. ഇവയെല്ലാം ഇരപിടിത്തത്തിന് അനുയോജ്യമാണ്. അല്‍പം ഇരുണ്ട ശരീരത്തിലെ ചിറകുകളില്‍ പുള്ളികള്‍ കാണാം.മത്സ്യം, മറ്റ് ജലജീവികള്‍, ചെറുപക്ഷികള്‍, ഷഡ്പദങ്ങള്‍, ചീഞ്ഞ ശവശരീരങ്ങള്‍ തുടങ്ങിയവയൊക്കെ സ്കുവകള്‍ ആഹാരമാക്കും. പ്രജനന കാലം ഏപ്രിലില്‍ ആരംഭിക്കും. മറ്റ് പക്ഷികളുടെ ഇരകളെ തട്ടിയെടുത്ത് ഭക്ഷിക്കുന്നതും സ്കുവകളുടെ പ്രത്യേകതയാണ്. വായുവില്‍ ഒരഭ്യാസിയെപ്പോലെ കറങ്ങിയാണ് മറ്റ് പക്ഷികളെ ആക്രമിക്കുക.
ഓക്ക്
ഒറ്റനോട്ടത്തില്‍ പെന്‍ഗ്വിനുമായി വല്ലാത്ത സാദൃശ്യം തോന്നുന്ന കടല്‍പ്പക്ഷിയാണ് ഓക്ക്. Penguinus impennis എന്നാണ് ഓക്ക് പക്ഷിയുടെ ശാസ്ത്രനാമം. കാണപ്പെടുന്നത് ഗ്രീന്‍ലന്‍ഡ്, ബ്രിട്ടന്‍, ഐസ്ലന്‍ഡ്, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയവയോടടുത്ത ദ്വീപ് മേഖലകളില്‍. സാധാരണയായി ഓക്ക് പക്ഷി മുക്കാല്‍മീറ്ററോളം വലുപ്പംവെക്കും.ശരീരത്തിന്‍െറ പുറംഭാഗത്ത് കറുപ്പ് നിറവും അടിഭാഗം വെളുപ്പ് നിറത്തിലുമാണ്. എന്നാല്‍, അവിടവിടെയായി തവിട്ട് നിറവും കാണാം. വെള്ളത്തില്‍ മുങ്ങി ഇരപിടിക്കുന്ന സ്വഭാവക്കാരാണ് ഓക്കുകള്‍. മത്സ്യങ്ങള്‍, മറ്റു ജലജീവികള്‍ തുടങ്ങിയവയെ ആഹരിക്കും. വര്‍ഷത്തില്‍ ഒരു മുട്ട മാത്രമാണ് ഓക്ക് പക്ഷികളിടുക. പെന്‍ഗ്വിനുകളെപ്പോലെ സംഘംചേര്‍ന്ന് ജീവിക്കുകയും പ്രജനനകാലങ്ങളില്‍ ശബ്ദംവെക്കുകയും ചെയ്യും. ഇതില്‍ ഭീമന്‍ ഓക്കുകള്‍ കൂടിയുണ്ട്. ഇവയെ വേട്ടയാടി ഇന്ന് വംശനാശത്തിന്‍െറ വക്കിലെത്തിച്ചിരിക്കുകയാണ് മനുഷ്യര്‍.
ചെങ്കണ്ണി (Red Wattled Lapwing)
മണല്‍ക്കോഴികളുമായി ബന്ധമുള്ള വംശമാണിവയുടേത്. ഇന്ത്യയില്‍ മിക്കവാറും പ്രദേശങ്ങളില്‍ ഇവയെ കാണാം.  തവിട്ട് നിറത്തിലാണ് ശരീരത്തിന്‍െറ മേല്‍ഭാഗവും ചിറകുകളും. ശരീരത്തിന്‍െറ അടിഭാഗത്തെ നിറം വെളുപ്പാണ്. ശിരസ്സും കഴുത്തും കറുപ്പ് നിറത്തില്‍. ഇവയുടെ നേത്രഭാഗത്തുനിന്നും ചിറകുകളുടെ വശങ്ങളിലേക്ക്  വെള്ളനിറം പടരുന്നത് കാണാം.താമസവും ഇരതേടലും പാറയിടുക്കുകളിലും പുല്‍പ്രദേശങ്ങളിലുമൊക്കെയാണ്. പുഴുക്കള്‍, വണ്ടുകള്‍, ഉറുമ്പുകള്‍ തുടങ്ങിയവയെ ആഹരിക്കും. രാവും പകലും ഒരുപോലെ ഇരതേടും. പ്രജനനകാലം മാര്‍ച്ചില്‍ ആരംഭിച്ച് സെപ്റ്റംബറോടെ അവസാനിക്കുന്നു. മണ്ണില്‍ കുഴികള്‍ നിര്‍മിച്ച് അതില്‍ മൂന്നുനാല് മുട്ടകളിടും. ഒരു മാസമാണ് അടയിരുപ്പ് കാലം. നമ്മുടെ നാട്ടില്‍ ഈ പക്ഷിയെ ‘ചെങ്കണ്ണി തിത്തിരി’യെന്നും വിളിക്കാറുണ്ട്.
സിലോണ്‍ കുട്ടുറുവന്‍ (Brown Headed Barbet)
കാട്ടില്‍ വസിക്കുന്ന പക്ഷിയാണ് സിലോണ്‍ കുട്ടുറുവന്‍. ചിന്ന കുട്ടുറുവനെ അപേക്ഷിച്ച് അല്‍പം വലുപ്പം കൂടുതല്‍ സിലോണ്‍ കുട്ടുറുവനാണ്. ചുവന്ന കൊക്കും കണ്ണിനു സമീപം ഓറഞ്ച് നിറവുംഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. മരപ്പൊത്തുകളാണ് വാസസ്ഥാനങ്ങള്‍. മുഴക്കമുള്ള  ശബ്ദം പുറപ്പെടുവിക്കും. ഇതേ വര്‍ഗത്തില്‍പെടുന്ന ഒട്ടേറെ ഇനം പക്ഷികളെ നമ്മുടെ നാട്ടില്‍ കാണാം. അതിലൊന്ന് ആല്‍ക്കിളി (Crimson throated barbet) ഈ വര്‍ഗക്കാരന്‍ തന്നെ.

Subscribe to കിളിചെപ്പ് by Email
Share:

അറിയാം ആദിവാസി ചരിത്രം- 2 (Know About Tribal Part - 2),


കണ്ണൂര്‍ (Kannur)ജില്ലയിലെ തളിപ്പറമ്പിലെ തടിക്കടവ്, പടിയൂര്‍, വയക്കര എന്നിവിടങ്ങളിലാണ്
മലവേട്ടുവര്‍ (Malavettuvar)

ധാരാളം തുളുപദങ്ങള്‍ ഉള്‍പ്പെട്ട, ഏറ്റവും പ്രാകൃതമായ മലയാളമാണ് ഇവരുടെ ഭാഷ.
വേട്ടക്കാരന്‍, വേടന്‍ എന്നീ പദങ്ങളിലേതെങ്കിലും ‘വേട്ടുവന്‍’ എന്നായി മാറിയതായി കരുതപ്പെടുന്നു. അവിവാഹിതകളായ സ്ത്രീകള്‍ ആഭരണങ്ങള്‍ അണിഞ്ഞുകൂടാ എന്നൊരു നിയമം മലവേട്ടുവരുടെയിടയിലുണ്ട്.തമിഴ്നാട്ടില്‍നിന്ന് കേരളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍  കൊങ്ങ രാജാവിനോടൊപ്പം ഇവിടെ വന്ന വേടന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് ഇവരെന്നാണ് പറയപ്പെടുന്നത്.മലവേട്ടുവര്‍ക്ക് മൂപ്പന്മാരുണ്ട്. ആ സ്ഥാനം പരമ്പരാഗതമല്ല.മലവേട്ടുവരുടെ വിവാഹത്തിനും വധുവിനാണ് പണം കൊടുക്കേണ്ടത്. ആ പണം വിവാഹത്തിനുമുമ്പ് കൊടുത്തിരിക്കണം. വിവാഹത്തിന്‍െറ പ്രധാനചടങ്ങ് പുടവ കൊടുക്കലാണ്. താലികെട്ടുമുണ്ട്. ഇവര്‍ക്കിടയില്‍ വിവാഹമോചനം നടക്കുകയാണെങ്കില്‍ വാങ്ങിയ പണവും താലിയും തിരിച്ചുകൊടുക്കണം. ഒരു സ്ത്രീ പ്രസവിക്കാതിരിക്കുന്നത് വിവാഹമോചനത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്. പുനര്‍വിവാഹം അനുവദനീയം.സ്വര്‍ണം അല്ലെങ്കില്‍ വെള്ളി ഒരു കല്ലില്‍ ഉരസി, കുങ്കുമപ്പൂചേര്‍ത്ത വെള്ളത്തില്‍ കലക്കി മൃതദേഹത്തിന്‍െറ വായില്‍ ഒഴിച്ചുകൊടുക്കും.ഇതു ചെയ്യേണ്ടത് മരിച്ച വ്യക്തിയുടെ മകനോ അനന്തരവനോ ആണ്. മൃതദേഹത്തിന്‍െറ കാല്‍ കഴുകിയ വെള്ളം കുടുംബാംഗങ്ങളും ബന്ധുക്കളും കുടിക്കണം.

കണ്ണൂര്‍ ജില്ലയിലെ ചുരുക്കംചില പ്രദേശങ്ങളില്‍ കണ്ടുവരുന്ന ആദിവാസി സമുദായമാണ്
ചിങ്ങത്താന്മാര്‍ (Chingatthan)

പെരിങ്ങോം, കുറ്റൂര്‍, കാഞ്ഞിരപൊയ്ലി, പെരുവമ്പ, കോയിപ്പാറ, രാമന്തളി എന്നിവിടങ്ങളിലാണ് അവരുള്ളത്. ചിങ്ങത്തില്‍ നടത്തുന്ന തെയ്യാട്ടത്തിലെ തെയ്യാട്ടക്കാരായതുകൊണ്ടാണ് ഇവരെ ചിങ്ങത്താന്മാരെന്നു വിളിക്കുന്നത്. കോലംകെട്ടിയാടലാണ് ഇവരുടെ പ്രധാന തൊഴില്‍.
ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ക്ഷേത്രങ്ങളായ മാടായിക്കാവിലെയും ചീമേനിക്കാവിലെയും ഉത്സവങ്ങള്‍ക്ക് കോലംകെട്ടി ആടുന്നത് ചിങ്ങത്താന്മാരാണ്. ചിറക്കല്‍ രാജാവായിരുന്ന കോലത്തിരിയുടെ ആളുകളാണവരെന്നും ‘ചിങ്ങത്താന്‍’ എന്ന് അവരെ പേരുവിളിച്ചത് കോലത്തിരി രാജാവായിരുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു. മലയാളമാണ് ഇവരുടെ ഭാഷ.ചിങ്ങത്താന്മാര്‍ക്ക് മൂപ്പന്മാരോ തലവന്മാരോ ഇല്ല. ഓരോ കുടുംബത്തിനും തലവനായി ഒരു കാരണവരുണ്ടാകുമെന്നു മാത്രം. കുടുംബത്തില്‍ നടക്കുന്ന മരണത്തിനു ശേഷം 12 ദിവസത്തോളം പുല ആചരിക്കും. പുല അവസാനിക്കുമ്പോള്‍ സദ്യ നടത്തും.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലും തെക്കേ വയനാട്, കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളിലും കണ്ടുവരുന്നു കരിമ്പാലന്മാര്‍ (Karimbalan)
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലും തെക്കേ വയനാട്, കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളിലും കാരിമ്പാലന്മാരെ കണ്ടുവരുന്നു.
തടികള്‍വെട്ടി കരിച്ച്, കരിയുണ്ടാക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരായതുകൊണ്ടാണ് ഇവര്‍ക്ക് കരിമ്പാലന്മാര്‍ എന്ന് പേരുണ്ടായത്. ശുദ്ധമല്ലാത്ത ഒരുതരം പ്രാകൃത മലയാളമാണ് ഇവരുടെ ഭാഷ. ഭാഷയില്‍ തുളുപദങ്ങള്‍ കലര്‍ന്നിട്ടുണ്ട്. തങ്ങളുടെ ചരിത്രത്തെക്കുറിച്ച് കരിമ്പാലന്മാര്‍ക്ക് ഐതിഹ്യങ്ങളൊന്നുമറിയില്ല.വധു സ്വന്തം ഗൃഹത്തില്‍ പോകുമ്പോഴെല്ലാം ഭര്‍ത്താവ് എന്തെങ്കിലും കൊടുത്തയക്കണമെന്ന് നിര്‍ബന്ധമാണ്. പെണ്ണിന്‍െറ ഭാഗത്തുനിന്നാണ് വിവാഹബന്ധം വേര്‍പെടുത്തുന്നതെങ്കില്‍ വിവാഹത്തിന് വധുവിന് കൊടുത്ത പണം വരനെ തിരിച്ചേല്‍പിക്കണം. വിവാഹമോചനവും പുനര്‍വിവാഹം അനുവദിക്കും.
മരിച്ചാല്‍, പ്രായമായവരെ ദഹിപ്പിക്കുകയും കുട്ടികളെ മറവുചെയ്യുകയും ചെയ്യുന്നു.

കണ്ണൂര്‍ ജില്ലയിലെ ആറളത്ത് കണ്ടുവരുന്ന ആദിവാസിവര്‍ഗമാണ് മലയാളര്‍ (Malayalar)
കണ്ണൂര്‍ ജില്ലയിലെ ആറളത്ത് കണ്ടുവരുന്ന ആദിവാസിവര്‍ഗമാണ് മലയാളര്‍. ‘മലയിലെ ആള്‍ക്കാര്‍’ എന്ന അര്‍ഥത്തിലാണ് ഇവര്‍ക്ക് മലയാളര്‍ എന്ന പേരുണ്ടായത്. കോട്ടയം രാജാവാണ് ആറളത്തെ വീര്‍പ്പാടുകാടുകളില്‍ കുടിയിരുത്തിയതെന്ന് അവര്‍ അവകാശപ്പെടുന്നു.
മലയാളര്‍ ഹിന്ദുമത വിശ്വാസികളാണ്. ഇവരുടെ പ്രധാനദൈവം മുത്തപ്പനാണ്. മലയാളരുടെ തലവനെ ‘ഊരാളനെ’ന്നു വിളിക്കുന്നു. സാമുദായികമായി ഒട്ടേറെ അധികാരങ്ങളും അവകാശങ്ങളും അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. വിവാഹത്തില്‍ പുടവ കൊടുക്കലാണ് പ്രധാന ചടങ്ങ്. താലി കെട്ടില്ല. സ്ത്രീധന സമ്പ്രദായവുമില്ല.
കടപ്പാട്  :- ലേഖനം : വെളിച്ചം 
അടുത്ത പോസ്റ്റില്‍ തുടരും ....

Subscribe to കിളിചെപ്പ് by Email
Share:

ആദ്യ സ്വകാര്യ ബഹിരാകാശപേടകം

ഡ്രാഗണ്‍ (Dragon Spacecraft)എന്ന ബഹിരാകാശപേടകം വിക്ഷേപിക്കപ്പെട്ടത് ചരിത്രത്തിലേക്കാണ്. ആഗോള ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ(First Private Spacecraft) ഉടമസ്ഥതയിലുള്ള ഒരു ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിക്കുകയായിരുന്നു 2012 മെയ് 19ന്. ഫ്ളോറിഡയിലെ(Florida) കേപ്കനാവറെല്‍ എയര്‍ഫോഴ്സ് (Canaveral Air-force Station)സ്റ്റേഷനില്‍നിന്ന് പറന്നുയര്‍ന്ന ഡ്രാഗണ്‍ അമേരിക്കയിലെ സ്പേസ്.എക്സ് (Space X Company)കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. വിക്ഷേപിച്ച് ആറുദിവസത്തിനുശേഷം, ഭ്രമണപഥത്തില്‍ മണിക്കൂറില്‍ 27,700 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയവുമായി(International Space Station) കൃത്യമായി ഡോക്കിങ് നടത്തുകയും ചെയ്തു.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും കൊണ്ടുപോകുന്നതിനാണ് ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റ് ആദ്യമായി ഉപയോഗിക്കുന്നത്. തുടര്‍ന്ന് 2015-ഓടെ ബഹിരാകാശസഞ്ചാരികളെ നിലയത്തിലെത്തിക്കുന്നതിനും തിരിച്ച് ഭൂമിയിലെത്തിക്കുന്നതിനും സാധിക്കും. ഏഴ് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം സഞ്ചരിക്കാന്‍ പര്യാപ്തമാണ് ഡ്രാഗണ്‍. ആദ്യയാത്രയില്‍തന്നെ 521 കിലോഗ്രാം സാമഗ്രികള്‍ വഹിച്ചുകൊണ്ടുപോകുന്ന സ്പേസ്ക്രാഫ്റ്റ് മടക്കയാത്രയില്‍ ബഹിരാകാശനിലയത്തില്‍നിന്നുള്ള അവശിഷ്ടങ്ങളടക്കം 660 കിലോഗ്രാം സാമഗ്രികളുമായാണ് തിരിച്ചെത്തുന്നത്. ഇപ്പോള്‍ വിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഡ്രാഗണ്‍ക്രാഫ്റ്റ് ഒരാഴ്ചയ്ക്കുശേഷം പസഫിക്സമുദ്രത്തിലേക്ക് (Pacific Sea)തിരിച്ചിറക്കുന്നതിനാണ് നാസ National Aeronautics and Space Administration (NASA) പദ്ധതിയിട്ടിരിക്കുന്നത്. അതിനുമൊരു സവിശേഷതയുണ്ട്. നിലവിലുള്ള കാര്‍ഗോഷിപ്പുകള്‍ ഉപയോഗത്തിനുശേഷം റീ-എന്‍ട്രി സമയത്ത് കത്തിച്ചുകളയുകയാണ് പതിവ്. എന്നാല്‍ ആദ്യമായി സുരക്ഷിതമായി തിരിച്ചിറങ്ങുന്ന കാര്‍ഗോഷിപ്പെന്ന ബഹുമതിയും ഡ്രാഗണ്‍ക്രാഫ്റ്റിനാകും. 19 അടി നീളവും 12 അടി പാദവ്യാസവുമുള്ള ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റിന് ഒരു വലിയ മണിയുടെ ആകൃതിയാണ്. മറ്റു കാര്‍ഗോഷിപ്പുകളില്‍നിന്നു വ്യത്യസ്തമായി പുനരുപയോഗക്ഷമമാണെന്നത് ഡ്രാഗണിന്റെ മാത്രം സവിശേഷതയാണ്. 450 കിലോഗ്രാമിലേറെ ഭഭാരവാഹകശേഷിയുള്ള ഡ്രാഗണ്‍ പ്രധാനമായും അസ്ട്രോനോട്ടുകളുടെ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളുമാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ബഹിരാകാശ പര്യവേക്ഷണം ഇനി കുറേക്കൂടി സുഗമവും ചെലവുകുറഞ്ഞതുമായിരിക്കുമെന്നാണ് സ്പേസ്.എക്സ് കമ്പനിയുടെ വാഗ്ദാനം. ബഹിരാകാശ വിനോദസഞ്ചാരികള്‍ക്ക് ടാക്സിയായും കാര്‍ഗോഷിപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. 2015ല്‍തന്നെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായം. നാസയുടെ കൊമേഴ്സ്യല്‍ ഓര്‍ബിറ്റല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസ് (ഇീേെ) പദ്ധതിപ്രകാരം ബഹിരാകാശ പര്യവേക്ഷണത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടുവരുന്ന പദ്ധതിയാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെട്ടത്. ശതകോടീശ്വരനായ എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്.എക്സ് ആണ് ഈ സ്പേസ് ക്രാഫ്റ്റിന്റെ നിര്‍മാതാക്കള്‍. അതിശക്തമായ ഫാല്‍ക്കണ്‍ - 9 റോക്കറ്റ് ഉപയോഗിച്ചാണ് സ്പേസ് ക്രാഫ്റ്റ് വിക്ഷേപിച്ചിരിക്കുന്നത്. ഫാല്‍ക്കണിന്റെ മൂന്നാമത്തെ വിക്ഷേപണമാണിത്. ഇതിനുമുമ്പ് 2010 ജൂണിലും 2010 ഡിസംബറിലും പരീക്ഷണ വിക്ഷേപണം നടത്തി മികവു തെളിയിച്ച ഫാല്‍ക്കണ്‍ ആദ്യമായാണ് സ്പോസ്ക്രാഫ്റ്റും വഹിച്ചുകൊണ്ട് വിക്ഷേപിക്കപ്പെടുന്നത്. സ്പേസ്.എക്സിനെ കൂടാതെ നാസയുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള വേറെയും കമ്പനികള്‍ സ്പേസ് ക്രാഫ്റ്റുകളുടെ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നുണ്ട്.

ഓര്‍ബിറ്റല്‍ സയന്‍സ് കോര്‍പറേഷന്‍ (Orbital Science Corporation)എന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണ് അടുത്ത ഊഴം. ഈ വര്‍ഷം അവസാനത്തോടെ (2012 ഒക്ടോബറിലാണ് പ്രതീക്ഷിക്കപ്പെടുന്നത്) സിഗ്നസ്; എന്നു പേരിട്ടിരിക്കുന്ന അവരുടെ സ്പേസ്ക്രാഫ്റ്റ് വിക്ഷേപിക്കപ്പെടും. അന്റാറസ് റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. തുടര്‍ന്ന് 2013 ജനുവരിയില്‍തന്നെ ഓര്‍ബിറ്റര്‍ കോര്‍പറേഷന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാവശ്യമായ സാമഗ്രികള്‍ വഹിച്ചുകൊണ്ടുള്ള എട്ടു ദൗത്യങ്ങള്‍ നടത്താന്‍ ആരംഭിക്കും. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യന്ത്രസാമഗ്രികളും ബഹിരാകാശസഞ്ചാരികളുടെ വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം എത്തിക്കുന്നത് നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ എടിവിയും റഷ്യയുടെ പ്രോഗ്രസ് സപ്ലൈ ഷിപ്പും ഉപയോഗിച്ചാണ്. ആ നിരയിലേക്കാണ് ഇപ്പോള്‍ സ്വകാര്യ സംരംഭമായ സ്പേസ്.എക്സ് കടന്നുവന്നിരിക്കുന്നത്. അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് നാസയുടെ ബഹിരാകാശ പദ്ധതികള്‍ പലതും മുടങ്ങുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് നാസ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വീണ്ടും പര്യവേക്ഷണത്തിനു തുടക്കമിട്ടത്. സ്പേസ്.എക്സ് കമ്പനി 100കോടി ഡോളറാണ് പദ്ധതിക്ക് മുതല്‍മുടക്കുന്നത്.
കടപ്പാട് : ദേശാഭിമാനി 
Subscribe to കിളിചെപ്പ് by Email
Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.